സനല്‍രാജിന്റെ മരണം: ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത്‌

Posted on: February 27, 2013 8:00 am | Last updated: March 12, 2013 at 12:33 am

കോഴിക്കോട്: പയ്യോളിയിലെ സി പി എം പ്രവര്‍ത്തകനായിരുന്ന സനുരാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത്. ബി എം എസ് പ്രവര്‍ത്തകനായിരുന്ന സി ടി മനോജ് കൊല്ലപ്പെട്ട കേസില്‍ പോലീസും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തിരുന്നയാളാണ് സനുരാജ്. ബി ജെ പി പ്രവര്‍ത്തകര്‍ സനുരാജിനെ ഭീഷണിപ്പെടുത്തിയെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് പിതാവ് ചൊറിയഞ്ചാല്‍ താഴേമ്മല്‍ രാജനാണ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയത്. മരണ വിവരം പുറത്തുവന്ന ഉടനെ സി പി എമ്മും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പരാതി സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി പയ്യോളി എസ് ഐ ശശിധരന്‍ പറഞ്ഞു.
അതേസമയം, സനുരാജിന്റെ മരണം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സ്വാഭാവികമരണമാണെന്നും ട്രെയിന്‍ തട്ടിയപ്പോള്‍ മുഖത്തും കഴുത്തിനുമേറ്റ പരുക്കുകളാണ് മരണകാരണമെന്നുമാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു.
ആര്‍ എസ് എസില്‍ നിന്ന് നിരന്തരം ഭീഷണി സനുരാജിനുണ്ടായിരുന്നതായാണ് സി പി എം പ്രാദേശിക നേതൃത്വം പറയുന്നത്. ചോദ്യം ചെയ്യാനായി എത്തണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സനുരാജിന് നോട്ടീസ് നല്‍കിയ ദിവസം തന്നെ അദ്ദേഹം മരിച്ചതും ദുരൂഹത ഏറ്റുന്നതാണെന്നാണ് സി പി എം പറയുന്നു.
അതേസമയം ദുരൂഹത സംബന്ധിച്ച് തെളിവുകളൊന്നുമില്ലെങ്കിലും സി പി എമ്മിന് പിന്നാലെ കുടുംബവും പരാതിയുമായി വന്ന സ്ഥിതിക്ക് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് എസ് ഐ പറഞ്ഞു. എന്തെങ്കിലും പ്രേരണയോ, ഭീഷണിയോ മരണത്തിന് കാരണമായോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അയനിക്കാട് ചൊറിയഞ്ചാല്‍ താഴേമ്മല്‍ ഉണ്ണി എന്ന സനുരാജിനെ (25) കഴിഞ്ഞ ദിവസമാണ് അയനിക്കാട് 24-ാം മൈല്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടത്.