ഇന്ത്യയുടെ സമുദ്ര പ്രഹരി കപ്പല്‍ ഖത്തറില്‍

Posted on: February 25, 2013 10:26 pm | Last updated: February 27, 2013 at 4:25 pm

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈ കോസ്റ്റ് ഗാര്‍ഡിന് കീഴിലുള്ള ‘സമുദ്ര പ്രഹരി’ കപ്പല്‍ ഖത്തര്‍ തീരത്ത് നങ്കൂരമിട്ടു. ദോഹയിലെത്തിയ കപ്പലിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
ഈ മാസം 15നാണ് മുംബൈയില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടത്. തുടര്‍ന്ന് യു എ യില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഖത്തറിലെത്തുകയായിരുന്നു. ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കുന്ന കപ്പല്‍ മാര്‍ച്ച് ആദ്യവാരം ഇന്ത്യയില്‍ തിരിച്ചെത്തും. കടലുകളെ മാലിന്യമുക്തമാക്കണമെന്ന സന്ദേശവുമായാണ് കപ്പല്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. അറബ് രാജ്യങ്ങളില്‍ ആദ്യമായാണ് ‘സമുദ്ര പ്രഹരി’യുടെ സന്ദര്‍ശനം.
കടലുകളിലെ മാലിന്യങ്ങളും എണ്ണക്കപ്പലില്‍ നിന്നുണ്ടാകുന്ന ചോര്‍ച്ച വഴിയുള്ള മാലിന്യങ്ങളും നീക്കം ചെയ്യാന്‍ കപ്പലിന് സാധിക്കുമെന്ന് ക്യാപ്റ്റന്‍ ധോണിയും ഇന്ത്യന്‍ അംബാസിഡറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ രണ്ട് സ്ഥലങ്ങളിലാണ് സമുദ്ര പ്രഹരി കപ്പല്‍ ഉള്ളത്. മുംബൈയിലും ചെന്നെയിലും. 114 നാവികരും 30 ഓഫീസര്‍മാരും കപ്പലിലുണ്ട്.