ഓട്ടുകമ്പനി തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരുന്നു

Posted on: March 7, 2013 2:52 pm | Last updated: March 7, 2013 at 2:52 pm
SHARE

ഫറോക്ക്: കോഴിക്കോട്- ഫറോക്ക് മേഖലയിലെ രണ്ടായിരത്തോളം ഓട്ടു കമ്പനി തൊഴിലാളികളുടെ അനിശ്ചിത കാല സമരം തുടരുന്നു. ഇടക്കാലാശ്വാസം സംബന്ധിച്ച് കമ്പനി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം തുടങ്ങിയത്. പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണമെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആവശ്യം.
എന്നാല്‍ ഓടുകള്‍ കമ്പനികളില്‍ കെട്ടിക്കിടക്കുകയാണെന്നും ഇപ്പോള്‍ ഇടക്കാലാശ്വാസം അനുവദിക്കാന്‍ പറ്റിയ സാഹചര്യമല്ലെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. പണിമുടക്കിനെ തുടര്‍ന്ന് കമ്പനികളിലെ ഉത്പാദനവും വില്‍പനയും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കളിമണ്‍ ശേഖരിക്കേണ്ട സമയമായതിനാലും അടുത്ത മാസം ബോണസ് അനുവദിക്കേണ്ടതിനാലും ഇപ്പോള്‍ ഇടക്കാലാശ്വാസം കൊടുക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റ് തീരുമാനം. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചകള്‍ ഒന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ സമരം നീണ്ടുപോകുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.
തൊഴിലാളികള്‍ നടത്തുന്ന ചെറുവണ്ണൂരിലെ സ്റ്റാന്‍ഡേര്‍ഡ് ടൈല്‍സിനെ സമരം ബാധിച്ചിട്ടില്ല. ജില്ലാ ലേബര്‍ ഓഫീസറും റീജ്യനല്‍ ജോയന്റ് ലേബര്‍ കമ്മീഷണറും അഞ്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.