കെമിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; കുറ്റപത്രം ‘കെട്ടിക്കിടക്കുന്നു’

Posted on: March 5, 2013 6:36 am | Last updated: March 8, 2013 at 4:04 pm
SHARE

പാലക്കാട്: വെടിക്കെട്ട് ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സ്‌ഫോടകവസ്തു കൈകാര്യം ചെയ്തുണ്ടായ അപകടങ്ങളും അക്രമങ്ങളും സംബന്ധിച്ച ആയിരത്തോളം കേസുകളില്‍ കുറ്റപത്രം പോലും തയ്യാറാക്കാതെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമെടുത്ത കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ കെമിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത് ലഭിക്കാത്തതിനാലാണ് പല കേസുകളും എഫ് ഐ ആറില്‍ മാത്രം ഒതുങ്ങാന്‍ കാരണം. ലാബുകളിലെ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമെന്ന് വ്യക്തമായിട്ടും ആഭ്യന്തര വകുപ്പ് ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയിലും തൃശൂര്‍, കണ്ണൂര്‍ റീജ്യനല്‍ ലാബുകളിലുമായി മൂവായിരത്തില്‍പരം കേസുകളില്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതില്‍ മൂന്നിലൊന്നെങ്കിലും കെമിക്കല്‍ പരിശോധന ആവശ്യമായ കേസുകളാണ്. വെടിക്കെട്ട് അപകടങ്ങള്‍, പടക്കശാല സ്‌ഫോടനങ്ങള്‍, ബോംബ് ആക്രമണ കേസുകള്‍ തുടങ്ങിയവ വിധി കാത്ത് കിടക്കുന്നവയിലുള്‍പ്പെടുന്നു. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ കേസുകള്‍ പരിശോധിക്കുന്ന തൃശൂര്‍ റീജ്യനല്‍ ഫൊറന്‍സിക് ലാബില്‍ മാത്രം അഞ്ഞൂറോളം കെമിക്കല്‍ വിഭാഗം കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച കണ്ണൂര്‍ ജില്ല ഉള്‍പ്പെടുന്ന കണ്ണൂരിലെ ലാബില്‍ 750ല്‍പരം കേസുകള്‍ റിപ്പോര്‍ട്ട് കാത്തിരിക്കുന്നു. ആക്രമണങ്ങളോ ദുരന്തങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളിലെത്തി ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ച് ലാബുകളിലെ വിദഗ്ധരാണ് സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം വരുന്ന വസ്തുക്കളുടെ സാന്നിധ്യം തെളിയിക്കണമെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേട്ടിന്റെ പ്രോസിക്യൂഷന്‍ അനുമതിയും വേണം. ഇതുള്‍പ്പെടെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്തെ വിവിധ ഫോാറന്‍സിക് ലാബുകളിലായി ഡയറക്ടര്‍ ഉള്‍പ്പെടെ ആകെ 45 പേരാണ് ജോലി ചെയ്യുന്നത്. യോഗ്യതക്കനുസരിച്ചുള്ള ശമ്പളമില്ലെന്ന പരാതി ഏറെക്കാലമായുണ്ട്. പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നില്ലെന്ന് മാത്രമല്ല, പലരും പുതിയ തൊഴില്‍സാധ്യതകള്‍ തേടുകയും ചെയ്യുന്നു.സംസ്ഥാനത്തെ പൊലീസ് സേനയുടെ അംഗബലത്തിന്റെ ഒരു ശതമാനമെങ്കിലും ഫോറന്‍സിക് ലാബില്‍ വേണമെന്ന് കഴിഞ്ഞ പോലീസ് പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. പക്ഷേ, സംസ്ഥാനത്ത് ഇത് 0. 1 ശതമാനത്തിലും താഴെ മാത്രമാണുള്ളത്. സ്‌ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് മൂലം ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വിരളമാണ്. പലരും രക്ഷപ്പെടുകയും ചെയ്യുന്നു. ഇത് മൂലം സ്‌ഫോടനം നടന്ന് മാസങ്ങള്‍ക്കകം തന്നെ പല വെടിമരുന്ന് ശാലകളും സജീവമാകുകയും അപകടങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്യുന്നു.ഇതിന് പുറമെ വെടിക്കെട്ടപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് വെടിമരുന്ന് ശാലകളില്‍ പരിശോധന നടത്തുന്നത്. അത് കഴിഞ്ഞാല്‍ ബന്ധപ്പെട്ട അധികൃതര്‍ തിരിഞ്ഞ് നോക്കാത്തത് അനധികൃത പടക്ക നിര്‍മാണ ശാലകള്‍ വര്‍ധിക്കുന്നതിനിടയാക്കുന്നു. റവന്യൂ. പോലീസ് അധികൃതരുടെ കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ സ്‌ഫോടക വസ്തു നിര്‍മാണ ലൈസന്‍സ് ലഭിക്കുകയുള്ളൂ. ജില്ലാ കലക്ടറാണ് അനുമതി നല്‍കേണ്ടത്. തഹസില്‍ദാരും ഡി വൈ എസ് പി യും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശാലയുടെ നൂറ് മീറ്റര്‍ പരിധിയില്‍ വീടുകള്‍ ഉണ്ടാകരുതെന്നും യാത്രാ സൗകര്യമുള്ള സ്ഥലത്താകണമെന്നും നിര്‍ദേശവുമുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഭൂരിഭാഗം വെടിമരുന്ന് ശാലകളുടെയും പ്രവര്‍ത്തനം. 15 കിലോഗ്രാമിലധികം സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ എക്‌സ്‌പ്ലോസീവ് വിഭാഗം ഡയറക്ടറുടെ ലൈസന്‍സുണ്ടാകണം. എന്നാല്‍ പലേടത്തും ലൈസന്‍സില്ലാതെയാണ് വന്‍ശേഖരം സൂക്ഷിക്കുന്നത്. പടക്കശാല തുടങ്ങുന്ന സമയത്തോ പിന്നീടോ പരിശോധന നടത്താത്തതാണ് വെടിക്കെട്ടപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പ്രധാന കാരണം.