അറക്കല്‍ ചന്ത മാര്‍ച്ച് 17ന് തുടങ്ങും

Posted on: February 24, 2013 8:29 am | Last updated: February 24, 2013 at 8:29 am

വടകര: വടക്കന്‍ കേരളത്തിലെ ചരിത്ര പ്രസിദ്ധമായ ശ്രീ അറക്കല്‍ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂര മഹോത്സവത്തോടനുബന്ധിച്ച് ഒഞ്ചിയം ഗ്രാമപഞ്ചായത്തും ക്ഷേത്ര ഭരണസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന അറക്കല്‍ ചന്ത മാര്‍ച്ച് 17 മുതല്‍ 25 വരെ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത്, ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 17ന് വൈകീട്ട് നാല് മണിക്ക് സാംസ്‌കാരിക ഘോഷയാത്രയോടെ കൊടിയേറുന്ന ക്ഷേത്രോത്സവം 25ന് ആറാട്ടോടെ സമാപിക്കും.
പൂര മഹോത്സവത്തിന്റെ ഭാഗമായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിനോദ-വിജ്ഞാന-വിപണന രംഗത്തെ വിവിധ സ്റ്റാളുകള്‍, കരകൗശല വിദ്യാഭ്യാസ ആരോഗ്യ പ്രദര്‍ശനങ്ങള്‍ എന്നിവയും കലാപരിപാടികളും നടക്കും. ചന്തലേലം ഈ മാസം 28ന് വൈകീട്ട് നാല് മണിക്ക് അറക്കല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജയരാജന്‍, എം എം കുമാരന്‍മാസ്റ്റര്‍, അഷ്‌റഫ് വട്ടച്ചാലില്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സി വത്സന്‍, കുമാരന്‍ വെളിച്ചപ്പാട്, സി കെ വിജയന്‍ പങ്കെടുത്തു.