നിളാ തീരത്തെ വൈജ്ഞാനിക പെരുമ

Posted on: February 18, 2013 2:58 pm | Last updated: February 18, 2013 at 2:58 pm

nila

അതിപ്രാചീന സംസ്‌കാരങ്ങളുടെ ഉറവിടങ്ങളില്‍ നദീ തടങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. ആ കാലഘട്ടം മുതല്‍ വൈജ്ഞാനിക കേരളത്തിന്റെ ഭൂപടത്തില്‍ സുപ്രധാന ഇടം നേടിയ പ്രദേശമാണ് നിളാ തീരങ്ങള്‍. പരശുരാമന്‍ പുറമെനിന്ന് കൊണ്ടുവന്നെന്ന് ഐതിഹ്യമുള്ള 64 ബ്രാഹ്മണ വിഭാഗങ്ങളില്‍ പ്രമുഖരായ പന്നിയൂര്‍, ശുകപുരം കൂറുകാരുടെ മൂലസ്ഥാനം ഇവിടെയാണ്. ബ്രാഹ്മണര്‍ക്ക് ആധിപത്യമുണ്ടായിരുന്ന മഹോദയപുരം പെരുമാക്കന്മാരുടെ ഭരണത്തില്‍ ക്ഷേത്രങ്ങളോടനുബന്ധിച്ച് വേദന്യായ ശാലകളെന്ന പേരില്‍ വിദ്യാകേന്ദ്രങ്ങള്‍ പലയിടത്തും സ്ഥാപിച്ചിരുന്നു. കാന്തളൂര്‍ ശാല, മുഴിക്കുളം ശാല, കരകണ്ടീശ്വരം ശാല, തലക്കുളം ശാല തുടങ്ങിയവയാണ് പ്രസിദ്ധം. ശാലകളില്‍ വേദം, വ്യാകരണം, തത്വചിന്ത, നിയമം തുടങ്ങിയവ പാഠ്യ വിഷയങ്ങളും ആയുധാഭ്യാസം പാഠ്യേതര വിഷയവുമായിരുന്നു. പഠിതാക്കള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസം സൗജന്യമായിരുന്നു. പൊതുസ്ഥലത്ത് താമസിച്ച് പഠിക്കുന്ന സമ്പ്രദായം സംഘകാലത്തുണ്ടായിരുന്നുവെന്ന് കുറുന്തൊകൈ സൂചന നല്‍കുന്നു. അധ്യാപകരെ ഭട്ടന്മാര്‍ എന്നും വിദ്യാര്‍ഥികളെ ചാത്തിരരെന്നും വിളിച്ചു. ശാലകളില്‍ പ്രഥമഗണനീയമായ കാന്തളൂര്‍ ശാല ദക്ഷിണ നളന്ദയായി അറിയപ്പെട്ടു. അവിഭക്ത പൊന്നാനി താലൂക്കില്‍ കുമരനെല്ലൂര്‍ സബ്‌റജിസ്ട്രാര്‍ ഓഫീസിലെ രേഖപകര്‍പ്പ്-(1) 1913 ജൂണ്‍ 17 വാള്യം 386-387 നമ്പര്‍ 207(2) 1923 ഏപ്രില്‍ 10 ബുക്ക് 282 വാള്യം 380-381 നമ്പര്‍ 596 തുടങ്ങിയ ആധാരങ്ങള്‍- പ്രകാരം പൊന്നാനി താലൂക്കില്‍ വട്ടംകുളം അംശത്തില്‍ കാന്തളൂര്‍ എന്നൊരു ദേശമുണ്ടെന്നും പന്നിയൂരിനും ശുകപുരത്തിനും കൂടല്ലൂരിനും തിരുന്നാവായക്കും ഭാരതപ്പുഴക്കും ഇടയിലുള്ള കാന്തളൂര്‍ ദേശം, കാന്തളൂര്‍ ശാലയുടെ ആസ്ഥാനമല്ലാതെ മറ്റേതാവാനാണെന്ന് ഡോ: സുവര്‍ണ്ണ നാലപ്പാട്ട് സമര്‍ഥിക്കുന്നു. ഈ ശാല സംഘകാലത്തോ അതിനുമുമ്പോ പിമ്പോ ആകാം. ചരിത്രം വിഭിന്ന പക്ഷമാണ്. മധ്യ കാലഘട്ടത്തില്‍ ഈ മേഖലയിലെ വൈജ്ഞാനിക സാഹചര്യങ്ങളെ വില്യം ലോഗന്‍ വിശദീകരിക്കുന്നതിങ്ങിനെ:

‘തദ്ദേശീയരായ ബ്രാഹ്മണര്‍ക്കായി മൂന്ന് സംസ്‌കൃത കോളജുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന് പൊന്നാനി താലൂക്കില്‍ തിരുന്നാവായയിലും, രണ്ട് കുറുമ്പ്രനാട് താലൂക്കില്‍ പാലായിലും, മൂന്ന് കൊച്ചിന്‍ രാജ്യമായ തൃശ്ശിവപേരൂരി(തൃശൂര്‍)ലുമാണ്. ആദ്യകാല വൈജ്ഞാനിക വൃത്തികളും യാഗാദി കര്‍മങ്ങള്‍ ചെയ്യാനുള്ള അവകാശങ്ങളും ബ്രാഹ്മണര്‍ പങ്കുവെച്ചു. ഈ കുത്തക കൈവിട്ടുപോകാതിരിക്കാന്‍ സമസ്ത തന്ത്രങ്ങളും സന്ദര്‍ഭങ്ങളും അവര്‍ ഉപയോഗപ്പെടുത്തി. വിജ്ഞാന സമ്പാദനം മറ്റാര്‍ക്കും കൈമാറിയില്ല. അധ്യാപകര്‍ ചൊല്ലിക്കൊടുക്കുന്ന വേദപാഠങ്ങള്‍ അര്‍ഥമറിയാതെ പഠിതാക്കള്‍ ഏറ്റു പറഞ്ഞു. വേദം വായിച്ചു പഠിക്കാനും വ്യാഖ്യാനിക്കാനും കഴിയുന്നവരുടെ സംഖ്യ കുറവാണ്. ശിക്ഷണം മുഴുവന്‍ മതപരമായിരുന്നില്ല. വിഭിന്ന ശാസ്ത്ര ശാഖകളെ സംബന്ധിച്ച പഠനം-പ്രത്യേകിച്ചു ജ്യോതി ശാസ്ത്രം- ചില കുടുംബങ്ങളുടെ വരുതിയിലായിരുന്നു. വിജ്ഞാന സമ്പാദനം ബ്രാഹ്മണര്‍ കയ്യടക്കിയതുകൊണ്ടാവാം ഭരണത്തിന്റെ ഉന്നതങ്ങള്‍ അക്കാലത്ത് അവരുടേതായത്. (മലബാര്‍ മാന്വല്‍ പേ: 111-123)
ദ്രാവിഡ ഭാഷകളില്‍ കൂടുതല്‍ സംസ്‌കൃതി അവകാശപ്പെടാവുന്ന തമിഴില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നുമാണല്ലോ മലയാളം രൂപപ്പെട്ടത്. ഒമ്പതാം നൂറ്റാണ്ട് മുതല്‍തന്നെ മലയാളം ഘട്ടം ഘട്ടമായി സ്വതന്ത്രഭാഷയായി പരിണമിച്ചു വന്നു. 12-ാം നൂറ്റാണ്ടില്‍ രചിച്ച സാഹിത്യകൃതി രാമചരിതം തമിഴ് കലര്‍ന്ന മലയാളത്തിലായിരുന്നു. തുടര്‍ന്ന് രചിച്ച ഉണ്ണിയച്ചിചരിതം, ഉണ്ണിയാടിചരിതം, ഉണ്ണിച്ചിരുതേവിചരിതം, ശിവവിലാസം തുടങ്ങിയവയില്‍ കേരളത്തിന്റെ അക്കാലത്തെ സാമൂഹിക വ്യവസ്ഥിതി വിശദീകരിക്കുന്നു. 13-ാം നൂറ്റാണ്ടിലെ കൃതിയായ ഉണ്ണിച്ചിരുതേവിചരിതവുമായി ബന്ധപ്പെട്ട പ്രദേശമാണ് ശുകപുരം. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതികളാണ് ഉണ്ണിയാടിചരിതവും ശിവവിലാസവും. വൈക്കത്ത് പാച്ചുമൂത്തതിന്റെ ആത്മകഥാസംക്ഷേപ (1875) മാണ് മലയാളത്തിന്റെ ആദ്യ ആത്മകഥാ രചനയായി കലാശാലകള്‍ അക്കാദമിക് തലത്തില്‍ അംഗീകരിക്കുന്നത്.
എന്നാല്‍ ഇതിന് ആറ് നൂറ്റാണ്ട് മുമ്പ് രചിച്ചതെന്ന് കരുതപ്പെടുന്നതും പന്നിയൂരിനെ പരാമര്‍ശിക്കുന്നതും ആഴത്തില്‍ ഗവേഷണ വിധേയമാകേണ്ടതുമായ അവിഭക്ത പൊന്നാനി താലൂക്കിലെ പടിഞ്ഞാറങ്ങാടി അപ്പത്ത് അടീരി(അടിതിരി)യുടെ ആത്മകഥയും, കോഴിക്കോട് ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ കാടഞ്ചേരി നമ്പൂതിരിയുടെ മാമാങ്കം കിളിപ്പാട്ടും, ഒരു കേരളീയ പണ്ഡിതന്റെ ലക്ഷണമൊത്ത ആദ്യ ചരിത്ര കൃതിയെന്ന് വിശേഷണമുള്ള 16-ാം നൂറ്റാണ്ടില്‍ വിരചിതമായ തുഹ്ഫത്തുല്‍ മുജാഹിദീനും, ഇതേ നൂറ്റാണ്ടിലെ തന്നെ അറബി-മലയാള സാഹിത്യത്തിലെ ആദ്യ രചന, മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവ് ഖാസി മുഹമ്മദിന്റെ ഗുരുസ്ഥാനികളും, ഖാസി തന്റെ ഗുരുനാഥന്‍ ശൈഖ് ഉസ്മാനെ പറ്റി രചിച്ച ആദ്യ വിലാപകാവ്യവും, പൊന്നാനി തൃക്കോവില്‍ ക്ഷേത്രാങ്കണത്തില്‍വെച്ച് ശുദ്ധമായ മലയാള ഗദ്യ ശാഖയില്‍ സമൃദ്ധമായ ഒരു ദേശ ചരിത്രം 17-ാം നൂറ്റാണ്ടില്‍ പ്രഥമമായി കൈരളിക്ക് സമര്‍പ്പിച്ച പന്നിയൂര്‍ ഗ്രാമ പ്രമുഖനും നവാബ് ഹൈദറലിയുടെ മിത്രവുമായ തവനൂര്‍ വെള്ളനമ്പൂതിരിയുടെ വെള്ളയുടെ ചരിത്രം എന്ന കൃതിയും ഈ മേഖലയുടെ വരദാനമാണ്.
16-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ വൈജ്ഞാനിക പാതയിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ പ്രദേശത്തിന്റെ അക്ഷരപ്പെരുമ. പൗരാണിക ഭാരതീയ നദീതട സംസ്‌കാരത്തില്‍ നിന്നുത്ഭവിച്ച വിജ്ഞനചരിത്രം ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങുകയാണുണ്ടായത്. ഗവേഷണ വിധേയമാക്കിയിരുന്നെങ്കില്‍ ഇതില്‍നിന്നും വിഭിന്നമായി വിശാലമായ വൈജ്ഞാനിക സാംസ്‌കാരിക പൈതൃകം ഈ കാലഘട്ടത്തില്‍ നിളാതീരം നമുക്ക് നല്‍കുമായിരുന്നു. ഭാരതപ്പുഴയുടെ വടക്കെ കരയാണ് പഴയ വെട്ടത്തുനാട്. 32 നാഴിക വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഈ കൊച്ചുരാജ്യത്തിന് മഹത്തായ സാംസ്‌കാരിക പാരമ്പര്യമുണ്ട്. തിരൂര്‍, താനൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഈ നാടിന്റെ ആസ്ഥാനം ആദ്യം തൃപ്രങ്ങോടും പിന്നീട് താനൂരുമായിരുന്നു. നിളയുടെയും പോഷകനദിയുടെയും കടലിന്റെയും തീരത്തുള്ള ഈ ദേശത്തിന്റെ പരദേവത തണ്ണീര്‍ ദേവതയാണെന്നാണ് ഐതിഹ്യം. ഇവിടെയാണ് എഴുത്തച്ഛന്റെയും കേരള വാത്മീകിയും കൈരളിയുടെ ഹൃദയം കവര്‍ന്ന മഹാകവിയുമായ വള്ളത്തോള്‍ നാരായണമേനോന്റെയും (1878-1958) ജന്മദേശം. എഴുത്തച്ഛന്‍ മലയാള ഭാഷക്ക് പുതു ലിപികള്‍ നല്‍കി ഭാഷാ പരിഷ്‌കരണം നടത്തി ഭാഷാപിതാവായി ആരോഹണം ചെയ്യപ്പെടുകയും ഹൈന്ദവ വൈജ്ഞാനിക രചനകളിലൂടെ ആത്മീയ രംഗത്തെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്തു. സംസ്‌കൃതത്തിന്റേയും തമിഴിന്റേയും സ്വാധീനത്തിലമര്‍ന്ന മലയാളത്തെ ശുദ്ധീകരിച്ച് കരുത്തുറ്റ ശൈലി നല്‍കി സ്വതന്ത്രഭാഷയാക്കുന്നതില്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ നല്‍കിയ സംഭാവന അമൂല്യമാണ്. അധ്യാത്മരാമായണം കിളിപ്പാട്ടും ശ്രീമഹാഭാരതം കിളിപ്പാട്ടും അദ്ദേഹത്തിന്റെ മുഖ്യകൃതികളാണ്. മലയാളത്തില്‍ ഇത്രയും പ്രശസ്തനായ ഒരു രചയിതാവ് എഴുത്തച്ഛന് മുമ്പോ പിമ്പോ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പണ്ഡിതപക്ഷം. കിളിപ്പാട്ട് സാഹിത്യത്തിന്റെ ഉപജ്ഞാതാവായ അദ്ദേഹം കിളിയെകൊണ്ട് കഥപറയിക്കുന്ന രീതിയിലാണ് അധ്യാത്മരാമായണം, മഹാഭാരതം എന്നിവ രചിച്ചത്. 1575നും 1650നും ഇടക്കാണ് രചനാ കാലഘട്ടമെന്ന് കരുതപ്പെടുന്നു. ശക്തമായ എതിര്‍പ്പും പീഢനവും അതിജീവിച്ചായിരുന്നു രചനകള്‍ നടത്തിയത്. വില്യം ലോഗന്‍ പറയുന്നത് കാണുക:
17-ാം നൂറ്റാണ്ടില്‍ ശൂദ്ര (നായര്‍) ജാതിയില്‍ പെട്ട എഴുത്തച്ഛന്‍ തമിഴ് അക്ഷരമാലയെ ആധാരമാക്കിയുള്ള ഗ്രന്ഥലിപികളുടെ ചുവട് പിടിച്ച് ഗ്രാമ്യ മലയാളത്തിന് തനതായ രൂപകല്‍പന നല്‍കുകയും ആധുനിക മലയാളത്തില്‍ സംസ്‌കൃത കൃതികളുടെ സ്വതന്ത്ര വിവര്‍ത്തനത്തിനൊരുങ്ങുകയും ചെയ്തപ്പോള്‍ അതൊരു വിപ്ലവമായിരുന്നു. എഴുത്തച്ഛന്റെ പ്രതിഭാത്വവും അറിവും ബ്രാഹ്മണരെ അസൂയാലുക്കളാക്കി. എതിര്‍പ്പ് അദ്ദേഹത്തിന്റെ ഓജസ്സ് വര്‍ധിപ്പിച്ചു.
(മലബാര്‍ മാന്വല്‍ പേ: 86,87).
മലയാള ഭാഷക്ക് ക്ലാസിക്കല്‍ പദവി നേടിയെടുക്കുന്നതിന് ജ്ഞാനപീഠം ജേതാവ് ഒ എന്‍ വി കുറുപ്പിന്റെ നേതൃത്വത്തില്‍ തീവ്ര ശ്രമങ്ങള്‍ നടക്കുകയാണല്ലൊ. മലയാളത്തിന് ഇന്ന് ലോക ഭാഷകളില്‍ 34-ാമത്തെ സ്ഥാനമാണെങ്കിലും അനുദിനം വര്‍ണാഭമായി പ്രശസ്തിയിലേക്ക് കുതിക്കുന്നു.

മലയാളഭാഷ തന്‍ മാദകഭംഗിയില്‍
മലര്‍മന്ദഹാസമായി വിരിയുന്നു
കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലികള്‍
പുളിയിലക്കരമുണ്ടില്‍ തെളിയുന്നു.’
എന്ന് ഉള്‍നാടന്‍ മലയാളിയും
മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്’.
എന്ന് മറുനാടന്‍ മലയാളിയും, മലയാളത്തിന്റെ ഗ്രാമീണ സൗന്ദര്യം മുഴുവനും സന്നിവേശിപ്പിച്ച് ഈണത്തില്‍ പാടി കാതുകളെ നിര്‍വൃതി കൊള്ളിക്കുമ്പോള്‍ മറ്റാരേക്കാളും അഭിമാനപുളകിതരാകുന്നത് നാമാണ്.
കിഴക്കെകര തിരുനാവായക്കരികെ ചന്ദനക്കാവില്‍ പ്രശസ്ത കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഗോശ്രീ നഗര വര്‍ണനം, നാരായണീയം തുടങ്ങിയവ രചിച്ച് സ്ഥിരപ്രതിഷ്ഠ നേടിയതും, അല്‍പം അകലെ തെക്കേകര പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗത്ഭരായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍, മകന്‍ അല്ലാമ അബ്ദുല്‍ അസീസ്, പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ എന്നിവര്‍ ഇസ്‌ലാമിക വിജ്ഞാനത്തേയും സംസ്‌കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിക്കുകയും ചെയ്തത് ഇതേ നൂറ്റാണ്ടുകളിലാണ.് ഭാഷാ സാഹിത്യത്തിലും വിവിധ വിജ്ഞാന ശാഖകളിലും ആത്മീയ മേഖലയിലും ഋഷിതുല്യരായ മഹാജ്ഞാനികള്‍ക്ക് ഒരേ കാലഘട്ടത്തില്‍ ജന്മം നല്‍കിയതിന്റെ മഹനീയപൈതൃകം അവകാശപ്പെടാനാവുന്നത് ഈ പ്രദേശത്തിനല്ലതെ മറ്റേത് ദേശത്തിനാണ്?.
‘സാംസ്‌കാരിക ജീര്‍ണ്ണത’ സ്വയം കുഴിച്ചിട്ടിരുന്ന ശവക്കുഴിയിലേക്ക് കേരളത്തെ തള്ളിയിടാന്‍ പോര്‍ച്ചുഗീസുകാരുടെ മൃഗീയ മര്‍ദ്ദദനം തയ്യാറെടുത്ത ആ കാലഘട്ടം കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരധ്യായമായി അവശേഷിക്കുന്നു. ഈ തകര്‍ച്ചയില്‍നിന്നും നാടിനെ രക്ഷിച്ചത് കേരളത്തിലെ നവോഥാന പ്രതിനിധികളായ എഴുത്തച്ഛനും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും പൂന്താനവുമാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ: ഇളംകുളം കുഞ്ഞന്‍പിളള പറയുന്നു. ഈ വസ്തുതകള്‍ ഇതുവരെ ഒരു ചരിത്രവും നിഷേധിച്ചിട്ടില്ലാത്ത സ്ഥിതിക്ക് വൈജ്ഞാനിക ശാഖകളുടെ സമന്വയ കേന്ദ്രം അക്കാലത്ത് ഇവിടെ തന്നെയെന്ന് തീര്‍ച്ച. ഇതൊരു പുകള്‍പെറ്റ പാരമ്പര്യത്തിന്റെയും സംസ്‌കൃതിയുടെയും പിന്‍തുടര്‍ച്ചയാണ്. അവിഭക്ത പൊന്നാനി താലൂക്കില്‍ ആധുനിക കാലഘട്ടത്തില്‍ അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന ഗുരുവായൂര്‍ മാഹാത്മ്യവും, ഒരു നൂറ്റാണ്ട് മുമ്പ് വരെ വടക്ക് മംഗലാപുരം മൂല്‍കി മുതല്‍ തെക്ക് തമിഴ്‌നാട് തേങ്ങാപട്ടണം വരെയുള്ള മുസ്‌ലിം സംസ്‌കാരത്തിന്റെ സിരാ കേന്ദ്രമായിരുന്നതും ഇന്നും ഒളിമങ്ങാതെ നിലനില്‍ക്കുന്ന പൊന്നാനി വലിയപള്ളിയും ദര്‍സും(മത പഠനക്ലാസ്), തിരൂര്‍ അക്ഷരപ്പറമ്പിലെ തുഞ്ചന്‍മഠവും, ഭാരതത്തിലെ പ്രഥമ ഭാഷാമ്യൂസിയവും, ഭാരതത്തില്‍ ആദ്യമായി സെന്റ് തോമസ് ക്രിസ്തീയ മത പ്രചാരണത്തിനെത്തിയ ഇടങ്ങളില്‍ ഒന്നായ പാലയൂര്‍ ചര്‍ച്ചുമെല്ലാം തിളക്കമാര്‍ന്ന ചിഹ്നങ്ങളായി പ്രശോഭിക്കുന്നു.
പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ധ ഗോളാകൃതിയിലുള്ള 25 കിലോമീറ്ററിനകത്ത് വളര്‍ന്ന് പുഷ്പിച്ച ഈ ആത്മീയ ചൈതന്യ- വിജ്ഞാന പ്രതിഭകളുടെ സംഗമവും നവോഥാന സുഗന്ധവും നിരവധി ദേശങ്ങളെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. കേരളീയ ക്രിസ്ത്രീയ ആചാരാ നുഷ്ഠാനങ്ങളിലെ സമൂല പരിവര്‍ത്തനത്തിന് നാന്ദി കുറിച്ച(പ്രതിമകളെ വെച്ചുള്ള ആരാധനയുടെ തുടക്കം) ഉദയം പേരൂര്‍ സുനഹദോസ് ചേര്‍ന്നതും (1959 ജൂണ്‍ 20) 16-ാം നൂറ്റാണ്ടില്‍ തന്നെ.
ചരിത്രവും ഐതിഹ്യവും ഇതിഹാസവും സംഗമിക്കുന്ന ഈ പ്രവാഹിനിയുടെ ഓരങ്ങള്‍ പോറ്റി വളര്‍ത്തിയ ഋഷി തുല്യര്‍, പണ്ഡിതര്‍, മഖ്ദൂമുകള്‍, കുഞ്ഞാലിമാര്‍, വില്ല്വ മംഗലം സ്വാമി, ഇ എം എസ്, ഉറൂബ്, വി ടി, ഇടശ്ശേരി, അക്കിത്തം, പുന്നശ്ശേരി നമ്പി, മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍, കുട്ടികൃഷ്ണ മാരാര്‍, ചെറുകാട്, എം ഗോവിന്ദന്‍ തുടങ്ങി സാഹിത്യ സാംസ്‌കാരിക നായകരും, ജനനേതാക്കളും, രണശൂരരും ഏറെയുണ്ട്. നിളാതീരത്തെ കൂടല്ലൂരിലിരുന്ന് നാലുകെട്ട്, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി തുടങ്ങിയ നോവലുകളിലൂടെ കഥകള്‍ പറഞ്ഞുയര്‍ന്നു ജ്ഞാനപീഠമടക്കം നിരവധിപുരസ്‌കാരങ്ങള്‍ നേടിയ മലയാളത്തിന്റെ സുകൃതം എം ടി വാസുദേവന്‍ നായര്‍ രാജ്യാന്തരങ്ങള്‍ക്കപ്പുറം പ്രശസ്തനായപ്പോഴും ഇടവേളകളില്‍ ഈ പുഴയോരത്തെത്തി അതിനെ താലോലിക്കാറുണ്ട്.
കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രം, വില്വാദ്രിയുടെ തിരുവില്വാമല, അയ്യപ്പഭക്തരുടെ മിനി പമ്പ-മല്ലൂര്‍ ക്ഷേത്രം, ബ്രഹ്മാവ്-വിഷ്ണു-ശിവന്‍ ത്രിമൂര്‍ത്തി സംഗമസ്ഥാനം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ധാരാളം പ്രശസ്ത ക്ഷേത്രങ്ങളും നിളയുടെ ഓരങ്ങളിലുണ്ട്. കേരളത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന ക്ഷേത്ര കലകളെല്ലാം ഇവിടെ നിന്ന് ഉത്ഭവിച്ച് ഉരുത്തിരിഞ്ഞവയാണ്. ശാസ്ത്രക്കളി, പാഠകം, കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, പറയന്‍തുള്ളല്‍ എന്നീ കലാപ്രകടനങ്ങളെല്ലാം ഈ ഈറ്റില്ലം പെറ്റിട്ടതാണ്. ക്ഷേത്രകലകളുടെ മൊത്തം ആദിസ്ഫുരണമായ കൂടിയാട്ടം പിറന്നത് സരസകവി കുഞ്ചന്‍നമ്പ്യാരുടെ ജന്മദേശമായ കിള്ളിക്കുറിശ്ശി മംഗലത്താണ്. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുള്ളല്‍ക്കഥകള്‍ക്ക് ജന്മം സിദ്ധിച്ചതും ഇവിടെ നിന്ന് തന്നെ.
നിളയുടെയും പോഷകനദികളുടെയും തീരത്ത് നൂറിലധികം മസ്ജിദുകളുണ്ട്. വിശ്വ പ്രശസ്തമായ പൊന്നാനി വലിയ പള്ളിയടക്കം പലതും പഴമയുടെ പെരുമയുള്ളവയാണ്. ആഢ്യഗൃഹത്തിങ്ങളില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന കഥകളിയെ ജനകീയ കലയായി രൂപപ്പെടുത്തിയ കേരളത്തിലെ ആദ്യ കല്‍പിത സര്‍വകലാശാല കലാമണ്ഡലം, രജത ജൂബിലിയുടെ നിറവിലുള്ള തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളജ്, കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളജ്, പട്ടാമ്പി സംസ്‌കൃത കോളേജ് തുടങ്ങി പല പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നിളയുടെ തീരത്തുണ്ട്. ഈ പുഴയോരത്തെ തൃത്താലയ്ക്കടുത്ത മേഴത്തൂര്‍ ഗ്രാമത്തിന്റെ പ്രശസ്തിക്ക് അഗ്നിഹോത്രിയോളം പഴക്കമുണ്ട്. പറയിപെറ്റ പന്തിരുകുലത്തെ ഐതിഹ്യത്തിലേക്ക് കൈപ്പിടിച്ചിറക്കിയ പന്ത്രണ്ട് മക്കളില്‍ മഹാജ്ഞാനികളുള്‍പ്പെടെ പതിനൊന്ന് പേരും ആണ്ടിലൊരിക്കല്‍ അച്ഛന്റെ ശ്രാദ്ധത്തിന് സംഗമിക്കുന്ന മുഹൂര്‍ത്തത്തിലെ രോമാഞ്ചദായകമായ കഥകള്‍ പറയുന്ന ഗ്രാമം. നമ്പൂതിരി സമുദായത്തെ മറക്കുടക്കുള്ളില്‍ നിന്ന് ജീവിതത്തിന്റെ അരങ്ങത്തെത്തിക്കാന്‍ സ്വജീവിതം കൊണ്ടുതന്നെ നാടകമാടിയ സാക്ഷാല്‍ വി ടി ഭട്ടതിരിപ്പാടിന്റെ ഗ്രാമം. ഇപ്പോള്‍ ഈ ഗ്രാമം മുഴുവന്‍ വൈദ്യമഠം എന്ന ഇല്ലപ്പേരില്‍ പുകള്‍പെറ്റാണ് വളരുന്നത്. മേഴത്തൂരെ അഗ്നിഹോത്രി ഇല്ലായിരുന്നെങ്കില്‍ വൈദ്യമഠവുമില്ല. യജ്ഞ സംസ്‌കാരത്തെ പരിപോഷിപ്പിച്ച അഗ്നിഹോത്രിയാണ് വൈദ്യമഠം കുടുംബത്തെ മേഴത്തൂര്‍ കുടിയിരുത്തിയത് എന്നാണ് ഐതിഹ്യം. പണ്ഡിത ശ്രേഷ്ഠന്‍ ആഴ്‌വഞ്ചേരി തമ്പ്രാക്കളുടെ ആതവനാട്ടില്‍ നിന്നുത്ഭവിക്കുന്ന, നിളയുടെ പോഷക നദിയായ തിരൂര്‍ പൊന്നാനി പുഴയോരത്ത് നിന്ന് വള്ളത്തോള്‍ പാടി:-
സതി നിന്നലതൊട്ടതെന്നലേറ്റാല്‍
മതി, നല്‍ സ്വര്‍ഗസുഖം നരര്‍ക്കു കിട്ടാന്‍
അതിപാവനനിന്‍ ജലത്തില്‍ മുങ്ങു-
ന്നതിനാലുള്ളൊരവസ്ഥയെന്തു പിന്നെ’
ഈ കവിതയിലൂടെ ഭാരതപ്പുഴയുടെ മഹത്തായ സംസ്‌കൃതിയെ സ്വര്‍ഗത്തോളം വാഴ്ത്തിയ കവിയാണദ്ദേഹം.