റെയില്‍വേ ബജറ്റും കേരളവും

Posted on: February 26, 2013 4:17 pm | Last updated: February 26, 2013 at 4:18 pm

റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ റെയില്‍വേ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയുടെ പാളത്തിലാണ് കേരളം. അവഗണനയുടെ അനുഭവങ്ങള്‍ അയവിറക്കാനേറെയുണ്ടെങ്കിലും യു പി എ സര്‍ക്കാരിന്റെ റെയില്‍വേ ബജറ്റില്‍ വാഗ്ദത്ത പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രഖ്യാപനങ്ങളെങ്കിലും ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്ന മട്ടില്‍ റെയില്‍വേയുടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുന്‍കൂര്‍ ജാമ്യമെടുത്തതും ദക്ഷിണ റെയില്‍വേയോടുള്ള അവഗണനയുടെ ആഴം മുന്നില്‍ കണ്ടുകൊണ്ടാകാം. ദക്ഷിണ സംസ്ഥാനങ്ങള്‍ക്ക് വാഗാദാനപ്പെരുമഴയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി ട്രെയിനുകളും എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്രം അനുവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ഈ പ്രവണതയില്‍ മാറ്റം കണ്ടില്ല.
പൂവണിയാത്ത സ്വപ്‌നമായി കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിയും അവശേഷിക്കുമ്പോള്‍, പ്രഖ്യാപിച്ച പുതിയ ട്രെയിനുകളില്‍ ഭൂരിഭാഗവും ഓടിത്തുടങ്ങിയിട്ടില്ല. 2009ലെ റെയില്‍വേ ബജറ്റിലാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യം ആദ്യം പരാമര്‍ശിച്ചത്. തുടര്‍ന്നുള്ള ബജറ്റുകളിലും വാഗ്ദാനം തുടര്‍ന്നു. കഴിഞ്ഞ ബജറ്റില്‍ കോച്ച് ഫാക്ടറിക്കായി നീക്കിവെച്ചത് 35 കോടി രൂപയായിരുന്നു. റായ്ബറേലിയില്‍ കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിക്കപ്പെട്ട കോച്ച് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി ഏറെ നാളായി. റെയില്‍വേ മന്ത്രി ശിലയിട്ടതൊഴിച്ചാല്‍ കഞ്ചിക്കോട്ട് പദ്ധതി ഒരിഞ്ചുപോലും മുന്നോട്ടു പോയിട്ടില്ല. ബജറ്റിലനുവദിച്ച തുക ഉപയോഗിച്ച് ആറ് മാസം മുമ്പ് സ്ഥലം ഏറ്റെടുത്ത് ചുറ്റുമതില്‍ കെട്ടല്‍ മാത്രമാണ് നടന്നത്. പാര്‍ലിമെന്റിലടക്കം ചോദ്യങ്ങളുയര്‍ന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയില്ല.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കുമ്പോള്‍ തിരുവനന്തപുരം ആസ്ഥാനമായി റെയില്‍വേ സോണിന് രൂപം നല്‍കുമെന്ന വാഗ്ദാനവും കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാറുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജലരേഖയായിരിക്കയാണ്. ഇത് നിലവില്‍ വന്നാല്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനില്‍ നിന്ന് വന്‍ വരുമാനമാണ് റെയില്‍വേക്ക് ലഭിക്കുക. ഇതിന് പുറമെ മംഗലാപുരം, കൊച്ചി തുറമുഖം അടക്കമുളള സ്ഥലങ്ങളിലേക്കുള്ള ചരക്കുനീക്കത്തിലൂടെയും ഉയര്‍ന്ന വരുമാനം കിട്ടും. സോണ്‍ അനുവദിച്ചാല്‍ സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ബജറ്റ് തുകയും മറ്റ് പദ്ധതികളും പുതിയ സര്‍വീസുകളും നേരിട്ട് ലഭിക്കും. ദൈനംദിന ചെലവുകള്‍ക്കു പോലും ചെന്നൈ സോണില്‍ ചെല്ലേണ്ട ദുരവസ്ഥക്ക് പരിഹാരം കാണുകയും ചെയ്യും.
സ്വകാര്യ പങ്കാളിത്തത്തോടെ ചേര്‍ത്തലയില്‍ വാഗണ്‍ യൂനിറ്റ് തുടങ്ങുമെന്നതും പ്രഖ്യാപനത്തില്‍ മാത്രമായിരിക്കുകയാണ്. 2008ല്‍ 85 കോടി അനുവദിച്ച ചേര്‍ത്തല ഓട്ടോകാസ്റ്റ് ഇതുവരെ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. വര്‍ഷങ്ങളായി പറയുന്ന ശബരി പാത ഏത് വഴി വേണമെന്ന് പോലൂം തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്ത് തുടങ്ങുമെന്ന് പറഞ്ഞ കുപ്പിവെള്ള യൂനിറ്റും റെയില്‍വേ മെഡിക്കല്‍ കോളജും ബജറ്റ് പ്രഖ്യാപനത്തില്‍ മാത്രമായി അവശേഷിച്ചു. പാതയിരട്ടിപ്പിക്കലും വൈദ്യൂതീകരണവും പോലും കേരളത്തില്‍ നടപ്പാകുന്നില്ല.
കഴിഞ്ഞ ബജറ്റില്‍ കേരളത്തിന് പുതുതായി അനുവദിച്ചത് രണ്ട് ട്രെയിനുകള്‍ മാത്രമാണ്. യശ്വന്ത് പൂര്‍- കൊച്ചുവേളിയും എറണാകുളം- തൃശൂര്‍ മെമുവും. രണ്ടും ഓടി തുടങ്ങിയിട്ടില്ല. ഇതിന് പുറമെ മലയാളികള്‍ കൂടുതലുള്ള മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് അവധിക്കാല ട്രെയിനുകള്‍ പോലും അനുവദിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ പുതിയ തീവണ്ടി, ഷൊര്‍ണൂര്‍-പനമ്പൂര്‍ വൈദ്യുതീകരണം, സ്റ്റേഷന്‍ വികസനത്തിന് ഫണ്ട് അനുവദിക്കല്‍, കണ്ണൂര്‍-മട്ടന്നൂര്‍ വിമാനത്താവള പാത യാഥാര്‍ഥ്യമാക്കല്‍ അവിടുന്നങ്ങോട്ട് മൈസുരുവിലേക്ക് പാത പണിയല്‍, തുറമുഖ പാതയുടെ പൂര്‍ത്തീകരണം എന്നിവക്ക് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
റെയില്‍വേ വികസനം സംസ്ഥാനത്തിന് അന്യമാകുമ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സമ്മര്‍ദം ചെലുത്തി വികസനം കൈയിലൊതുക്കുകയാണ്. റെയില്‍വേ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഒട്ടും പിറകില്ലാത്ത കേരളത്തിന് പദ്ധതികളും ട്രെയിനുകളും സമ്മര്‍ദം ചെലുത്തി വാങ്ങുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് അലംഭാവവും പ്രകടമാണ്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കവെ യാത്രക്കാരുടെ താത്പര്യങ്ങള്‍ അവഗണിക്കാത്ത, യാത്രാ ചരക്കുകൂലി വര്‍ധനവില്ലാത്ത ബജറ്റിനായിരിക്കും മുന്‍ഗണനയെങ്കിലും സാമ്പത്തിക ബാധ്യത തരണം ചെയ്യാന്‍ വകുപ്പുമന്ത്രി എന്ത് ജാലവിദ്യയാണ് പ്രയോഗിക്കുകയെന്ന് കണ്ടറിയണം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ പരിഗണന ലഭ്യമാക്കുകയും അവികസിത സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കുകയുമാണ് വേണ്ടത്. അല്ലാതെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ അര്‍ഹമായത് ആര്‍ക്കും നിഷേധിക്കരുത്. ഇതുകൊണ്ടുതന്നെ ദക്ഷിണ റെയില്‍വേക്ക് വിശിഷ്യാ കേരളത്തിന് വികസനത്തിന്റെ ചൂളം വിളിയുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍.