നികുതികളും റിക്കവറികളും ബേങ്ക് വഴി അടക്കാവുന്ന പദ്ധതി ആരംഭിക്കും: മന്ത്രി

Posted on: March 15, 2013 8:13 am | Last updated: March 15, 2013 at 8:13 am
SHARE

കല്‍പ്പറ്റ: വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും അടക്കേണ്ട നികുതികളും റിക്കവറികളും മറ്റും ബേങ്കുകള്‍ മുഖേന അടക്കുന്നതിനുള്ള പൈലറ്റ് പദ്ധതി സംസ്ഥാനത്ത് ഒന്നോ രണ്ടോ ജില്ലകളില്‍ വൈകാതെ നടപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനുള്ള ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് പ്രോഗ്രാമിന് കീഴില്‍ റവന്യൂ വകുപ്പ് , എന്‍.ഐ.സി, അക്ഷയ, ഐ.ടി. മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ നികുതിയടക്കാനും മറ്റുമായി വില്ലേജ് ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസറില്ലെങ്കില്‍ നികുതിയടയ്ക്കാതെ മടങ്ങേണ്ടിവരുന്ന സാഹചര്യമാണുള്ളത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പോരായ്മകള്‍ പരിഹരിക്കുന്നതിനാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി റവന്യൂ വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമവും സുതാര്യവുമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലെയും ഓരോ വില്ലേജ് ഓഫീസുകള്‍ മാതൃകാവില്ലേജ് ഓഫീസുകളാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ 14 വില്ലേജ് ഓഫീസുകളില്‍ നടപ്പാക്കുന്ന ഈ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി പിന്നീട് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ഓഫീസ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സേവനവും മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ ജോലിഭാരം ഗണ്യമായി കുറയ്ക്കാനും ഇത്തരം ആധുനികീകരണ പ്രവര്‍ത്തനം കൊണ്ട് റവന്യൂ വകുപ്പിന് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയില്‍ നിലവില്‍ 5500 ഭൂരഹിതര്‍ ഉണ്ടെന്നാണ് ആദ്യഘട്ട അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി റവന്യൂ വകുപ്പധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാവപ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഹാരിസണ്‍ മലയാളം ലിമിറ്റഡ് പോലുള്ള വന്‍കിടക്കാരുടെ അനധികൃത ഭൂമി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി റവന്യൂ സെക്രട്ടറി, വനം സെക്രട്ടറി, ലോ സെക്രട്ടറി, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തുടങ്ങിയവരടങ്ങിയ പ്രത്യേക സമിതി രൂപവത്ക്കരിച്ചതായും മന്ത്രി അറിയിച്ചു.
ഉദ്ഘാടനം ചെയ്യപ്പെട്ട ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ ജില്ലയിലെ 49 ല്‍ 46 വില്ലേജുകളിലെയും മൂന്ന് താലൂക്ക് ഓഫീസുകളിലെയും സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കും. ജില്ലയിലെ അക്ഷയകേന്ദ്രങ്ങളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താനും അക്ഷയ കേന്ദ്രങ്ങളിലൂടെ വില്ലേജ് ഓഫീസുകളില്‍ നല്‍കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം വഴി പരിശോധിച്ച് അപേക്ഷകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതുമാണ് പദ്ധതി. വൈദ്യുതി കണക്ഷന്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇല്ലാത്തത് കാരണമാണ് ജില്ലയിലെ 49 വില്ലേജുകളില്‍ മൂന്ന് എണ്ണത്തില്‍ ഓണ്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ വൈകുന്നതെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് പറഞ്ഞു. വൈകാതെ തന്നെ ഈ വില്ലേജ് ഓഫീസുകളിലും സംവിധാനങ്ങളൊരുക്കി പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ജില്ലയിലെ നാല് പേര്‍ക്ക് അനുവദിച്ച ധനസഹായം ചടങ്ങില്‍ റവന്യൂ മന്ത്രി വിതരണം ചെയ്തു. ബത്തേരി താലൂക്കിലെ മേരി, മാനന്തവാടി താലൂക്കിലെ അലീമ അലി, ഷഹാന നാസര്‍, ജോസ്‌നോലില്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് വിതരണം ചെയ്തത്.അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വിവിധ നികുതികള്‍ സ്വീകരിക്കുന്ന ഫ്രീഡ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി നിര്‍വ്വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫീസുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സ്വീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ അദ്ധ്യക്ഷന്‍ എ പി ഹമീദും മികച്ച അക്ഷയ സംരംഭത്തിന് നല്‍കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വിതരണ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീം മേമനയും നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ചാക്കോ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.