നദീതീര സംരക്ഷണത്തിന് ഉന്നതതല സമിതി: ബില്‍ നിയമസഭ പാസാക്കി

Posted on: February 19, 2013 8:08 am | Last updated: February 19, 2013 at 8:08 am

തിരുവനന്തപുരം:നദീതീര സംരക്ഷണത്തിനും മണല്‍വാരല്‍ നിയന്ത്രണത്തിനും സംസ്ഥാനതലത്തില്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നദീസംരക്ഷണ ബില്‍ നിയമസഭ പാസാക്കി. നിയമത്തിലെ വ്യവസ്ഥകളുടെ നിര്‍വഹണ മേല്‍നോട്ടം ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കായിരിക്കും. ജില്ലാ വിദ്ഗധ സമിതി ശിപാര്‍ശ ചെയ്യുന്ന നദീതീര സംരക്ഷണ പദ്ധതികള്‍ സൂക്ഷ്മ പരിശോധന നടത്തി അംഗീകാരം നല്‍കുന്നതിന് സംസ്ഥാന തലത്തില്‍ ഒരു ഉന്നതതല സമിതി രൂപവത്കരിക്കും. റവന്യൂ മന്ത്രി ചെയര്‍മാനായ സമിതിയില്‍ റവന്യൂ സെക്രട്ടറിയായിരിക്കും കണ്‍വീനര്‍. നിയമ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, സെസ് ഡയറകടര്‍, ഒരു എ ഡി ജി പി, ജലസേചന വകുപ്പിലെ ചീഫ് എന്‍ജിനിയര്‍, രണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍. രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരണം. ഈ സമിതി അംഗീകാരം നല്‍കാതെ ജില്ലാ വിദഗ്ധസമിതികളുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ പാടില്ല.

സമിതിയിലെ അംഗങ്ങളുടെ കാലാവധി മൂന്ന് വര്‍ഷമാണ്. സമിതിയിലെ അനൗദ്യോഗികാംഗങ്ങളുടെ കാലാവധി തീര്‍ന്നാല്‍, പകരം അംഗത്തെ നാമനിര്‍ദേശം ചെയ്യുന്നതുവരെ ഇവര്‍ക്ക് സമിതിയില്‍ തുടരാം. ജില്ലാ വിദ്ഗധ സമിതിയില്‍ മൂന്ന് പരിസ്ഥിതിപ്രവര്‍ത്തകരെയും മൂന്ന് മണല്‍വാരല്‍ തൊഴിലാളി സംഘടനാപ്രതിനിധികളെയും ഉള്‍പ്പെടുത്തും. കടവ് കമ്മിറ്റിയിലും തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തണം. പാലം, ജലസേചന പദ്ധതി, ജലവിതരണ പദ്ധതി, പമ്പിംഗ് സ്റ്റേഷന്‍, തടയണ, നദീസരംക്ഷണ ഭിത്തി, നദീതീരത്തു വെച്ച് നടത്തുന്ന ഏതെങ്കിലും മതപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തന വേദി എന്നിവിടങ്ങളില്‍ നിന്ന് 500 മീറ്റര്‍ ദൂരത്തിനുള്ളില്‍ മണല്‍ വാരല്‍ അനുവദിക്കില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കടവുകള്‍ അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ അനധികൃത മണലൂറ്റ് തടയാനും വാഹനങ്ങള്‍ നദീതീരത്തിലേക്ക് കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കാനുമായി ചങ്ങലകളും തൂണുകളും സ്ഥാപിക്കും. മണല്‍വാരലിന് ഉപയോഗിക്കുന്ന വള്ളം അടക്കമുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഇത്തരം നമ്പറില്ലാത്ത വാഹനങ്ങളെയും വള്ളങ്ങളെയും മണല്‍ വാരുന്നതിനും നീക്കം ചെയ്യുന്നതിനും അനുവദിക്കില്ല.
അനധികൃത മണല്‍ കടത്ത് തടയുന്നതിന് പ്രത്യേക സംരക്ഷണ സേന രൂപവത്കരിക്കണം. അനധികൃത മണല്‍വാരല്‍ തടയുന്നിതിനും അതിനുപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും വില്ലേജ് ഓഫീസര്‍, പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് താഴെയല്ലാത്ത ഉദ്യോഗസ്ഥര്‍ക്കോ സംരക്ഷണസേനയിലെ ഒരംഗത്തിനോ അധികാരമുണ്ടായിരിക്കും. മണല്‍ കടത്തിനെതിരായ കേസെടുക്കാന്‍ പോലീസിന് അധികാരം നല്‍കുന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാടന്‍ വള്ളം, ചങ്ങാടം, യാനം തുടങ്ങിയവ വാഹനത്തിന്റ നിര്‍വചനത്തില്‍ വരും. യാതൊരു കാരണവശാലും പിടിച്ചെടുത്ത മണല്‍ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല. കണ്ടുകെട്ടലിന് വിധേയമാക്കണം. കണ്ടുകെട്ടിയവയില്‍ മണല്‍ ഒഴിച്ചുള്ളവ കലക്റ്റര്‍ നിശ്ചയിക്കുന്ന വിലക്ക് വില്‍ക്കാവുന്നതാണ്. മണല്‍ നിര്‍മിതി കേന്ദ്രത്തിനോ കലവറക്കോ കൈമാറണം. അതില്‍ നിന്ന് കിട്ടുന്ന വരുമാനം റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ അടക്കണമെന്നും വ്യവസ്ഥയുണ്ട്.