Connect with us

Ongoing News

വാല്‍പ്പാറ മാടിവിളിക്കുന്നു

Published

|

Last Updated

ഓരോ യാത്രകളും മാനസിക പരിമുറുക്കത്തില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്. യാത്രാനുഭവങ്ങള്‍ ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജവും. തിരക്കുപിടിച്ച ജീവിതത്തില്‍ ചൂടുപിടിച്ച മനസിനെയും ശരീരത്തെയും തണുപ്പിക്കാനൊരിടമെന്ന ചര്‍ച്ച ചെന്നവസാനിച്ചത് വാല്‍പ്പാറയിലാണ്. പശ്ചിമഘട്ടത്തിലെ അണ്ണാമലൈ മലനിരകളിലുള്ള സമുദ്ര നിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നിടം. പൊളളാച്ചിയില്‍ നിന്നും 64 കിലോമീറ്റര്‍ മാറി മഞ്ഞുമേഘങ്ങള്‍ തണല്‍ വിരിച്ച ചെറു പട്ടണം.

ഞങ്ങള്‍ ആറംഗസംഘത്തെയും വഹിച്ച് ടൊയോട്ട ടവേര പുലര്‍ച്ചെ നാലിന് മലപ്പുറത്ത് നിന്ന് നീങ്ങിയപ്പോള്‍ വായിച്ചു കേട്ട വാല്‍പ്പാറയിലെ തുഷാരവും ഷോളയാര്‍ ഡാമും, തേയിലത്തോട്ടങ്ങളുമെല്ലാം തെളിഞ്ഞു വന്നു. പൂരപ്പറമ്പിലൂടെ പാഞ്ഞ് ചാലക്കുടിയില്‍ നിന്ന് ആതിരപ്പിള്ളി റോഡിലേക്ക് കടന്നപ്പോള്‍ ഹോട്ടാകാന്‍ സുലൈമാനിയടിക്കണമെന്ന് റാഫി. കേള്‍ക്കേണ്ട താമസം ഡ്രൈവര്‍ ജസീം ഹോട്ടല്‍ മൈത്രിയുടെ മുന്നില്‍ നിറുത്തി. ഹോട്ട് സുലൈമാനിയും നൂലപ്പവും കഴിച്ച് യാത്ര തുടര്‍ന്നപ്പോള്‍ സമയം എട്ട് മണി. ചാലക്കുടിക്കും വാല്‍പ്പാറക്കുമിടയില്‍ പെട്രോള്‍ പമ്പില്ലാത്തതിനാല്‍ വണ്ടി ഫുള്‍ ടാങ്ക് എണ്ണയടിച്ച് 34 കിലോമീറ്ററുകള്‍ പിന്നിട്ട് ആതിരപ്പിള്ളിയിലെത്തി. വെള്ളച്ചാട്ടത്തിന്റെ ഇഴകളില്‍ അലിയാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. രാവിലെയായതിനാല്‍ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുന്നതേയുള്ളൂ.

valpara tripwith Royal Bullet_28

ഉരുളന്‍ കല്ലുകളില്‍ ജലധാരകള്‍ പതിയുമ്പോഴുണ്ടാകുന്ന ജല തുള്ളികളില്‍ നിന്ന് രൂപാന്തരപ്പെട്ട മഴവില്‍ നവ്യാനുഭവമായി. ഉച്ചയൂണും കഴിഞ്ഞ് വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് യാത്രാനുമതി വാങ്ങി യാത്ര തുടര്‍ന്നു. യാത്രികരുടെ വിവരങ്ങള്‍ വനപാലകര്‍ക്ക് എഴുതികൊടുക്കണം. വണ്ടിയിലുള്ള പ്ലാസ്റ്റിക് കുപ്പികളുടെയും ബാഗുകളുടെയും എണ്ണവും. ഷോളയാര്‍ മഴക്കാടുകള്‍ പ്ലാസ്റ്റിക്ക് നിരോധിത മേഖലയായതിനാല്‍ കുപ്പികള്‍ കാട്ടിലുപേക്ഷിച്ചാല്‍ പണികിട്ടുമെന്നുറപ്പ്. ആനച്ചൂരുള്ള കാട്ടുപാതയില്‍ മൂടിക്കെട്ടിയ മഞ്ഞുമേഘങ്ങളെ വകച്ചുമാറ്റി ഞങ്ങളുടെ വണ്ടി ചീറിപ്പാഞ്ഞു നീങ്ങുകയാണ്.
പെരിങ്ങല്‍കൂത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങള്‍ തെളിഞ്ഞ് വന്നു. പച്ച പുതച്ച് നിന്ന കുന്നുകള്‍ ക്യാമറയിലാക്കി കേരളത്തിന്റെ അതിര്‍ത്തിയായ മലക്കപ്പാറയിലെത്തി. വാഴച്ചാല്‍ ചെക്ക് പോസ്റ്റില്‍ നേരത്തെ എഴുതികൊടുത്ത ലിസ്റ്റ് എടുത്ത് അധികൃതര്‍ പരിശോധന തുടങ്ങി. കാലിയായ രണ്ട് വെള്ളക്കുപ്പികള്‍ വണ്ടിയില്‍ വെച്ച് റിയാസ് ഉപേക്ഷിക്കാന്‍ തുനിഞ്ഞതാണ്. വനപാലകരുടെ ഈ ചെക്കിംഗ് ഭയന്ന് ആ ശ്രമമുപേക്ഷിച്ചതിനാല്‍ സുഗമമായി യാത്ര തുടരാനായി.

valpara tripwith Royal Bullet_23

26 കിലോമീറ്റര്‍ തേയിലത്തോട്ടങ്ങളാല്‍ സമൃദ്ധമായ പാതയിലൂടെ മലക്കപ്പാറയില്‍ നിന്ന് സഞ്ചരിച്ചാല്‍ വാല്‍പ്പാറയിലെത്താം. തമിഴ്‌നാട് ചെക്ക്‌പോസ്റ്റും കടന്ന് ഷോളയാര്‍ ഡാമിന്റെ മുകളിലെത്തി. പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. ഡാമിന്റെ പശ്ചാത്തലത്തില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്ത് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ യാത്ര തുടര്‍ന്നു. നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങള്‍. വാല്‍പ്പാറയോടക്കുന്തോറും മൂടല്‍ മഞ്ഞിന്റെ ശക്തി കൂടിക്കൊണ്ടെയിരുന്നു.
കുന്നിന്‍ മുകളില്‍ ചെറിയ കെട്ടിടങ്ങള്‍ കോര്‍ത്തുണ്ടാക്കിയ ഒരു ചെറു പട്ടണം. എല്ലാം ഒത്തു ചേര്‍ന്ന ഒരു തമിഴ് പട്ടണം. ഹോം സ്റ്റേകളും റിസോര്‍ട്ടുകളും കൂണ് പോലെയുണ്ട്. കുളിര് കോറുന്ന മന്തമാരുതന്‍ ഞങ്ങളെയും തഴുകി നീങ്ങി. ടൗണ്‍ പിന്നിട്ട് ചുരമിറങ്ങാന്‍ തുടങ്ങി. ഇത് ഒരനുഭവം തന്നെയാണ്. നാല്‍പത് മുടിപ്പിന്‍ വളവുകള്‍, ഇവക്ക് മിഴിവേകാനായി വിദൂരതയില്‍ ആളിയാറും പൊള്ളാച്ചി ടൗണും. ഗിയര്‍ ഡൗണ്‍ ചെയ്ത് ചുരമിറങ്ങുകയാണ്. പതിമൂന്നാമത്തെ വളവിലെത്തിയാല്‍ മുകളിലെയും താഴെയുമുള്ള മുടിപിന്‍ വളവുകള്‍ ഭംഗിയായി കാണാം. ചുരമിറങ്ങി പൊള്ളാച്ചി റോഡിലേക്ക് വണ്ടി തിരഞ്ഞപ്പോള്‍ ചുരം കയറാനൊരു മോഹം വിടര്‍ന്നു. മോഹം ബാക്കിയാക്കി യാത്ര തുടര്‍ന്നപ്പോള്‍ വാല്‍പ്പാറ എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു.

Latest