ടുണീഷ്യയിലെ സംഭവങ്ങള്‍

Posted on: February 24, 2013 8:19 am | Last updated: February 24, 2013 at 8:19 am

SIRAJ.......ടുണീഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഒട്ടും ആശാവഹമല്ല. അറബ് വസന്തമെന്നും മുല്ലപ്പൂ വിപ്ലവമെന്നുമൊക്കെ കൊണ്ടാടിയ ഭരണവിരുദ്ധ ജനകീയ മുന്നേറ്റങ്ങളുടെ നാന്ദി കുറിച്ച ആഫ്രിക്കന്‍ രാജ്യമാണ് ടുണീഷ്യ. വിപ്ലവം പിന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴേക്കും ഈ രാജ്യം കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ആഹ്വാന പ്രകാരം ആയിരങ്ങള്‍ തെരുവിലിറങ്ങുന്നു. രാഷ്ട്രീയഭേദമില്ലാത്ത വന്‍ മുന്നേറ്റമായി അത് മാറുകയാണ്. ജനങ്ങള്‍ അതൃപ്തരാണ്. വല്ലാത്തൊരു തിരിച്ചു പോക്കിലാണ് ടുണീഷ്യ.
1987 മുതല്‍ രാജ്യത്തിന്റെ അധികാരം കൈയാളിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ താഴെയിറക്കി ജനകീയ പിന്തുണയോടെ അധികാരത്തിലെത്തിയ ഹമദി ജബലി രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ അന്നഹ്ദയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാറിനകത്ത് രൂപപ്പെട്ട കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ തന്നെയാണ് ജബലിയുടെ രാജിയില്‍ കലാശിച്ചത്. പകരക്കാരനായി അലി ലറായേദിനെ നിശ്ചയിച്ചതായി അന്നഹ്ദ നേതാവ് റാശിദ് ഗന്നൗശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അലി കടുത്ത മതപരിഷ്‌കരണവാദിയാണ്. കര്‍ക്കശക്കാരനുമാണ്. പുതിയ ഭരണഘടന പോലും രൂപപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ കൂട്ടുകക്ഷി സംവിധാനത്തെ ആശ്രയിക്കുന്ന ഒരു സര്‍ക്കാറിനെ ഇത്തരമൊരാള്‍ എങ്ങനെ നയിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഇടതുപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാട്രിയോട്‌സ് പാര്‍ട്ടി (ഡി പി പി)യുടെ നേതാവ് ശുക്‌രി ബെലയ്ദിന്റെ അരുംകൊലയാണ് ടുണീഷ്യയിലെ തെരുവുകളെ പ്രക്ഷുബ്ധമാക്കിയ ഏറ്റവും ഒടുവിലത്തെ സംഭവം. അന്നഹ്ദ സര്‍ക്കാറിന്റെ രൂക്ഷവിമര്‍ശകനായിരുന്നു ശുക്‌രി ബലയ്ദ്. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ ഊന്നിപ്പറഞ്ഞിരുന്നത്. രാഷ്ട്രീയ സ്ഥിരത കൈവരിക്കണമെങ്കില്‍ സൈനുല്‍ ആബിദീന്‍ ഭരണ കാലത്തെ സാമ്പത്തിക നയം അപ്പാടെ പൊളിച്ച് പണിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറില്‍ ഈ ആവശ്യമുന്നയിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു.
ശുക്‌രിയുടെ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അന്നഹ്ദ ആവര്‍ത്തിക്കുമ്പോഴും അത് സ്വന്തം പ്രധാനമന്ത്രിയെപ്പോലും ബോധ്യപ്പെടുത്താന്‍ അവര്‍ക്കായില്ല. തെരുവിലെ പ്രതിഷേധം അര്‍ഥവത്താണെന്ന് ജബലി തുറന്നടിച്ചു. ഈ മന്ത്രിസഭ പിരിച്ചു വിടണം. രാഷ്ട്രീയേതരമായ (ടെക്‌നോക്രാറ്റുകളുടെ) സര്‍ക്കാര്‍ രൂപവത്കരിക്കണം. പക്ഷേ, പാര്‍ട്ടി വഴങ്ങിയില്ല. ഒടുവില്‍ ജബലി രാജിവെച്ചൊഴിഞ്ഞു. തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്.
മുഹമ്മദ് ബൗസിസിയെന്ന അഭ്യസ്തവിദ്യനായ ഉന്തുവണ്ടിക്കച്ചവടക്കാരന്റെ ജീവത്യാഗമായിരുന്നു മുല്ലപ്പൂ വിപ്ലവത്തിന് തിരി കൊളുത്തിയത്. വിപണി അധിഷ്ഠിത സാമ്പത്തിക ക്രമത്തിന്റെ ഉപോത്പന്നങ്ങളായ തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, ചൂഷണം തുടങ്ങിയവക്കെതിരെ തന്റെ ജീവിതം കൊണ്ട് പ്രതിഷേധാഗ്നി പടര്‍ത്തുകയായിരുന്നു ആ യുവാവ്. പക്ഷേ, വിപ്ലവാനന്തരം അധികാരമേറ്റ അന്നഹ്ദക്ക് ഈ കെടുതികളെ ഉച്ചാടനം ചെയ്യാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ബിന്‍ അലിയുടെ കാലത്തെ എല്ലാ കെട്ട പ്രവണതകളും അതിവേഗം തിരിച്ചു വന്നു. ടൂറിസത്തില്‍ നിന്ന് വരുമാനം പ്രതീക്ഷിച്ചുള്ള നയങ്ങളുമായി തന്നെയാണ് പുതിയ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ സ്ഥിതിവിശേഷം ഉണ്ടാക്കുന്ന ഇച്ഛാഭംഗമാണ് ഇപ്പോള്‍ ടുണീഷ്യയില്‍ നിന്ന് കേള്‍ക്കുന്ന നിര്‍ഭാഗ്യകരമായ വാര്‍ത്തകളുടെ അടിസ്ഥാന കാരണം.
ജനങ്ങളുടെ അസ്വസ്ഥതയും നിരാശയും കൂടുതല്‍ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചേക്കാം. രാഷ്ട്രീയ അസ്ഥിരതയില്‍ നിന്ന് മുതലെടുക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കും. പഴയ സൈന്യം തന്നെയാണ് രാജ്യത്തുള്ളത്. അവര്‍ പുതിയ സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പറയാനാകില്ല. ഈ കൂട്ടക്കുഴപ്പങ്ങള്‍ക്കിടയില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. ഇത് ജനങ്ങളെ കൂടുതല്‍ നിരാശരാക്കും. അങ്ങനെ രൂപപ്പെടുന്ന വിഷമവൃത്തം എന്തെന്ത് ഫലങ്ങളുളവാക്കുമെന്നത് പ്രവചനാതീതമാണ്. തീര്‍ച്ചയായും ടുണീഷ്യയും ഈജിപ്തുമെല്ലാം ഏകധ്രുവ ലോക ക്രമത്തില്‍ പ്രതീക്ഷയുടെ വെള്ളി രേഖകള്‍ തന്നെയായിരുന്നു. പക്ഷേ, ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാന്‍ വിപ്ലവത്തിന്റെ രാഷ്ട്രീയ പ്രായോജനം ആര്‍ജിച്ച ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ക്ക് സാധിച്ചോ? ശരിയായ ജനാഭിലാഷത്തെ പ്രതിനിധാനം ചെയ്യാന്‍ അവര്‍ തയ്യാറായോ? സാമ്പത്തിക രംഗത്ത് അവര്‍ ഇപ്പോഴും പടിഞ്ഞാറോട്ടല്ലേ നോക്കുന്നത്?
ഭരണപക്ഷ, പ്രതിപക്ഷ ദ്വന്ദ്വമെന്ന പതിവ് തെറ്റിച്ച് ഐക്യസര്‍ക്കാര്‍ രൂപവത്കരിച്ച് മാത്രമേ ടുണീഷ്യക്ക് ഇപ്പോഴത്തെ പ്രതിസന്ധി മുറിച്ച് കടക്കാനാകുകയുള്ളൂ. അതിന് തയ്യാറായില്ലെങ്കില്‍, വിപ്ലവം അപഹരിച്ചതിന്റെ പേരിലാകും അന്നഹ്ദയേയും ബ്രദര്‍ഹുഡിനെയും ചരിത്രം അടയാളപ്പെടുത്തുക.

ALSO READ  രാഷ്ട്രീയമാകരുത് ശിക്ഷാ ഇളവിന് മാനദണ്ഡം