മസ്‌കത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി

Posted on: March 10, 2013 4:13 pm | Last updated: March 12, 2013 at 7:57 pm
SHARE
മസ്‌കത്ത്:  കാണാതായ മലയാളി വിദ്യാര്‍ഥിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ വാദി കബീര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റിനു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്തനം തിട്ട റാന്നി പൂവംമല സ്വദേശിയും ആരോഗ്യ മന്ത്രാലയം ജീവനക്കാരനുമായ മേപ്പറത്ത് എബ്രഹാം സാമുവേലിന്റെയും സ്വകാര്യ ക്ലിനിക്കല്‍ നഴ്‌സായ ഗ്രേസിക്കുട്ടിയുടെയും മൂത്ത  മകന്‍ നോയല്‍ സമിനെയാണ് (14) കണ്ടെത്തിയത്. വാദി കബീര്‍ ലുലുവിനു പിറകിലെ മലയില്‍ ഒരു മലയില്‍ കെട്ടിയിട്ട നിലയിലാണ് അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഇതുവഴി സഞ്ചരിച്ച ലുലു ജീവനക്കാരാണ് കുട്ടിയുടെ കരച്ചില്‍ കേട്ട് വിദ്യാര്‍ഥിയെ കണ്ടതും പോലീസില്‍ വിവരമറിയിച്ചതും. പോലീസും രക്ഷിതാക്കളുമെത്തി വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു മാറ്റി.
കുടുംബ സമേതം ലുലുവില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു കുടുംബം. പരീക്ഷക്കാലമായിരുന്നതിനാല്‍ മകനെ വാഹനത്തിലിരുന്ന് പഠിക്കാന്‍ അനുവദിച്ച് മാതാപിതാക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു. തിരിച്ചു വന്നു നോക്കുമ്പോള്‍ നോയലിനെ കാറില്‍ കണ്ടില്ല. കാറിലും സമീപത്തും ബലപ്രയോഗം നടന്ന അടയാളങ്ങളും കുട്ടി ധരിച്ച ഷര്‍ട്ടിന്റെ ഭാഗങ്ങളും ചെരിപ്പും കണ്ടെത്തിയിരുന്നു. ഇതോടെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയം ബലപ്പെട്ടു. രാത്രി തന്നെ പോലീസെത്തി അന്വേഷണമാരംഭിച്ചു. രാത്രിയും പകലും അരിച്ചു പെറുക്കി തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒമാന്‍ മലയാളി സമൂഹത്തെയാകെ ആശങ്കയിലാക്കിയ സംഭവത്തില്‍ അര്‍ധരാത്രിക്കു ശേഷമാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.