സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ മറവില്‍ കരാറുകാരന്‍ മണ്ണ് കടത്തുന്നതായി പരാതി

Posted on: February 24, 2013 8:28 am | Last updated: February 24, 2013 at 8:28 am

പയ്യോളി: പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ മറവില്‍ കരാറുകാരന്‍ മണ്ണ് കുഴിച്ചെടുത്ത് കടത്തുന്നതായി പരാതി.
പരാതിയെതുടര്‍ന്ന് അന്വേഷണവിധേയമായി പ്രവൃത്തി നിര്‍ത്തിവെക്കാന്‍ തിക്കോടി വില്ലേജ് ഓഫീസര്‍ ഐ വി ചന്ദ്രന്‍ മെമ്മോ നല്‍കി. പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ ജില്ലാ പഞ്ചായത്ത് കരാര്‍ നല്‍കിയ വ്യക്തിയാണ് ലോഡ് കണക്കിന് മണ്ണ് കടത്തുന്നതായി പരാതി ഉയര്‍ന്നത്. ഹൈസ്‌കൂളിന്റെ കിഴക്ക് ഭാഗത്തെ കാന്റീനിനടുത്ത് അഞ്ച് മുറികളുള്ള കെട്ടിടമാണിത്.
ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരം മേലടി ബ്ലോക്ക് പഞ്ചായത്ത് എ ഇ ആണ് കരാര്‍ നടപടികള്‍ നീക്കിയത്. ‘എല്‍’ ആകൃതിയില്‍ ഉള്ള കെട്ടിടം നിന്ന സ്ഥലത്തുനിന്ന് എക്‌സവേറ്റര്‍ ഉപയോഗിച്ച് ഒന്നര മീറ്റര്‍ താഴ്ചയില്‍, 15 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമായി മണ്ണ് നീക്കിയതായി കാണുന്നു.
രണ്ട് മുറികള്‍ കൂടി പൊളിച്ചുമാറ്റാന്‍ ബാക്കിയുണ്ട്. പരാതിയെതുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ഐ വി ചന്ദ്രന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം കെട്ടിടം നിന്ന ഭാഗത്തെ ഫൗണ്ടേഷനടക്കം മണ്ണ് മാറ്റാനാണ് കരാര്‍ നല്‍കിയതെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പ്രവൃത്തി തുടരുമെന്ന് അറിയുന്നു.