Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷ ഇന്ന് ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം:  ഈ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഇന്ന് തുടങ്ങും. 4,70,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9550 പേര്‍ കൂടുതലാണിത്. ഈ മാസം 23 വരെ തുടരുന്ന പരീക്ഷ, ദിവസവും ഉച്ചക്ക് രണ്ടിനാണ് തുടങ്ങുക. പരീക്ഷക്ക് മുമ്പ് വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറക്കുന്നതിന് കൂള്‍ ഓഫ് ടൈം നല്‍കും. കനത്ത സുരക്ഷയിലുള്ള പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ അധ്യാപകര്‍ക്കുള്‍പ്പെടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെയും ലക്ഷദ്വീപിലെയും ഒമ്പത് വീതം കേന്ദ്രങ്ങളുള്‍പ്പെടെ 2800 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. മലയാളമാണ് ആദ്യ പരീക്ഷ. ടി എച്ച് എസ് എല്‍ സി, ടി ടി സി, എന്‍ ടി ഇ സി തുടങ്ങിയ പരീക്ഷകളും ഇന്ന് തുടങ്ങും. എസ് എസ് എല്‍ സി പരീക്ഷക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 42 കേന്ദ്രങ്ങള്‍ ഇത്തവണ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 2758 കേന്ദ്രങ്ങളായിരുന്നു. ഗള്‍ഫില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു കേന്ദ്രം ഇത്തവണ കുറവാണ്. ഓരോ വര്‍ഷവും മറ്റ് സ്‌കീമുകളില്‍ നിന്ന് മാറി എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011ല്‍ 4,58,887 കുട്ടികള്‍ മാത്രമാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്.
ഇത്തവണ 5470 പേര്‍ പ്രൈവറ്റായി പരീക്ഷ എഴുതുന്നു. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലാണ്. 1559 കുട്ടികള്‍. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 77,496 പേര്‍. കുറവ് ഇടുക്കി ജില്ല-13,769. കുട്ടനാടാണ് ഏറ്റവും കുറവ് പരീക്ഷാര്‍ഥികളുള്ള വിദ്യാഭ്യാസ ജില്ല, 2530 പേര്‍. പരീക്ഷാ ചോദ്യപേപ്പറുകള്‍ 139 ദേശസാത്കൃത ബേങ്കുകളിലും 168 ട്രഷറികളിലും ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാ ദിവസം രാവിലെ അതത് സെന്ററില്‍ എത്തിക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയാണ് മൂല്യനിര്‍ണയം. 12,500 അധ്യാപകരെ മൂല്യനിര്‍ണയത്തിനായി നിയോഗിക്കും. ഏപ്രില്‍ അവസാന വാരം ഫലം പ്രഖ്യാപിക്കും.

Latest