Connect with us

Malappuram

മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷക്ക് പദ്ധതി

Published

|

Last Updated

മലപ്പുറം: തീരപ്രദേശത്തെ ജനങ്ങളുടെ സമ്പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര അരോഗ്യ സംരക്ഷണ പദ്ധതിക്ക് ജില്ലാപഞ്ചായത്ത് രൂപം നല്‍കി.
ആരോഗ്യതീരം എന്ന പേരിലുള്ള പദ്ധതി ഒന്‍പത് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണ് നടപ്പാക്കുക. കാല്‍ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനമുണ്ടാവുക. തീര പ്രദേശത്ത് താമസിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തീരപ്രദേശത്തെ മുഴുവന്‍ വീടുകളിലും വിശദമായ ആരോഗ്യസര്‍വേയും പഠനവും നടത്തും. ഇതനായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും .
സര്‍വേയില്‍ നിന്ന് കണ്ടെത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ത്രിതല പഞ്ചായത്തുകള്‍, ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സാമ്പത്തിക സഹായങ്ങള്‍ സംയോജിപ്പിച്ച് പ്രാവര്‍ത്തികമാക്കും.എല്ലാ കുടുംബങ്ങള്‍ക്കും ശാസ്ത്രീയമായ മലമൂത്ര വിസര്‍ജന സംവിധാനങ്ങള്‍ സജ്ജമാക്കല്‍, ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തല്‍, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഓടകള്‍ നിര്‍മിക്കല്‍, മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും രോഗപ്രതിരോധ കുത്തിവെപ്പ് നല്‍കല്‍, രോഗ സാധ്യതകള്‍ കണ്ടെത്തുന്നതിന് സ്‌ക്രീനിംഗ് ക്യാമ്പുകള്‍ തുടങ്ങി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. അടുത്ത മാസം ആദ്യവാരം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആലോചനാ യോഗം നടക്കും.

 

 

Latest