പയ്യന്നൂര്‍ നഗരസഭയുടെ ബൃഹത് കുടിവെള്ള പദ്ധതി നോക്കുകുത്തിയാകുന്നു

Posted on: March 4, 2013 3:52 pm | Last updated: March 4, 2013 at 3:52 pm
SHARE

പയ്യന്നൂര്‍: കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പയ്യന്നൂര്‍ നഗരസഭയിലാരംഭിച്ച ബൃഹത് കുടിവെള്ള പദ്ധതി തുടങ്ങിയടത്ത് തന്നെ നില്‍ക്കുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. ചെറുകിട നഗരവികസന പദ്ധതിയിലുള്‍പ്പെടുത്തി പയ്യന്നൂര്‍ നഗരസഭക്ക് ലഭിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ ബൃഹത് കുടിവെള്ള പദ്ധതിയാണ് നോക്കുകുത്തിയാവുന്നത്.
60 കോടിയോളം രൂപ ചെലവ് വരുന്ന കുടിവെള്ള പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികള്‍ പൂര്‍ത്തിയാകുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ജോലി ഏതാണ്ട് പൂര്‍ത്തിയാകാറാകുമ്പോഴാണ് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നിലച്ചുപോയത്.
നഗരസഭ വെള്ളമെടുക്കുന്ന ചപ്പാരപ്പടവ് പുഴയില്‍ നിന്നും വെള്ളം തരില്ലെന്ന ചപ്പാരപ്പടവ് പഞ്ചായത്തിന്റെ തടസവാദമാണ് പദ്ധതിയെ അനിശ്ചിതത്തിലാക്കിയത്. എങ്കിലും സര്‍ക്കാര്‍തല ചര്‍ച്ചയെ തുടര്‍ന്ന് തടസം നീങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിയാരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
ചപ്പാരപ്പടവ് പുഴയില്‍ നിന്നും വെള്ളം കൊണ്ടുവരാന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ട്രീറ്റ്‌മെന്റ് പ്ലാന്റിനായി ചപ്പാരപ്പടവില്‍ സ്ഥലം വാങ്ങിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പഞ്ചായത്ത് വെള്ളം തരില്ലെന്ന നിലപാടുമായി രംഗത്തുവന്നത്. ചപ്പാരപ്പടവ് പുഴയില്‍ സര്‍ക്കാര്‍ തടയണ നിര്‍മിച്ച് നല്‍കിയാല്‍ വെള്ളം നല്‍കാമെന്ന പഞ്ചായത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും അതിന് തത്വത്തില്‍ അനുമതി ലഭിച്ചതുമാണ്.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പയ്യന്നൂര്‍ കുടിവെള്ള പദ്ധതിയാരംഭിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പുഴയുടെ മറ്റൊരു ഭാഗത്ത് നിന്നും വെള്ളം നല്‍കുവാനും സ്ഥലത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കുവാന്‍ സ്ഥലം നല്‍കുവാനും ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയുടെ 70 ശതമാനം കേന്ദ്ര ഗവണ്‍മെന്റും 20 ശതമാനം സംസ്ഥാന സര്‍ക്കാറും ബാക്കി 10 ശതമാനം നഗരസഭയും വഹിക്കണമെന്നാണ് തീരുമാനം. അതിനിടയില്‍ എസ്റ്റിമേറ്റ് തുകയിലുണ്ടായ വര്‍ധനവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പദ്ധതി നീണ്ടുപോകുന്നതോടെ എസ്റ്റിമേറ്റ് തുകയില്‍ ഇനിയും ഭീമമായ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയേറിരിക്കുകയാണ്. ഇത് പദ്ധതിയെ തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.