Connect with us

Thiruvananthapuram

മാണി മനസ്സ് മാറ്റുമോ?: യു ഡി എഫിന് നെഞ്ചിടിപ്പ് കൂടുന്നു

Published

|

Last Updated

തിരുവനന്തപുരം:ഭരണമാറ്റ സാധ്യതകള്‍ ആരായാനുള്ള എല്‍ ഡി എഫ് തീരുമാനത്തിന്റെ തുടര്‍ചലനങ്ങള്‍ യു ഡി എഫിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് എല്‍ ഡി എഫുമായി അടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ സജീവമായത് ആശങ്കയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. ഭിന്നത മറന്ന് സി പി എമ്മും എല്‍ ഡി എഫ് ഘടകകക്ഷികളും മാണിയെ സ്വാഗതം ചെയ്യാന്‍ മത്സരിക്കുകയാണ്. മാണിയാകട്ടെ, എല്‍ ഡി എഫിലേക്കുള്ള ക്ഷണം സന്തോഷത്തോടെ നേരിടുന്നു. മാണിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയെങ്കിലും നയം മാറ്റിയാല്‍ ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്. എല്‍ ഡി എഫിന്റെ നയപരിപാടികള്‍ മാണി അംഗീകരിക്കട്ടെയെന്ന നിലപാടാണ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സ്വീകരിച്ചിരിക്കുന്നത്.എല്‍ ഡി എഫിലേക്ക് തത്കാലമില്ലെന്ന് പറയുന്നുണ്ടെങ്കിലും ഇടത് പക്ഷത്തോടുള്ള അദ്ദേഹത്തിന്റെ മൃദുസമീപനം വാക്കുകളില്‍ പ്രകടമാണ്. ഈ സമീപനത്തെ സംശയത്തോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സമ്മര്‍ദ തന്ത്രം പയറ്റാനാണ് മാണി ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ മാണിയെ സ്വാഗതം ചെയ്തുവെന്നതാണ് ശ്രദ്ധേയം. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സി പി എമ്മിന് ഒരു അഭിപ്രായം മാത്രമാണുള്ളതെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും വ്യക്തമാക്കിയതോടെ കേന്ദ്ര നേതൃത്വത്തിനും മറ്റു നിലപാടുകളില്ലെന്ന് വ്യക്തമായി. സമീപ കാലത്ത് മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ നടന്നപ്പോഴെല്ലാം തടസ്സ വാദം ഉയര്‍ത്തിയിരുന്നത് വി എസ് ആണ്. കെ മുരളീധരന്‍ രൂപവത്കരിച്ചിരുന്ന ഡി ഐ സിയെയും പി ഡി പി, ഐ എന്‍ എല്‍ കക്ഷികളെയും ആര്‍ ബാലകൃഷ്ണ പിള്ളയെയും മുന്നണിയിലെടുക്കുന്ന ചര്‍ച്ചകള്‍ വന്നപ്പോള്‍ വി എസ് ആണ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, മാണിയെ സന്തോഷ പൂര്‍വം സ്വാഗതം ചെയ്യുമെന്ന് വി എസ് വ്യക്തമാക്കിക്കഴിഞ്ഞു. വി എസിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്ന് മാണിയും പ്രതികരിച്ചു. മാണിയെ മുന്നണിയിലെടുക്കുന്നതിനോട് സി പി ഐ നേരത്തെ തന്നെ അനുകൂലമാണ്. ആര്‍ എസ് പി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡനും എതിര്‍പ്പില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. തത്കാലം മുന്നണി മാറ്റമില്ലെന്ന് മാണി പറയുമ്പോഴും എല്‍ ഡി എഫിനോട് മൃദുവായി പ്രതികരിക്കുന്നത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. മകന്‍ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം മാണി നിരന്തരം ഉന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അതിന് തയ്യാറാകാത്തതില്‍ മാണിക്ക് നേരത്തെ തന്നെ അസംതൃപ്തിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി വിടുമെന്ന പ്രതീതിയുണ്ടാക്കി നേട്ടമുണ്ടാക്കുകയാണ് മാണിയുടെ ലക്ഷ്യമെന്ന സംശയം കോണ്‍ഗ്രസിനുണ്ട്. രണ്ട് ലോക്‌സഭാ സീറ്റുകളാണ് മാണി്‌യുടെ ലക്ഷ്യം. കോട്ടയവും ഇടുക്കിയും. പാര്‍ട്ടിക്ക് സ്വാധീനമുള്ള മലയോര മേഖലയുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങള്‍ നേടിയെടുക്കലും മാണിയുടെ മനസ്സിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്നുള്ള തിരിച്ചുവരവാണ് സി പി എം ആഗ്രഹിക്കുന്നത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പശ്ചിമ ബംഗാളിലും കേരളത്തിലുമുണ്ടായ തിരിച്ചടി ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരുന്നു.അതിനാല്‍ കേരളത്തില്‍ നിന്നും ഭൂരിപക്ഷം സീറ്റുകളില്‍ വിജയം നേടുകയാണ് സി പി എമ്മിന്റെ ലക്ഷ്യം. ഘടക കക്ഷികളുടെ ബാഹുല്യം കൊണ്ട് പൊറുതിമുട്ടുന്ന യു ഡി എഫിന് 20 ലോക്‌സഭാ സീറ്റുകള്‍ വിഭജിക്കാന്‍ കഴിയാതെ വരുന്നതോടെ മുന്നണി മാറ്റം സാധ്യമാകുമെന്നും സി പി എം കണക്ക് കൂട്ടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും പിന്നാലെയുമായി രണ്ട് ഘടകക്ഷികള്‍ എല്‍ ഡി എഫ് വിട്ടതിനാല്‍ ഇടതുപക്ഷത്ത് സീറ്റുകള്‍ക്ക് കുറവില്ല. ചില പുന:ക്രമീകരണങ്ങളിലൂടെ പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കാന്‍ കഴിയുമെന്നും സി പി എം കണക്ക് കൂട്ടുന്നു.

മാണിക്ക് പുറമെ സോഷ്യലിസ്റ്റ് ജനതയും ആടി നില്‍ക്കുകയാണ്. യു ഡി എഫില്‍ മാണിയേക്കാള്‍ അസംതൃപ്തരാണ് സോഷ്യലിസ്റ്റ് ജനത. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനത്തിലുള്‍പ്പെടെ പരസ്യമായി ഈ വികാരം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് യോഗത്തില്‍ സി പി ഐയാണ് സംസ്ഥാന സര്‍ക്കാറിനെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കരുതെന്ന നിലപാടെടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് ചേരിമാറ്റ ചര്‍ച്ചകള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയത്.