Connect with us

Ongoing News

കുളം വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടവും ദേവീ വിഗ്രഹവും കണ്ടെത്തി

Published

|

Last Updated

കാളികാവ്: ചോക്കാട് ആനക്കല്ലിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തെ കുളത്തില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടവും ദേവീ വിഗ്രഹവും കണ്ടെത്തി. കുളത്തിലെ മലിന വെള്ളത്തില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍സ് കവറില്‍ പൊതിഞ്ഞ നിലയിരുന്നു വിഗ്രഹം. ഉച്ചക്ക് ശേഷം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ തലയോട്ടിയും മുടിയുള്‍പ്പടെയുള്ള അസ്ഥികൂടവും കണ്ടെത്തിയത്. ഒരു വാച്ചും കുളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കുളക്കരയിലെ പൊന്തക്കാടുകള്‍ക്ക് തീയിട്ടിരുന്നു. കളിക്കുന്നതിനിടെ പുക ഉയരുന്നത് കണ്ട് കുളത്തിലേക്കിറങ്ങിയ കുട്ടികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം കണ്ടത്. ചാക്കിന്റെ കുറച്ച് ഭാഗം അപ്പോഴേക്കും തീപിടിച്ചിരുന്നു. തലയോട്ടിയും കാലിന്റെ തുടയെല്ലുകളും വാരിയെല്ലുകളും മുടിയും ഉള്‍പ്പടെ മനുഷ്യന്റെ മിക്ക അസ്ഥികളും ചാക്കില്‍ ഉണ്ട്. പ്ലാസ്റ്റിക്ക് ചാക്കില്‍ തുണിക്കഷ്ണം കൊണ്ട് കെട്ടിയ നിലയിലായിരുന്നു അസ്ഥികൂടം. ചാക്കിനും ചാക്ക് കെട്ടിയ തുണിക്കഷ്ണത്തിനും വലിയ പഴക്കമില്ല. തിരുകുടുംബ ദേവാലയം സെമിത്തേരിക്ക് സമീപത്താണ് കുളം. കോതമംഗലത്തും അങ്കമാലിയിലുമുള്ള അര്‍ച്ചന ടെക്‌സ്‌റ്റൈല്‍സിന്റെ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു വിഗ്രഹം. 35 സെന്റീമീറ്റര്‍ നീളമുള്ള ദേവീ വിഗ്രഹത്തിന് 5.715 കിലോഗ്രാം ഭാരമുണ്ട്. വിഗ്രഹത്തിന്റെ കിരീടവും കയ്യിന്റെ ഭാഗവും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പഴക്കം തോന്നാത്തതിനാല്‍ അടുത്തിടെ മോഷ്ടിച്ച് ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. വിഗ്രഹത്തിന്റെ ഫോട്ടോ മറ്റ് പോലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ച് കൊടുത്തിട്ടുണ്ട്. വണ്ടൂര്‍ സി ഐ മൂസ വള്ളിക്കാടന്‍, കാളികാവ് എസ് ഐ. പി രാധാകൃഷ്ണന്‍, എസ് ഐ മാരായ മുഹമ്മദ്, ചാത്തുക്കുട്ടി, സി പി ഒ ബിനീഷ് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. തലയോട്ടിയും അസ്ഥികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.