ടി പി വധം: എട്ടാം സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്ന്

Posted on: March 5, 2013 6:28 am | Last updated: March 5, 2013 at 12:34 am
SHARE

കോഴിക്കോട്: ടി പി ചന്ദ്രശേഖന്‍ വധവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്റെ എട്ടാം സാക്ഷി സി പി ഹാരിസിന്റെ ക്രോസ് വിസ്താരം മാറാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ ഇന്ന് നടക്കും. ടി പിയെ വധിച്ച കൊലയാളി സംഘാംഗങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വായപ്പടക്കി റഫീഖിന് കൈമാറിയത് ഹാരിസായിരുന്നു. അദ്ദേഹത്തിന്റെ പ്രോസിക്യൂഷന്‍ വിസ്താരം കഴിഞ്ഞ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. അന്ന് തന്നെ ക്രോസ് വിസ്താരം നടത്താന്‍ പ്രതികളുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ തയ്യാറായിട്ടില്ലെന്ന് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഹാരിസിന് ജീവന് ഭീഷണിയുള്ളതിനാല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. റഫീഖിനെ ഹാരിസ് കോടതിയില്‍ തിരിച്ചറിയുന്നത് വിലക്കുന്ന തരത്തില്‍ കൊടി സുനി വിചാരണക്കിടെ തലയാട്ടിയതിനെ തുടര്‍ന്നായിരുന്നു പ്രോസിക്യൂഷന്‍ ഇത്തരം ആവശ്യം ഉന്നയിച്ചത്. പ്രതിഭാഗം സ്വാധീനിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിച്ച 16-ാം സാക്ഷി വി കെ സുമേഷി (കൊച്ചക്കാലന്‍ സുമേഷ്) ന്റെ വിസ്താരം നാളെ നടക്കും. വി കെ ശിവരാമന്‍, പി സൂരജ് കുമാര്‍ എന്നിവരുടെ സാക്ഷി വിസ്താരവും നാളെ നടക്കും. മാര്‍ച്ച് ഏഴിന് 22 മുതല്‍ 25 വരെ സാക്ഷികളായ ഇ കെ ഷിജില്‍, കെ സിനീഷ്, എം കെ ബാബു, കെ വി വിനോദ് എന്നിവരെ വിസ്തരിക്കും.