ബലാത്സംഗ കേസ് പ്രതി കോപ്റ്ററില്‍ രക്ഷപ്പെട്ടു; പോലീസ് പിന്തുടര്‍ന്ന് പിടികൂടി

Posted on: March 12, 2013 2:04 pm | Last updated: March 12, 2013 at 2:04 pm
SHARE

Parvez Muhammadജമ്മു: ജമ്മുവില്‍ ആശുപത്രിയില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെട്ട ബലാത്സംഗ കേസിലെ പ്രതിയെ പോലീസ് പിടികൂടി. രജൗരി ജില്ലയിലെ വനത്തില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ മുഹമ്മദ് പര്‍വേസ് എന്നയാളാണ് പോലീസുകാരെ കബളിപ്പിച്ച് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. ചികിത്സാര്‍ഥം രജൗരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പര്‍വേസ്, ഈ സമയത്ത് ബസപകടത്തില്‍ പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ വിദഗ്ധ ചികിത്സക്കായി ജമ്മുവിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കൂട്ടത്തില്‍ കൂടുകയായിരുന്നു. 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത വലിയ അപകടമാണ് ഉണ്ടായത്.
മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയടക്കമുള്ള വി വി ഐ പി നേതാക്കള്‍ ഉപയോഗിക്കുന്ന കോപ്റ്ററിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായമായ അയ്യായിരം രൂപയും ഇയാള്‍ കൈപ്പറ്റി. എന്നാല്‍, ജമ്മുവിലെത്തിയ ശേഷം മെഡിക്കല്‍ കോളജില്‍ നിന്ന് ഇയാള്‍ നേരെ രജൗരിയിലേക്ക് തന്നെ മടങ്ങി. ഇയാള്‍ രക്ഷപ്പെട്ടത് മനസ്സിലായതിനെ തുടര്‍ന്ന് പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ രാത്രിയോടെ തണ്ടപാണി മഞ്ചക്കോട്ടെ എന്ന സ്ഥലത്ത് വെച്ച് പിടികൂടി.