Connect with us

Religion

ഇസ്‌ലാമിക നവോത്ഥാനത്തിന്റെ നഖചിത്രം

Published

|

Last Updated

വിജ്ഞാനം, കല, രാഷ്ട്രീയം, ധാര്‍മ്മികം, സാമ്പത്തികം തുടങ്ങി പലമേഖലകളിലും ഇസ്‌ലാമിക നാഗരികത നല്‍കിയ സംഭാവനകള്‍ ഒട്ടുവളരെയുണ്ട്. ആംഗലേയ ചരിത്രകാരനായ “ലെയിന്‍പൂള്‍” പറയുന്നു : “നൂറ്റാണ്ടുകളോളം സ്‌പെയിന്‍, നാഗരികതയുടെ കേന്ദ്രവും കലാവിദ്യയുടെയും ഭൗതിക ശാസ്ത്രത്തിന്റെയും വിശിഷ്ടമായ എല്ലാ വിജ്ഞാനത്തിന്റെയും ഇരിപ്പിടവുമായിരുന്നു. യൂറോപ്പിലെ മറ്റൊരു രാജ്യവും അന്നോളം അറബികളുടെപരിഷ്‌കൃത രാജ്യത്തിന്റെ അടുത്തെങ്ങുമെത്തിയിരുന്നില്ല. ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും ചാള്‍സിന്റെയും സാമ്രാജ്യങ്ങള്‍ക്ക് ഇത്തരം ശാശ്വതമായ യാതൊരൗന്നത്യവും ലഭിച്ചില്ല. മുസ്‌ലിംകളെ അവര്‍ പുറത്താക്കി. തെല്ലിട, ക്രൈസ്തവ സ്‌പെയിന്‍ ചന്ദ്രനെപ്പോലെ കടം വാങ്ങിയ വെളിച്ചം കൊണ്ട് പ്രകാശിച്ചു. ക്ഷണത്തില്‍ ഗ്രഹണം വന്നു. പിന്നീട് ഇന്നോളം സ്‌പെയിന്‍ ആ അന്ധകാരത്തില്‍ തപ്പിത്തടയുകയാണ്””.
വിജ്ഞാന വിപ്ലവം
വിവിധ വിജ്ഞാനങ്ങളുടെ ക്രമാനുഗതമായ വളര്‍ച്ചയില്‍ അബ്ബാസിയ്യ ഘട്ടം വരെയുള്ള സ്വാധീനം പ്രകടമാണ്. ഖുര്‍ആന്‍-ഹദീസ് ശാസ്ത്രങ്ങള്‍, ബൗധിക വിജ്ഞാനം, വൈദ്യം, ഗണിതം, രസതന്ത്രം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ മഹത്തരമായ സംഭാവനകള്‍ ഈ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്.സാഹിത്യം, വിവര്‍ത്തന കല എന്നിവയിലെല്ലാം അബ്ബാസിയ്യ ഘട്ടത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിന്റെ 7 രീതികള്‍ പ്രചരിച്ചു. ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തില്‍ ഘടനാപരമായ സാന്നിധ്യമുണ്ടായി. അഹലുസ്സുന്നയുടെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മുഹമ്മദ് ബിന്‍ ജരീര്‍ ത്വബ്‌രി പ്രധാനിയാണ്. ജാമിഉല്‍ബയാനാണ് വ്യാഖ്യാനം.
ഇസ്‌ലാമിക ശരീഅത്തിന്റെ രണ്ടാം പ്രമാണമായ ഹദീസിന്റെ ക്രോഡീകരണ ശ്രമങ്ങള്‍ നടക്കുന്നത് രണ്ടാം നൂറ്റാണ്ടിലാണ്. അല്‍മുവത്വ (ഇമാം മാലിക്ബിന്‍ അനസ്(റ)), മുസ്‌നദ് (ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍), സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, സുനനു അബീദാവൂദ്, ജാമിഉത്തിര്‍മുദി, സുനനുബിന്‍മാജ, സുനനുന്നസാഈ എന്നീ മഹദ് ഗ്രന്ഥങ്ങള്‍ അബ്ബാസിയ്യ ഘട്ടത്തിലാണ് വിരചിതമായത്.
കര്‍മശാസ്ത്ര വിശാരദന്മാരും ഗവേഷണ ചടുക്കളും സമ്പന്നമാക്കിയ കര്‍മവീഥിയില്‍ നാല് ഇമാമുകള്‍ ക്രോഡീകരിച്ച അഹ്‌ലുസുന്നയുടെ മദ്ഹബുകള്‍ സുരക്ഷിതമായി ശേഷിച്ചു. ഇമാം അബൂഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഈ (റ), ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍ (റ) എന്നീ നാല് ഇമാമുകള്‍ അറിവ്, ബുദ്ധി, അധ്യാത്മികത എന്നീ സിദ്ധികളിലെല്ലാം മികച്ചവരാണ്. ഇജ്തിഹാദിനു യോഗ്യതനേടിയവരില്ലാത്ത ഈ ഘട്ടത്തില്‍ നാലിലൊരു മദ്ഹബ് അനുധാവനം ചെയ്യണമെന്നത് മുസ്‌ലിം ഉമ്മത്തിന്റെ ഐകാഭിപ്രായമാണ്. ഇബ്‌നു ഖല്‍ദൂന്‍ തന്റെ വിഖ്യാതമായ മുഖദ്ദിമയില്‍ (പേജ് 392) ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
വ്യാകരണം, നിഘണ്ടു നിര്‍മാണം
ഉമവിയ്യ ഭരണഘട്ടത്തില്‍ ജീവിച്ച അബുല്‍ അസ്‌വദുദ്ദുവലിയാണ് ആദ്യമായി അറബി വ്യാകരണഗ്രന്ഥം രചിച്ചത്. അറബി ഭാഷാ നിയമങ്ങളുടെ അടിവേരുകള്‍ ചെന്നെത്തുന്നത് അലി(റ)വിലേക്കാണ്. അബ്ബാസിയ്യാ ഘട്ടത്തില്‍ ഈ മേഖലയില്‍ കൂഫയും സിറിയയും തിളങ്ങി. ബസ്വറയിലെ അബൂ അംറ്ബിന്‍ അലാഅ്, ഖലീലുബിന്‍ അഹ്മദ്, അഖ്ഫഷ്, സീബവൈഹി, മുബര്‍റദ്, കൂഫയിലെ കസാഈ, ഫര്‍റാഅ്, സഅ്‌ലബ് എന്നിവര്‍ അറിയപ്പെട്ട വ്യാകരണ ശാസ്ത്ര പടുക്കളാണ്. വ്യാകരണ ശാസ്ത്രത്തിന്റെ വളര്‍ച്ച ഭാഷാ ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് വഴിവെച്ചു. അതുവഴി ശാസ്ത്ര ശാഖകളില്‍ അതിരുകളില്ലാത്ത ഭാഷാ പ്രയോഗമുണ്ടായി. സൂഫിസം, തത്വശാസ്ത്രം,ബൗധികശാസ്ത്രംതുടങ്ങിയവയിലെല്ലാംനവംനവങ്ങളായഅര്‍ത്ഥ പ്രയോഗങ്ങളുണ്ടായി. പദങ്ങളുടെയും പ്രയോഗങ്ങളുടെയും കെട്ടഴിക്കുന്ന നിഘണ്ടുകള്‍ വെളിച്ചംകണ്ടു. കിതാബുല്‍ ഹഷ്‌റാത്ത് (അബൂഹാതിം സജിസ്താനി), മുഫ്‌റദാതു അല്‍ഫാളില്‍ ഖുര്‍ആന്‍ (റാഗിബ് ഇസ്ഫഹാനി), അല്‍ ഐന്‍ (ഖലീല്‍ അഹമദ്) എന്നീ ഗ്രന്ഥങ്ങള്‍ പ്രശസ്തങ്ങളാണ്. ഖലീല്‍ അഹ്മദിന്റെ “അല്‍ഐന്‍” ആണ് അറബി ഭാഷയിലെ ആദ്യ നിഘണ്ടു. ജംഹറതുലുഗ (ഇബ്‌നുദുറൈദ്), അല്‍ബാരിഅ് ഫില്ലുഗ (അബൂ അലിയ്യില്‍ ഖാലി), കിതാബുല്‍ മുഹീഫ് (ഇബ്‌നു അബ്ബാദ്), സ്വഹാഹ് (ജൗഹരി) എന്നിവ പ്രശസ്തമായ മറ്റു നിഘണ്ടുകളാണ്. ഇവക്ക് പുറമെ ഭാഷാ വ്യാകരണ ശാസ്ത്രങ്ങളില്‍ വേറെയും ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു ജിന്നിയ്യിന്റെ കിതാബുല്‍ ഖസാഇസ് പ്രത്യേകം പ്രസ്താവ്യമാണ്.
സാഹിത്യ രംഗം
സാഹിത്യ ശാഖകളിലെ വൈവിധ്യം ഗുണപരമായ രീതിയില്‍ സമ്പന്നമാക്കിയ അബ്ബാസിയ്യ കാലത്തെപ്രശസ്തരാണ് അബൂസൈദുല്‍ അന്‍സ്വാരി, അബൂഉബൈദ, അസ്മഈ എന്നിവര്‍. പ്രകീര്‍ത്തനങ്ങളിലും വിശേഷണങ്ങളിലും വലിയ ശ്രദ്ധ പതിപ്പിച്ചിരുന്ന ഭരണനേതൃത്വത്തില്‍ നിന്നും കവികള്‍ക്കും മറ്റു സാഹിത്യകാരന്മാര്‍ക്കും ലഭിച്ച സ്‌നേഹാദരവുകളും രാജകീയ ഫലകങ്ങളും ഈ മേഖലയില്‍ മത്സരങ്ങള്‍ക്കും സാഹിത്യശൈലീ സമ്പന്നതക്കും ആക്കംകൂട്ടി. കൊട്ടാരത്തില്‍ സാഹിത്യകാരന്മാര്‍ക്ക് പ്രത്യേകം ദര്‍ബാറുകള്‍ ഉണ്ടായിരുന്നു. ഗദ്യപദ്യ ചക്രവാളം വികസിച്ചത് ഏറെയും അബ്ബാസിയ്യ ഘട്ടത്തില്‍തന്നെയാണ്. കവികള്‍ എണ്ണത്തില്‍ കുറയുകയും ഗദ്യസാഹിത്യകാരന്മാര്‍ ഏറുകയും ചെയ്ത ഘട്ടമാണിത്. അബ്ദുല്ലാഹിബ്‌ന് മുഖ്ഫിഇന്റെ ഖലീല വദിംന ജാഹിളിന്റെ ഏറെ പ്രശസ്തങ്ങളായ കിതാബുല്‍ ബുഗലാഅ്, കിതാബുല്‍ ഹയവാന്‍, സാഹിത്യ വിമര്‍ശകന്‍ ഇബ്‌നു ഖുതൈബയുടെ കിതാബുല്‍ അദബില്‍ കാതിബ് എന്നിവ വലിയ സംഭാവനകളാണ്. മഖാമാതുല്‍ ഹമദാനി, മഖാമാത്തുല്‍ ഹരീരി തുടങ്ങിയ വൃത്തചാരി സാഹിതീയ സൃഷ്ടികളും അറബി സാഹിത്യത്തെ സമ്പുഷ്ടമാക്കി. നോവല്‍ രചനയില്‍ ആയിരത്തൊന്ന് രാവുകള്‍ വെളിച്ചംകണ്ടു. ബശാറുബിന്‍ ബുര്‍ദ്, അബൂനുവാസ്, അബുല്‍ അത്താഹിയ്യ, അബുതമാം, അബുത്വയ്യിബുല്‍ മുതനബ്ബി, അബുല്‍ അലാഇല്‍മഅര്‍രി, അംറ്ബിന്‍ ഫാരിള് തുടങ്ങിയവര്‍ കവി സാമ്രാട്ടുകളായിരുന്നു.
ചരിത്രം,
ഭൂമിശാസ്ത്രം
ചരിത്ര പഠനം, ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രവുമെല്ലാം അതിവേഗം വളര്‍ന്നു. മതത്തിന്റെ സത്ത ഗ്രഹിക്കാന്‍ ചരിത്രവും മറ്റു ശാസ്ത്രങ്ങളുമെല്ലാം പഠനവിധേയമാക്കണമെന്ന തിരിച്ചറിവാണ് നവോഥാനത്തിന് വഴിയൊരുക്കിയത്. അറബി ചരിത്ര കൃതികള്‍, വംശപഠനം, യുദ്ധങ്ങള്‍, കാലഗണനകള്‍, മഹദ്ചരിതങ്ങള്‍, നാഗരിക വര്‍ത്തമാനങ്ങള്‍ തുടങ്ങി ചരിത്രത്തിന്റെ നാനാ മേഖലകളുമുള്‍ക്കൊള്ളുന്ന ചരിത്ര കൃതികളുടെ രചനകള്‍ തുടങ്ങിയത് ഉമവിയ്യ ഘട്ടത്തിലാണ്. ചരിത്ര ക്രോഡീകരണത്തില്‍ മുന്‍കയ്യെടുത്ത സമൂഹം അറബികളാണെന്നാണ് പണ്ഡിത പക്ഷം (ഇബ്‌നു ഖല്ലിഖാന്‍ 2/195). ഹിശാമുല്‍ മല്‍ബിയുടെ കിതാബുന്നസബില്‍ കബീര്‍, സഹ്‌രിയുടെ കിതാബുല്‍ മഗാസി, മുഹമ്മദ് വാഖിദിന്റെ ഫുതൂഹുശാം, അഹ്മദ് ബിലാസ്‌രിയുടെ ഫുതൂഹുല്‍ ബുല്‍ദാന്‍, മുഹമ്മദ് ബിന്‍ സഅദിന്റെ ത്വബകാത്തുല്‍ കബീര്‍, മുഹമ്മദ് ബിന്‍ ഇസ്ഹാഖ്, അബ്ദുല്‍ മലികിബ്ന്‍ ഹിശാം എന്നിവരുടെ സീറകള്‍ മുഹമ്മദ് ബിന്‍ ജരീര്‍ ത്വബ്‌രിയുടെ താരീഖുല്‍ ഉമവി വല്‍മുലൂക്, ഇസ്സുദ്ദീന്റെ കിതാബുല്‍ കാമില്‍, സബ്ത്ബിന്‍ ജൗസിയുടെ താരീഖുല്‍ അഅ്‌യാന്‍, ഇബ്‌നു ഖല്ലികാന്റെ വഫയാത്തുല്‍ അഅ്‌യാന്‍ തുടങ്ങിയവ കനപ്പെട്ട സംഭാവനകളാണ്.
ഇസ്‌ലാമിക പ്രബോധനം, രാജ്യങ്ങളുടെ വിപുലീകരണം, വിജ്ഞാനസമ്പാദനം, ഹജ്ജ്, സിയാറത്ത് തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ഭൂമിശാസ്ത്ര വിജ്ഞാനത്തില്‍ അവഗാഹം അത്യാവശ്യമായി വന്നു. രാജ്യാതിര്‍ത്തികളും രേഖാചിത്രങ്ങളും തയ്യാറാക്കപ്പെട്ടു. ഗ്രീസില്‍ അറിയപ്പെട്ടിരുന്ന നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ടോളമിയുടെ ഗ്രന്ഥവും അതില്‍പെടും. ഉദ്ധരണത്തിലും കര്‍ണ്ണാകര്‍ണ്ണിക ജ്ഞാന സമ്പാദനത്തിലും മാത്രം ഒതുങ്ങാതെ സമുദ്രങ്ങളും രാജ്യാതിര്‍ത്തികളും ഭേദിച്ച് മുസ്‌ലിംകള്‍ മുന്നേറി. അനുഭവ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ടോളമിയുടെ പല തെറ്റായ തിയറികളും തിരുത്തി.
അറബികള്‍ക്കിടയില്‍ ഭൂമിശാസ്ത്ര വിജ്ഞാനം വളര്‍ന്നുവന്നു. യാഖൂത്തുല്‍ ഹമവിയ്യയും മുഅ്ജമുല്‍ ബുല്‍ദാനും സമഗ്ര പഠനങ്ങളാണ്. മുഹമ്മദ് മൂസല്‍ഖവാറസ്മി യെപ്പോലെയുള്ളവര്‍ ഈ മേഖയില്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്ര പഠനസംബന്ധിയായി എടുത്തുപറയേണ്ട ഗ്രന്ഥങ്ങളില്‍ ചിലതാണ് ബിന്‍ ഖര്‍ദാദബഹിന്റെ അല്‍ മസാലികു വല്‍ മമാലിക്, യഅ്ഖൂബിയുടെ കിതാബുല്‍ ബുല്‍ദാന്‍, ബിന്‍ റുസ്ദിന്റെ അഅ്‌ലാവുന്നഫീസത്, ഇസ്ത്വഖരിയുടെ സ്വുവറുല്‍ അഖാലീം, ബിന്‍ ഹൗഖലിന്റെ കിതാബുല്‍ മസാലികി വല്‍ മമാലിക് തുടങ്ങിയവ.