ചാലിയാറിലെ വിഷമയം: കരുതല്‍ നടപടി തുടങ്ങി

Posted on: March 9, 2013 1:32 am | Last updated: March 9, 2013 at 1:32 am
SHARE

അരീക്കോട്: രാസ ജൈവമാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതു കാരണം ചാലിയാറിലെ വെള്ളം വിഷമയമായതായി പഠനങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു. ചാലിയാറിലെ പതിനഞ്ചോളം കുടിവെള്ള പദ്ധതിയിലെ ടാങ്കുകള്‍ കഴുകി ശുദ്ധീകരിച്ചതായും കൂടുതല്‍ ബ്ലീച്ചിംഗ് ഉപയോഗിച്ചു തുടങ്ങിയതായും മഞ്ചേരി വാട്ടര്‍ അതോറിട്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി സുന്ദരന്‍ പറഞ്ഞു.
കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി പുഴവെള്ളത്തിന്റെ സാമ്പിള്‍ സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ പമ്പിംഗ് പൂര്‍ണമായി നിര്‍ത്തി വെക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എടവണ്ണ, കാവനൂര്‍, അരീക്കോട്, കീഴുപരമ്പ്, ഊര്‍ങ്ങാട്ടീരി, വാഴക്കാട് എന്നീ പഞ്ചായത്തുകളിലെ കടവുകളില്‍ നിന്നാണ് പരിശോധനക്കായി ജലം ശേഖരിച്ചത്. ചാലിയാറില്‍ പതിനഞ്ചോളം മേജര്‍ കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ട്. ഇതില്‍ മഞ്ചേരി ഭാഗത്തേക്ക് വെള്ളമെത്തിക്കുന്ന സാളിഗ്രാമം കുടുവെള്ള പദ്ധതിയില്‍ മാത്രമാണ് വെള്ളം ഫില്‍ട്ടര്‍ ചെയ്യാന്‍ സംവിധാമനമുള്ളൂ.
ശുദ്ധീകരിച്ച ശേഷം മാത്രമേ ജലം വിതരണം ചെയ്യാവൂ എന്ന് സെന്‍ട്രല്‍ വാട്ടര്‍ അതോറിട്ടിയുടെ നിബന്ധന നിലവിലുണ്ടെങ്കിലും മിക്ക പദ്ധതികളിലും ഇത് പാലിക്കപ്പെടാറില്ലെന്നതാണ് വസ്തുത. ശാസ്ത്രീയമായ ജല ശുദ്ധീകരണ സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങല്‍ക്ക് ഇടയാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.