Connect with us

Kerala

കണ്ണൂരില്‍ പിടിയിലായത് പരോളിലിറങ്ങി മുങ്ങിയ ബിറ്റി

Published

|

Last Updated

കണ്ണൂര്‍: ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാനില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ണൂരില്‍ പിടികൂടി. രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച അല്‍വാര്‍ പീഡനക്കേസിലെ പിടികിട്ടാപ്പുള്ളിയും ഒഡീഷയിലെ മുന്‍ ഡി ജി പി ബിന്ദ്യഭൂഷണ്‍ മൊഹന്തിയുടെ മകനുമായ ബിറ്റി ഹോത്ര മൊഹന്തി (29)യെയാണ് കണ്ണൂരില്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വ്യാജ പേരില്‍ കണ്ണൂര്‍ പഴയങ്ങാടിയിലെ ഒരു ബേങ്കില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് ബിറ്റി പോലീസ് വലയിലായത്.
2006 മാര്‍ച്ച് 21ന് രാജസ്ഥാനില്‍ വെച്ച് ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് ബിറ്റിക്കെതിരായ കേസ്. അതിവേഗ കോടതി 23 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ഏഴ് വര്‍ഷം തടവ് വിധിച്ചിരുന്നു. നവംബര്‍ നാലിന് പതിനഞ്ച് ദിവസത്തെ പരോളിലിറങ്ങിയ ബിറ്റി പിന്നീട് മുങ്ങുകയായിരുന്നു. പോലീസിന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2006 ഡിസംബറില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒഡീഷ, രാജസ്ഥാന്‍ പോലീസ് സംയുക്തമായി ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു. ഒളിവില്‍ പോകാന്‍ ബിറ്റിയെ സഹായിച്ചുവെന്നതിന്റെ പേരില്‍ പിതാവായ ബി ബി മൊഹന്തിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനു ശേഷം ജോലിയില്‍ പ്രവേശിച്ച മൊഹന്തി കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.
പരോളിലിറങ്ങി മുങ്ങിയ ബിറ്റി ഏറെക്കാലം പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. മൂന്നര വര്‍ഷം മുമ്പ് ഇയാള്‍ കേരളത്തില്‍ എത്തിയതായി പറയുന്നു. പയ്യന്നൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ബിറ്റിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. ബിറ്റി പിടിയിലായ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ പോലീസ് കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. അവര്‍ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.

---- facebook comment plugin here -----

Latest