മുക്കം-കൊടിയത്തൂര്‍-ചെറുവാടി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും

Posted on: March 14, 2013 9:14 am | Last updated: March 14, 2013 at 9:14 am
SHARE

മുക്കം: വര്‍ഷങ്ങളോളമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മുക്കം – കൊടിയത്തൂര്‍ – ചെറുവാടി- കവിലട എന്‍ എം ഹുസൈന്‍ ഹാജി റോഡ് നവീകരണം ഉടന്‍ ആരംഭിക്കും. വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്തിന്റെ അധീനതയിലായിരുന്ന റോഡ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പി ഡബ്ല്യു ഡി ഏറ്റെടുത്തത്. പുനരുദ്ധാരണ പ്രവൃത്തിക്കായി 17 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഓഫീസിലെ കമ്പ്യൂട്ടര്‍ തകരാര്‍ മൂലം ടെന്‍ഡര്‍ നടപടികള്‍ ഒരു മാസത്തോളം നീണ്ടുപോയി.
ഈ മാസം നാലിനാണ് ടെന്‍ഡര്‍ കഴിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കകം അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് കരാറുകാരന്‍ പറഞ്ഞു. അതേസമയം പൊതുമരാമത്ത് വകുപ്പ് നോണ്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ കൂടി അനുവദിച്ചതായി സി മോയിന്‍കുട്ടി എം എല്‍ എ അറിയിച്ചു. നേരത്തെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന അറ്റകുറ്റപ്പണികള്‍ മഴ പെയ്യാനാരംഭിക്കുമ്പോഴോ, മഴയാരംഭിച്ചിട്ടോ ആണ് നടത്തിയിരുന്നത്. ചോണാട് മുതല്‍ എടാരം വരെയുള്ള ഭാഗങ്ങളില്‍ റോഡ് നന്നായിട്ട് അഞ്ച് വര്‍ഷത്തിലേറെയായിട്ടുണ്ട്. കാരശ്ശേരി കരുവോട്ട് ക്ഷേത്രത്തിനുമുന്നിലും ഇതേ അവസ്ഥയാണ്. ഡ്രെയിനേജ് സംവിധാനമുണ്ടാക്കിയാലേ റോഡിന്റെ ഇന്നത്തെ അവസ്ഥക്ക് ശാശ്വത പരിഹാരമാകൂ എന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്.