സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതിയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍

Posted on: February 27, 2013 8:21 am | Last updated: February 27, 2013 at 2:45 pm

rapeകൊച്ചി: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി ചിങ്ങവനം പോലീസില്‍ നല്‍കിയ പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതു വരെ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ പുതിയ വസ്തുതകളില്ലെന്നും ആരോപണവിധേയനായ വ്യക്തിയെ 2007ല്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍സ് ഡയരക്ടര്‍ ജനറല്‍ ആസഫലി കോടതിയില്‍ വിശദീകരിച്ചു. കഴിഞ്ഞ ആറ് വര്‍ഷം പെണ്‍കുട്ടി മൗനം പാലിച്ചിരിക്കുകയായിരുന്നുവെന്നും ഡി ജി പി ചൂണ്ടിക്കാട്ടി.
സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മഹിളാ സംഘം നേതാവ് കമലാ സദാനന്ദന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വിശദമായ വാദം വേണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ഹരജി നിയമപരമായി നിലനില്‍ക്കുമോ എന്നത് സംബന്ധിച്ച് കോടതി അടുത്ത മാസം 11 ന് പ്രോസിക്യൂഷന്‍സ് ഡയരക്ടര്‍ ജനറലിന്റെ വാദം കേള്‍ക്കും.
പീഡനത്തിനിരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.