ടു ജിയുടെ രണ്ടാം വരവ്

Posted on: February 25, 2013 8:34 am | Last updated: November 6, 2013 at 9:51 pm

siraj copyടു ജി സ്‌പെക്ട്രം കുംഭകോണം വീണ്ടുമൊരിക്കല്‍ കൂടി സജീവ ചര്‍ച്ചാവിഷയമാകുകയാണ്. വിഷയത്തില്‍ തന്റെ വാദമുഖങ്ങള്‍ വിശദീകരിക്കാന്‍ സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി (ജെ പി സി) മുമ്പാകെ അവസരം വേണമെന്നാവശ്യപ്പെട്ട് മുന്‍ ടെലികോം മന്ത്രി എ രാജ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിന് കത്തയച്ചിരിക്കുന്നു. ജെ പി സി മുമ്പാകെ ടെലികോം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സാക്ഷികളില്‍ പലരും നല്‍കിയ മൊഴി രാജക്കെതിരായിരുന്നു. കുംഭകോണത്തിനിടയാക്കിയ തീരുമാനങ്ങള്‍ക്കെല്ലാം ഉത്തരവാദി രാജയാണെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ, രാജക്ക് പറയാനുള്ള അവസരം നല്‍കിയതുമില്ല. ഈ സാഹചര്യത്തിലാണ് രാജ സ്പീക്കര്‍ക്ക് കത്തയച്ചത്. ടു ജി സ്‌പെക്ട്രം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തതും ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ സ്‌പെക്ട്രം അനുവദിച്ചതും പ്രധാനമന്ത്രി അടക്കമുള്ളവരുടെ അംഗീകാരത്തോടെയാണെന്ന് ആദ്യം മുതല്‍ തന്നെ രാജ അവകാശപ്പെട്ടിരുന്നതാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പുറമെ ധനമന്ത്രി പി ചിദംബരത്തിനും മുന്‍ ധനമന്ത്രിയും ഇപ്പോള്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിക്കുമെല്ലാം ടു ജി സ്‌പെക്ട്രം അനുവദിച്ചതില്‍ തനിക്കൊപ്പം പങ്കുണ്ടെന്നാണ് രാജയുടെ നിലപാട്. ഈ സാഹചര്യത്തില്‍ തനിക്ക് പറയാനുള്ളതു കൂടി ജെ പി സി കേള്‍ക്കണമെന്ന രാജയുടെ വാദത്തിന് യു പി എയിലെ പ്രമുഖ ഘടകകക്ഷിയായ ഡി എം കെയുടെ പിന്തുണയുമുണ്ട്. ജെ പി സിയുടെ ഏറ്റവും ഒടുവില്‍ നടന്ന യോഗത്തില്‍ ഡി എം കെയുടെ പ്രതിനിധികളായ ടി ആര്‍ ബാലു, ടി ശിവ എന്നിവര്‍ രാജയെ സാക്ഷിയായി വിസ്തരിക്കണമെന്ന് അധ്യക്ഷന്‍ പി സി ചാക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ചാക്കോയുടെ ശ്രദ്ധ ഇപ്പോള്‍ എത്രയും വേഗം ജെ പി സി റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലിമെന്റിന്റെ നടപ്പ് ബജറ്റ് സമ്മേളനത്തില്‍ തന്നെ സമര്‍പ്പിക്കാനാണ്. അതിനിടയിലാണ് രാജ സ്പീക്കര്‍ക്ക് കത്തയച്ചത്.
രാജയുടെ കത്ത് ജെ പി സി അധ്യക്ഷന് കൈമാറുക എന്നതില്‍ കവിഞ്ഞ് സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല. ടു ജി സ്‌പെക്ട്രം അനുവദിക്കുന്ന കാര്യത്തിലുള്ള എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയും അന്നത്തേയും ഇപ്പോഴത്തേയും ധനമന്ത്രിമാരും അറിഞ്ഞുകൊണ്ടാണെന്ന രാജയുടെ നിലപാട് യു പി എ സര്‍ക്കാറിനെ വിഷമവൃത്തത്തിലാക്കുന്നതാണ്. പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരെ ജെ പി സി മുമ്പാകെ വിളിച്ചുവരുത്തണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം അധ്യക്ഷന്‍ പി സി ചാക്കോ ഇതിനകം നിരാകരിച്ചതാണ്. രാജയെ സാക്ഷിയായി വിസ്തരിക്കണമെന്ന ആവശ്യം ചാക്കോ അംഗീകരിച്ചാല്‍ അതിനെ തുടര്‍ന്നുണ്ടാകാവുന്ന നടപടികള്‍ യു പി എ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ടു ജി സ്‌പെക്ട്രം വിഷയത്തില്‍ രാജയും പ്രധാനമന്ത്രിയും ധനമന്ത്രി ചിദംബരവും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍, പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന എന്നിവയെല്ലാം ഇടപാടിന് വഴിതുറക്കുന്നതിലുള്ള കൂട്ടുത്തരവാദിത്വം ബോധ്യപ്പെടുത്തുന്നതാകും. സ്‌പെക്ട്രത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2007 ഒക്‌ടോബര്‍ ഒന്നില്‍ നിന്നും സെപ്തംബര്‍ 25ലേക്ക് മാറ്റിയ രാജയുടെ തീരുമാനവും പ്രധാനമന്ത്രിയെ അറിയിച്ച ശേഷമായിരുന്നു. ജെ പി സി മുമ്പാകെ സാക്ഷിയെന്ന നിലയില്‍ മൊഴി നല്‍കാന്‍ അവസരം ലഭിച്ചാല്‍ തന്റെ തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രിയുമായും മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളുമായും കൂടിയാലോചിച്ചും അഡ്വക്കറ്റ് ജനറലിന്റെ അംഗീകാരത്തോടെയുമാണെന്നായിരിക്കും ബോധിപ്പിക്കുക. സര്‍ക്കാറിന് ഇതുണ്ടാക്കുന്ന പ്രയാസം ഊഹിക്കാവുന്നതേയുള്ളു.
കേസില്‍ സി ബി ഐക്ക് വേണ്ടി ഹാജരായിരുന്ന അഭിഭാഷകരിലൊരാളായ എ കെ സിംഗ്, കേസില്‍ പ്രതിയായ യൂനിടെക് എം ഡി സഞ്ജയ് ചന്ദ്രയെ സഹായിച്ചുവെന്ന ആരോപണം ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ സംഘത്തിലെ മുഴുവന്‍ അംഗങ്ങളേയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ നിലപാടും കൈക്കൊള്ളുന്ന തന്ത്രങ്ങളുമാണ് പ്രോസിക്യൂട്ടര്‍ പ്രതിക്ക് ചോര്‍ത്തിക്കൊടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് വിദേശങ്ങളില്‍ നടക്കുന്ന അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതും ജെ പി സിയെ ആകുലപ്പെടുത്തുന്നുണ്ട്. ഇതും ചില ഒത്തുകളികളുടെ ഭാഗമായാണോ എന്ന സംശയവും ഇല്ലാതില്ല. ജെ പി സിയുടെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ആശങ്കകള്‍ ടു ജി സ്‌പെക്ട്രം കേസില്‍ ഉണ്ടായാല്‍ അത് ജനാധിപത്യ സംവിധാനത്തിനേല്‍ക്കുന്ന കനത്ത പ്രഹരമായിരിക്കും. രാജയുടെ ആവശ്യം സംബന്ധിച്ച്, ജെ പി സി അധ്യക്ഷനെന്ന നിലയില്‍ പി സി ചാക്കോ കൈക്കൊള്ളുന്ന തീരുമാനത്തിന് രാജ്യം കാതോര്‍ക്കുകയാണ്.