Connect with us

Kozhikode

കാലിക്കറ്റില്‍ വിദ്യാര്‍ഥി സൗഹൃദ സംവിധാനം 11 മുതല്‍

Published

|

Last Updated

തേഞ്ഞിപ്പലം: പരീക്ഷാ ഭവനിലെ വ്യത്യസ്ത സെക്ഷനുകളിലും ഡിജിറ്റല്‍ വിംഗിലും കയറിയിറങ്ങാതെ വിദ്യാര്‍ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന വിദ്യാര്‍ഥി സൗഹൃദ സംവിധാനം കാലിക്കറ്റ് സര്‍വകലാശാലയില്‍ നിലവില്‍ വരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായ സംവിധാനം ഈ മാസം 11 മുതല്‍ നടപ്പാക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ.എം അബ്ദുസ്സലാം, പരീക്ഷാ കണ്‍ട്രോളര്‍ വി രാജഗോപാലന്‍ എന്നിവര്‍ അറിയിച്ചു .
ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍മാര്‍ സര്‍വകലാശാലയിലെ ടാഗോര്‍ നികേതനിലെ ഫ്രണ്ട് ഓഫീസില്‍ വെച്ച് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷകള്‍ നേരിട്ട് കൈപ്പറ്റും. സര്‍വകലാശാലക്ക് കീഴിലെ 374 കോളജുകളിലെയും വിവിധ പഠന വകുപ്പുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്/കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ് എന്നിവ ലഭിക്കുന്നതിനും മാര്‍ക്ക് ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റുകളിലെ പിശകുകള്‍ പരിഹരിക്കുന്നതിനും ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാനുമുള്ള അപേക്ഷകള്‍ ഇപ്രകാരം സമര്‍പ്പിക്കാം. വിദ്യാര്‍ഥികളുടെ പ്രശ്‌ന പരിഹാരത്തിനായി ടാഗോര്‍ നികേതനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ സേവനം പ്രത്യേകമായി ലഭ്യമാക്കും. ഉച്ചക്ക് ഒരു മണിവരെ ലഭിക്കുന്ന അപേക്ഷകളില്‍ സാധ്യമായവയിലെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ് അന്ന് വൈകുന്നേരം നല്‍കും. ഉച്ചക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളില്‍ തപാല്‍ ചാര്‍ജ് കൂടി ഈടാക്കി അയച്ചുകൊടുക്കും.