Connect with us

National

തീവ്രവാദം: പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താനാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദ ഗ്രൂപ്പുകള്‍ പാക്കിസ്ഥാനില്‍ ഇപ്പോഴും സജീവമായിരിക്കെ, ആ രാജ്യവുമായുള്ള ബന്ധം സാധാരണഗതിയിലാക്കാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍ ഇന്ത്യ ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായിട്ടുമുണ്ട്.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ഇടപഴകുന്നതിനുള്ള സാധ്യത വര്‍ധിച്ചു. വ്യാപാരബന്ധത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. പക്ഷേ പാക്കിസ്ഥാനുമായുള്ള ബന്ധം പൂര്‍ണമായി സാധാരണഗതിയിലാക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. കാരണം, പാക് മണ്ണില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഇപ്പോഴും സൈ്വര വിഹാരം തുടരുകയാണ്- നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയവേ മന്‍മോഹന്‍ സിംഗ് വിശദീകരിച്ചു. ഇത് പുതിയ നയമല്ലെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷമായി തുടരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാനാണ് പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫ് ഇന്നെത്തുന്നത്. അദ്ദേഹത്തിന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ആഭിമുഖ്യത്തില്‍ ജയ്പൂരില്‍ ഉച്ചവിരുന്ന് ഒരുക്കിയിട്ടുണ്ട്. വിരുന്നിനിടെ നയതന്ത്ര ചര്‍ച്ചകളൊന്നും നടക്കില്ലെന്നാണ് അറിയുന്നത്. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ലംഘനത്തിന്റെയും ഇന്ത്യന്‍ പട്ടാളക്കാരനെ വധിച്ച് തലയറുത്ത് മാറ്റിയതിന്റെയും പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.