Connect with us

National

സാക്ഷിയായി ജെ പി സിയിലേക്ക് വിളിപ്പിക്കണമെന്ന് ലോക്‌സഭാ സ്പീക്കറോട് രാജ

Published

|

Last Updated

ന്യൂഡല്‍ഹി: സാക്ഷിയായി ജെ പി സി (സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി) മുമ്പാകെ ഹാജരാകാന്‍ അനുവദിക്കണമെന്ന് 2 ജി സ്‌പെക്ട്രം അഴിമിതിക്കേസില്‍ ആരോപണവിധേയനായ മുന്‍ ടെലികോം മന്ത്രി എ രാജ. ജെ പി സി മുമ്പാകെ ഹാജരായി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി, രാജക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ദിവസങ്ങള്‍ക്കകമാണ് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനോട് രാജ ഈ ആവശ്യം ഉന്നയിച്ചതെന്നത് ശ്രദ്ധേയമാണ്. 2 ജി അഴിമതി കേസില്‍ സി ബി ഐ പ്രത്യേക കോടതിയില്‍ ഹാജരായ മറ്റ് സാക്ഷികളും രാജക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
തന്റെ ഭാഗം വിശദീകരിക്കാന്‍ ജെ പി സി മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്ന് കാണിക്കുന്ന കത്ത് മീരാ കുമാറിനെ അവരുടെ ഓഫീസിലെത്തിയാണ് രാജ കൈമാറിയത്. രാജയെ സാക്ഷിയായി വിളിപ്പിക്കണമെന്ന് ജെ പി സിയില്‍ അംഗങ്ങളായ ഡി എം കെ നേതാക്കളായ ടി ആര്‍ ബാലുവും ടി ശിവയും ചെയര്‍മാന്‍ പി സി ചാക്കോക്ക് മേല്‍ ശക്തമായ സമ്മര്‍ദം തുടരുകയാണ്. വഹന്‍വതിയെ വീണ്ടും വിളിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ഹാജരായ സമയത്ത്, 2008ല്‍ 2 ജി സ്‌പെക്ട്രം ലൈസന്‍സ് ലേലം ചെയ്യാനുള്ള വാര്‍ത്താ സമ്മേളനത്തിനുള്ള കുറിപ്പില്‍ തന്റെ അനുമതി കൂടാതെ അവസാന നിമിഷം മാറ്റം വരുത്തിയെന്ന് വഹന്‍വതി ആരോപിച്ചിരുന്നു. അക്കാലത്ത് സോളിസിറ്റര്‍ ജനറലായിരുന്നു വഹന്‍വതി.
അതേസമയം, രാജയെ സാക്ഷിയായി വിളിപ്പിക്കുന്നതിനോട് ചാക്കോക്ക് കടുത്ത എതിര്‍പ്പാണ്. ആരോപണവിധേയനെന്ന നിലക്ക് രാജക്ക് നിയമ പരിരക്ഷയുണ്ട്. അതിനാല്‍ ഏത് കമ്മിറ്റിക്ക് മുമ്പിലും പുതിയ വെളിപ്പെടുത്തലുകള്‍ നടത്താനാകില്ല. അതിനാല്‍ രാജയെ വിളിപ്പിക്കേണ്ടെന്നാണ് ചാക്കോയുടെ നിലപാട്. അതേസമയം ഇക്കാര്യത്തില്‍ ചാക്കോ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.
സാക്ഷിയായി ഒരാളെ വിളിപ്പിക്കണമെന്ന് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്ന് പാര്‍ലിമെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ രാജയുടെ കത്ത് മീരാ കുമാര്‍ ജെ പി സി അധ്യക്ഷന്‍ ചാക്കോക്ക് അയച്ചുകൊടുക്കുകയായിരിക്കും ചെയ്യുക. ചാക്കോ ഇപ്പോള്‍ ബംഗളൂരുവിലാണ്.

Latest