Connect with us

Articles

ജമാഅത്തെ ഇസ്‌ലാമി നിരോധിക്കണം; ഷാബാഗ് ചത്വരം പറയുന്നു

Published

|

Last Updated

loka vishesham

മധ്യ ധാക്കയിലെ ഷാബാഗ് ചത്വരം. ബംഗ്ലാദേശ് ചരിത്രത്തിലെ നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായ ഇടം. ഭാഷാ പ്രസ്ഥാനം ജനിച്ചു വീണത് ഇവിടെയാണ്. രാജ്യത്തിന്റെ പിറവിയിലേക്ക് നയിച്ച വിമോചന പോരാട്ടം തുടങ്ങിയത് ഇവിടെ നിന്നാണ്. ശൈഖ് മുജീബുര്‍റഹ്മാനെ ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവായി മാറ്റിയ പേരാട്ടത്തിന്റെ പ്രതീകമാണ് ഷാബാഗ് ചത്വരം. ഈ മേഖലക്കടുത്താണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കീഴടങ്ങല്‍ ചടങ്ങ് നടന്നത്. പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാഷ്ട്രമായിത്തീര്‍ന്ന ബംഗ്ലാദേശിന്റെ ചരിത്രത്തിലുടനീളം ചോര പടര്‍ത്തി കിടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും കൊലവിളികളുടെയും പ്രതീകം കൂടിയാണ് ഇത്. മുജീബുര്‍റഹ്മാനെ കൊന്നു തള്ളിയപ്പോള്‍ മണ്ണില്‍ വീണ ചോരക്കും കണ്ണീരിനും, മനസ്സില്‍ നിറഞ്ഞ വേദനക്കും രോഷത്തിനും പകക്കുമെല്ലാം സാക്ഷിയാണ് ഈ ചത്വരം. ഈജിപ്തിലെ തഹ്‌രീര്‍ പോലെ, ചൈനയിലെ ടിയാന്‍മെന്‍ പോലെ ബഹ്‌റൈനിലെ മുത്ത് ചത്വരം പോലെ ഷാബാഗ് പ്രദേശം ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടക്കുള്ള കണ്ണിയായി നിലകൊള്ളുന്നു. എല്ലാ രാജ്യങ്ങളിലും ഇത്തരം ചരിത്ര സാക്ഷികളുണ്ട്. മനുഷ്യന്‍ സാമൂഹിക ജീവിയും രാഷ്ട്രീയ ജീവിയുമാണെന്നതിന്റെ തെളിവാണ് ഈ ചത്വരങ്ങള്‍.

ഷാബാഗ് ചത്വരം രണ്ടാഴ്ചയായി ജനനിബിഡമാണ്. രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതുമെന്ന പ്രഖ്യപനങ്ങളാണ് അവിടെ മുഴങ്ങുന്നത്. ആയിരങ്ങള്‍ ഇരച്ചെത്തുന്നു. മുപ്പത് വയസ്സിന് താഴെയുള്ള യുവാക്കളാണ് ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍ 1971ലെ സ്വാതന്ത്ര്യ സമരവും യുദ്ധവും അവര്‍ അനുഭവിച്ചിട്ടില്ല. രാജ്യത്തെ ജനാധിപത്യ സംവിധാനം അപകടത്തിലായ പട്ടാള അട്ടിമറിയുടെ നാളുകളെക്കുറിച്ച് മങ്ങിയ ഓര്‍മകള്‍ മാത്രമേ അവര്‍ക്കുള്ളൂ. അവര്‍ക്ക് കൃത്യമായ കക്ഷി രാഷ്ട്രീയമില്ല. പ്രത്യയശാസ്ത്ര ബാധ്യതകളില്ല. വലിയ ചരിത്ര ബോധമില്ല. ഈ കുത്തിയിരിപ്പിന് ശരിയായ നേതൃത്വവുമില്ല. ഫേസ്ബുക്ക് പോലുള്ള ഇന്റര്‍നെറ്റ് കൂട്ടായ്മകളാണ് അവരെ ചത്വരത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. ലോകത്താകെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അവരെ പ്രചോദിപ്പിക്കുന്നുണ്ട്. ആക്ടിവിസത്തിന്റെ പുതിയ പാഠങ്ങളാണ് അവരെ നയിക്കുന്നത്. തഹ്‌രീര്‍ ചത്വരമാണ് അവരുടെ ഏറ്റവും വലിയ മാതൃക. ബംഗാളി സമൂഹത്തിന്റെ മുഖമുദ്രയായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ എല്ലാ സാധ്യതകളും അവര്‍ ഉപയോഗിക്കുന്നു. അവര്‍ പടപ്പാട്ടുകള്‍ പാടുന്നു. തെരുവ് നാടകങ്ങള്‍ അരങ്ങേറുന്നു. മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു. പരുക്കന്‍ വാദ്യോപകരണങ്ങള്‍ മുഴക്കുന്നു. ഉച്ചത്തില്‍ കവിതകള്‍ ചൊല്ലുന്നു. ആഘോഷത്തിന്റെ ചട്ടക്കൂട് കൈവരിച്ച പ്രക്ഷോഭം.
ഷാബാഗ് മുന്നേറ്റത്തിന് പക്ഷേ, കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ഒന്ന്: അബ്ദുല്‍ ഖാദര്‍ മൊല്ലയെ തൂക്കിലേറ്റണം. രണ്ട്: ജമാഅത്തെ ഇസ്‌ലാമി നിരോധിക്കണം. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നതനായ നേതാവാണ് ഖാദര്‍ മൊല്ല. ഫെബ്രുവരി അഞ്ചിന് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ മൊല്ലക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 1971ലെ സ്വാതന്ത്ര്യ പോരാട്ടത്തിനിടെ പാക് പക്ഷം ചേര്‍ന്ന് നടത്തിയ ക്രൂരമായ കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും പേരിലാണ് മൊല്ലയെ ട്രൈബ്യൂണല്‍ ശിക്ഷിച്ചിരിക്കുന്നത്. വിഭജനത്തിന് ജമാഅത്ത് എതിരായിരുന്നു. ബംഗ്ലാദേശ് കാല്‍പ്പനികമായ സ്വപ്‌നമാണെന്ന് സംഘടന വാദിച്ചു. ബംഗ്ലാദേശ് ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗം പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമായി നിലകൊള്ളണമെന്ന് അവര്‍ ശഠിച്ചു. ഭാഷാപരമായ സ്വത്വത്തിനപ്പുറം പാക്കിസ്ഥാനുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാണ് കാരണങ്ങള്‍ ഏറെയുള്ളതെന്ന് അവര്‍ പ്രചരിപ്പിച്ചു. ആശയപരമായ പ്രചാരണത്തില്‍ ഒതുങ്ങിയില്ല ജമാഅത്തിന്റെ കുലംകുത്തല്‍. അതിന്റെ അടിസ്ഥാനപരമായ സ്വഭാവം പുറത്തെടുക്കുക തന്നെ ചെയ്തു. ആയുധമെടുത്തും ആളെ കൊന്നും രാഷ്ട്രീയത്തിലിടപെടുകയെന്ന പ്രായോഗിക രാഷ്ട്രീയമായിരുന്നു പാക് ജമാഅത്തെ ഇസ്‌ലാമിയുടെ ജനിതക സ്വഭാവം. ബംഗ്ലാ സ്വാതന്ത്ര്യ യുദ്ധത്തിന് ഇന്ത്യ നല്‍കിയ പിന്തുണ ചൂണ്ടിക്കാട്ടി സായുധ പക്ഷം ചേരലിന് ആശയാടിത്തറ സൃഷ്ടിക്കാന്‍ ജമാഅത്തിന് സാധിച്ചു. എട്ട് മാസം നീണ്ടു നിന്ന യുദ്ധത്തിനിടെ 30 ലക്ഷം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗ പരമ്പരകള്‍ തന്നെ നടന്നു. സ്ത്രീയെ അപമാനിക്കുകയെന്നത് ഒരു ജനതയെ അപമാനിക്കുന്നതിനുള്ള കുറുക്കുവഴിയാണല്ലോ.
ഈ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ബംഗ്ലാദേശ് 1973ല്‍ തന്നെ ഇന്റര്‍നാഷനല്‍ വാര്‍ ക്രൈംസ് ട്രൈബ്യൂണല്‍ ആക്ട് പാസ്സാക്കി. സ്വാതന്ത്ര്യാനന്തരം നടന്ന രൂക്ഷമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ട്രൈബ്യൂണല്‍ പക്ഷേ മുങ്ങിപ്പോയി. 1975ല്‍ ശൈഖ് മുജീബുര്‍റഹ്മാന്‍ വധിക്കപ്പെട്ടു. ഭരണം സൈനിക മേധാവികളുടെ കൈകളിലേക്ക് വഴുതി. അതോടെ യുദ്ധക്കുറ്റവാളികള്‍ പൊതു സമൂഹത്തിന്റെ ഭാഗമായി. അവര്‍ക്ക് മാന്യമായ രാഷ്ട്രീയ സ്ഥാനങ്ങള്‍ ലഭിച്ചു. 1973ല്‍ ഔദ്യോഗികമായി നിലവില്‍ വന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നിയമപരമായ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി മാറി. ഇന്ന് പ്രധാന പ്രതിപക്ഷ സഖ്യമായ ബി എന്‍ പിയുടെ നിര്‍ണായക ഘടക കക്ഷിയാണ് ജമാഅത്തെ ഇസ്‌ലാമി. 2001 മുതല്‍ 2006വരെ ഇവര്‍ ഭരിച്ചു. സ്വയം റദ്ദാക്കി അതത് കാലത്ത് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ വല്ലാത്ത മെയ്‌വഴക്കമാണല്ലോ ജമാഅത്തെ ഇസ്‌ലാമിക്ക്.
2008ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ചിത്രം മാറി. യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കുമെന്നത് അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സ്വന്തം പിതാവിന്റെ സ്വപ്‌നങ്ങള്‍ക്കുമേല്‍ മരണം വിതച്ചവരോടുള്ള പ്രതികാരമാണ് അവര്‍ക്ക് ഇത്. രാഷ്ട്രത്തില്‍ നിന്ന് വ്യക്തിയിലേക്കുള്ള ചുരുങ്ങല്‍. പക്ഷേ, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളേയും ഇത് ബോധ്യപ്പെടുത്താന്‍ ഹസീനക്ക് കഴിഞ്ഞുവെന്നതിലാണ് അവരുടെ വിജയം. അവാമി ലീഗ് സര്‍ക്കാര്‍ രണ്ട് യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ രൂപവത്കരിച്ചു. ഒന്ന് 2010ല്‍. രണ്ടാമത്തേത് 2012ല്‍. ഇതില്‍ ആദ്യത്തെ ട്രൈബ്യൂണലാണ് അബ്ദുല്‍ ഖാദര്‍ മൊല്ലക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഈ ശിക്ഷ പോരെന്നാണ് ഷാബാഗില്‍ ഉയരുന്ന മുദ്രാവാക്യം. “മൊല്ലയെ തൂക്കിലേറ്റുക, ജമാഅത്തെ ഇസ്‌ലാമി നിരോധിക്കുക” എന്നാണ് യുവാക്കള്‍ ആര്‍ത്തുവിളിക്കുന്നത്. പ്രക്ഷോഭം രാജ്യത്താകെ പടരുമ്പോള്‍ ജമാഅത്തും കൂട്ടാളികളും അക്രമാസക്ത പ്രതിരോധം തുടങ്ങിയിട്ടുണ്ട്. സംഘടന പ്രഖ്യാപിച്ച ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന സുപ്രസിദ്ധ ബ്ലോഗര്‍ അഹ്മദ് റജീബ് ഹൈദര്‍ കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ചു. വീണ്ടും ആഭ്യന്തര കലാപത്തിലേക്ക് രാജ്യം കൂപ്പുകുത്തുകയാണെന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. ഹൈദറിന്റെ രക്തസാക്ഷിത്വം പ്രക്ഷോഭകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിരിക്കുന്നു.
സര്‍ക്കാറാകട്ടെ പ്രക്ഷോഭത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്. “ഞാന്‍ ഇവിടെയാണെങ്കിലും എന്റെ ഹൃദയം ഷാബാഗിലാണെ”ന്ന് ശൈഖ് ഹസീന പാര്‍ലിമെന്റില്‍ പ്രഖ്യാപിച്ചത് വെറുതെയല്ല. തന്റെ രാഷ്ട്രീയ ഭാവി ഈ യുവാക്കളിലാണെന്ന് ഹസീനക്കറിയാം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനുള്ള മുതല്‍ മുടക്കായി തന്നെയാകാം അവര്‍ പ്രക്ഷോഭത്തെ കാണുന്നത്. 1973ലെ ട്രൈബ്യൂണല്‍ ആക്ട് ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതോടെ അബ്ദുല്‍ ഖാദര്‍ മൊല്ലക്ക് വധശിക്ഷ നല്‍കണമെന്ന് അപ്പീലിലൂടെ ആവശ്യപ്പെടാന്‍ ഹസീന സര്‍ക്കാറിന് സാധിക്കും. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കാനുമാകും.
ട്രൈബ്യൂണല്‍ വിധിയെ സ്വാധീനിക്കാനുള്ള തന്ത്രമാണ് പ്രക്ഷോഭമെന്നും സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് പരിപാടിയാണ് ധാക്കയില്‍ നടക്കുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി ആരോപിക്കുന്നു. സംഘടന നിരോധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവര്‍ ഭീഷണി മുഴക്കുന്നു. വര്‍ഷക്കണക്കുകള്‍ നിരത്തി ദുര്‍ബലമായ ന്യായീകരണവും സംഘടന നടത്തുന്നുണ്ട്. 1971ല്‍ പാക് പക്ഷം ചേര്‍ന്നത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയല്ലെന്നതാണ് ആ വാദം. അന്ന് പാക് ജമാഅത്തെ ഇസ്‌ലാമിയേ ഉള്ളൂ. ആ സംഘടനയുടെ സ്വാഭാവികമായ നിലപാടായിരിക്കുമല്ലോ വിഭജനവിരുദ്ധത. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി രൂപവത്കൃതമാകുന്നത് 1973 ലാണ്. അതിന് ശേഷം ബംഗ്ലാദേശിന്റെ രാഷ്ട്രീയ സാമൂഹിക ഘടനയില്‍ ക്രിയാത്മകമായ സാന്നിധ്യമായിരുന്നു സംഘടനയെന്നും ജമാഅത്ത് നേതാക്കള്‍ അവകാശപ്പെടുന്നു.
എന്നാല്‍, സത്യമെന്താണ്? ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും അപകടകരമായ മതാധിഷ്ഠിത രാഷ്ട്രീയ സംഘടനയായി വളര്‍ന്ന ജമാഅത്തെ ഇസ്‌ലാമി പലയിടങ്ങളില്‍ പല വേഷം ധരിക്കുമ്പോഴും അടിസ്ഥാനപരമായി അവ ഒന്നു തന്നെയാണ്. ഭിന്ന ഭാവങ്ങള്‍ നിലനില്‍പ്പിനായുള്ള തട്ടിപ്പുകള്‍ മാത്രമാണ്. 1941 ആഗസ്റ്റ് 26ന് അബുല്‍ അഅ്്‌ലാ മൗദൂദി രൂപം നല്‍കിയ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ് സത്യം. 1947ലെ ഇന്ത്യന്‍, പാക്കിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമി വിഭജനവും 1973ലെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി രൂപവത്കരണവും സാങ്കേതികമായ ക്രമീകരണങ്ങള്‍ മാത്രമായിരുന്നു. കേരളത്തില്‍ രാഷ്ട്രീയ പ്രവേശത്തിനും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാനും ഇതൊന്നുമല്ലാത്ത ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കുമായി മൗദൂദിയെ തള്ളിപ്പറയുമ്പോഴും ഒരു ജമാഅത്തുകാരനും ആ പ്രാദേശിക പത്രപ്രവര്‍ത്തകനെ ത്യജിക്കാനാകില്ല.
മതരാഷ്ട്ര സംസ്ഥാപനത്തിനായി വിയര്‍പ്പൊഴുക്കാതെ മൗദൂദിയുടെ മുസ്‌ലിമിന്റെ വിശ്വാസം പൂര്‍ത്തിയാകുന്നില്ല. ഹുകുമത്തെ ഇലാഹിയാണ് വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം. ദീന്‍ എന്നതിന്റെ വിശാലാര്‍ഥം രാഷ്ട്രം എന്നാകുന്നു. ശരീഅത്ത് ആ രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥയാണ്. ഇബാദത്ത് അനുസരണയാണ്. രാഷ്ട്രത്തിന്റെ നിയമങ്ങളോടുള്ള അനുസരണ. നിസ്‌കാരവും നോമ്പും ഹജ്ജും ഇസ്‌ലാമിക രാഷ്ട്ര സംസ്ഥാപനത്തിനുള്ള പരിശീലനങ്ങളാണ്. മതേതര രാഷ്ട്രത്തെ തള്ളിക്കളയേണ്ടതുണ്ട്. അതിന്റെ ഉപകരണങ്ങളായ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം. അതിന്റെ ഉദ്യോഗങ്ങള്‍ സ്വീകരിക്കരുത്. അങ്ങനെ പോകുന്നു മൗദൂദി സാഹിത്യം. പുതിയ കാലത്ത് പറഞ്ഞ് നില്‍ക്കാന്‍ സാധിക്കാത്തതു കൊണ്ട് കാശ്മീരില്‍ ഒരു നയവും കേരളത്തില്‍ മറ്റൊന്നുമായി ജമാഅത്ത് പല കോലങ്ങളില്‍ അവതരിക്കുന്നു. നോക്കൂ, കേരളത്തില്‍ എത്ര മതേതരവും ജനറലുമാണത്. മുഖ്യധാരയിലെ ഒരു കസേരയിടത്തിനായി ഇവിടെ ഏത് നീക്കുപോക്കിനും തയ്യാറാണ്.
സത്യത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ തീവ്രവാദ പ്രവണതകള്‍ക്കു പിന്നിലും ജമാഅത്തെ ഇസ്‌ലാമിയോ അതിന്റെ ആശയ സഹോദരന്‍മാരോ ഉണ്ട്. ഏറ്റവും ഒടുവില്‍ പാക്കിസ്ഥാനിലെ ശിയാ വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കു പിന്നിലും ജമാഅത്തെ ഇസ്‌ലാമിയാണ്. സുന്നി- ശിയാ സംഘട്ടനമായി മാധ്യമങ്ങള്‍ ഇവയെ അവതരിപ്പിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അര്‍ഥം വലിയ കള്ളത്തരമാണ്. അന്തര്‍ ദേശീയ തലത്തില്‍ “സുന്നി” എന്ന പ്രയോഗം പ്രത്യേക പഠനവിധേയമാക്കണമെന്നാണ് ഈ ലേഖകന്റെ പക്ഷം. ആഗോള മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സുന്നി സംജ്ഞയില്‍ ശിയാ ഇതര വിഭാഗങ്ങളെല്ലാം വരുന്നു. സത്യത്തില്‍ ശിയാക്കളെയാണോ പുറത്ത് നിര്‍ത്തേണ്ടത്?
ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കുമെന്ന് തന്നെയാണ് ഏറ്റവും പുതിയ സൂചനകള്‍ കാണിക്കുന്നത്. പ്രക്ഷോഭകാരികള്‍ മുന്നോട്ട് വെക്കുന്ന ലിബറലിസവും സെക്യുലറിസവും പാശ്ചാത്യ ഇറക്കുമതികളാകാം. പക്ഷേ, ജമാത്ത് ഇസ്‌ലാമിയുടെ ആശയ സംഹിത അവയേക്കാള്‍ അപകടകരമായതിനാല്‍ ഈ നിരോധത്തെ പിന്തുണക്കാതിരിക്കാന്‍ മനുഷ്യസ്‌നേഹികള്‍ക്ക് സാധിക്കില്ല. നിരോധത്തിന് മുമ്പ് 1971 ല്‍ എന്ത് നടന്നുവെന്ന് കൃത്യമായി പരിശോധിക്കപ്പെടട്ടെ. അതിന് ഖാലിദാ സിയയുടെ ബി എന്‍ പിയും പിന്തുണ നല്‍കും. രാഷ്ട്രീയമായി സഖ്യം അനിവാര്യമാണെങ്കിലും ഇക്കാര്യത്തില്‍ ജമാഅത്തിനെ അവര്‍ പിന്താങ്ങുമെന്ന് തോന്നുന്നില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്