പരീക്ഷാ തിരക്കില്‍ ക്ലസ്റ്ററിന് പിന്നാലെ എന്‍ പി ആര്‍ ഡ്യൂട്ടിയും അധ്യാപകരില്ലാതെ സ്‌കൂളുകള്‍

Posted on: March 1, 2013 7:01 am | Last updated: March 7, 2013 at 3:02 pm
SHARE

തിരൂരങ്ങാടി:പരീക്ഷാ തിരക്കിനിടെ വീണ്ടും അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടി നല്‍കിയതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. എന്‍ പി ആര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് എല്‍ പി- യു പി അധ്യാപകര്‍ക്കാണ് ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സെന്‍സസ് ഡ്യൂട്ടി ഏല്‍പിച്ചിട്ടുള്ളത്.

ഓരോ പഞ്ചായത്തിലേയും വീടുകളില്‍ ആ പഞ്ചായത്തിലെ സ്‌കൂളുകളിലെ അധ്യാപകരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ക്യാമ്പും നടക്കുന്നുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരേ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ മൂന്നു ദിവസവും അധ്യാപകര്‍ പങ്കെടുക്കണം. അതിന് പുറമെ വീടുകളില്‍ സ്ലിപ്പ് നല്‍കുന്ന ഡ്യൂട്ടിയുമുണ്ട്. രണ്ട് ദിവസത്തിനകം സ്ലിപ്പ് നല്‍കുന്ന ജോലി പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.
ഈമാസം നാല് മുതലാണ് സെന്‍സസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അധ്യാപകര്‍ക്ക് ഇത് ഏല്‍പിച്ചിട്ടുള്ളത്. അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനവും ഇപ്പോള്‍ നടക്കുന്നുണ്ട്.