ഝാര്‍ഖണ്ഡ് ക്വാര്‍ട്ടറില്‍-നാഗാലാന്‍ഡ്, ഗുജറാത്ത്, ഛണ്ഡിഗഢ് പുറത്ത്‌

Posted on: February 18, 2013 2:14 pm | Last updated: February 18, 2013 at 2:14 pm

കൊല്ലം:സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്ലസ്റ്റര്‍ എ വിഭാഗം മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നാഗാലാന്‍ഡിനെ മുട്ടുകുത്തിച്ച് ഝാര്‍ഖണ്ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഛണ്ഡിഗഢ് പരാജയപ്പെടുത്തി. ഝാര്‍ഖണ്ഡും ഛണ്ഡിഗഢും ഏഴ് വീതം പോയിന്റുകള്‍ നേടിയെങ്കിലും ഗോള്‍ ശരാശരിയുടെ മികവില്‍ ചണ്ഡിഗഢിനെ പിന്തള്ളിയാണ് ഝാര്‍ഖണ്ഡ് ക്വാര്‍ട്ടര്‍ ബര്‍ത് ഉറപ്പാക്കിയത്. ഇതോടെ തോല്‍വി വഴങ്ങിയ നാഗാലാന്‍ഡ്, ഗുജറാത്ത് എന്നിവര്‍ക്കൊപ്പം ഛണ്ഡിഗഢും നിര്‍ഭാഗ്യത്തിന്റെ അകമ്പടിയോടെ ടൂര്‍ണമെന്റിനോട് വിട ചൊല്ലി.

ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ ഝാര്‍ഖണ്ഡ് രണ്ടാമത്തെ മത്സരത്തില്‍ ഛണ്ഡിഗഢുമായി ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു.
കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഇന്നലെ നിറഞ്ഞ വിജയ പ്രതീക്ഷയോടെ കളിക്കാനിറങ്ങിയ ഝാര്‍ഖണ്ഡിന്റെ താരങ്ങള്‍ മത്സരത്തിലുടനീളം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയുടെ 33ാം മിനുട്ടിലാണ് ഝാര്‍ഖണ്ഡ് ആദ്യഗോള്‍ നേടിയത്. ഏഴാം നമ്പര്‍ താരം ബിശ്വജിത്ത് സര്‍ദാറാണ് നാഗാലാന്‍ഡിന്റെ ഗോള്‍വല ചലിപ്പിച്ചത്. ബോസന്‍ മൊര്‍മു മൈതാനത്തിന്റെ ഇടതു വിംഗില്‍ നിന്ന് നല്‍കിയ കിക്കാണ് ബിശ്വജിത്ത് സുന്ദരമായ ഹെഡ്ഡറിലൂടെ നാഗാലാന്‍ഡിന്റെ വലയിലെത്തിച്ചത്. ഒരു ഗോള്‍ വീണതോടെ നാഗാലാന്‍ഡ് ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ പിറന്നില്ല. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ഝാര്‍ഖണ്ഡ് രണ്ടാം പകുതിയിലാണ് ബാക്കി നാല് ഗോളുകള്‍ നേടി നാഗാലാന്‍ഡിനെ തറപറ്റിച്ചത്.
രണ്ടാം പകുതിയുടെ അഞ്ചാം മിനുട്ടില്‍ ഝാര്‍ഖണ്ഡിന്റെ രമേശ് കുഞ്ചൂറാണ് അനായാസേന രണ്ടാമത്തെ ഗോള്‍ നേടി വീണ്ടും ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 52ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി നാഗാലാന്‍ഡ് പ്രതീക്ഷയുണര്‍ത്തി. അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് പത്താം നമ്പര്‍ താരം വേലുഖോ രാഖോ മനോഹരമായ ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ ഝാര്‍ഖണ്ഡിന്റെ മുന്നേറ്റത്തെ തടയിടാന്‍ നാഗാലാന്‍ഡ് നടത്തിയ നീക്കങ്ങളൊന്നും ഫലിച്ചില്ല. ഝാര്‍ഖണ്ഡ് നാഗാലാന്‍ഡിന്റെ ഗോള്‍മുഖത്ത് തുടരന്‍ ആക്രമണങ്ങള്‍ തന്നെ നടത്തി. പ്രത്യാക്രമണം നടത്തി കരുത്ത് തെളിയിക്കാനുള്ള നാഗാലാന്‍ഡിന്റെ നീക്കങ്ങള്‍ ഝാര്‍ഖണ്ഡിന്റെ പ്രതിരോധനിരയില്‍ തട്ടി നിഷ്പ്രഭമായി. കളിയുടെ 65ാം മിനുട്ടില്‍ ഝാര്‍ഖണ്ഡിന്റെ ബോസന്‍ മൊര്‍മു മൂന്നാമത്തെ ഗോള്‍ നേടി സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിപ്പിച്ചു. 69ാം മിനുട്ടില്‍ ഝാര്‍ഖണ്ഡിന്റെ ജര്‍മന്‍ജിത്ത് സിംഗിലൂടെ നാഗാലാന്‍ഡിന്റെ വലയില്‍ നാലാമത്തെ ഗോള്‍ പതിച്ചു. തൊട്ടടുത്ത നിമിഷം തന്നെ ഝാര്‍ഖണ്ഡ് അളന്നുമുറിച്ച പാസിലൂടെ നടത്തിയ ശക്തമായ മുന്നേറ്റം നേരിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. 81ാം മിനുട്ടിലാണ് ഝാര്‍ഖണ്ഡ് അഞ്ചാമത്തെ ഗോള്‍ നേടിത്. ബിശ്വജിത്ത് സര്‍ദാര്‍ രണ്ടാം തവണയും വല ചലിപ്പിച്ച് ടീമിന്റെ അഞ്ചാം ഗോളില്‍ അഞ്ചാമത്തെ ഗോളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തി ടീമിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. നാഗാലാന്‍ഡ് കളിക്കാരെ തുടരെ തുടരെ മാറ്റിയിറക്കിയെങ്കിലും സ്‌കോര്‍ നില ഉയര്‍ത്താനുള്ള ശ്രമം പാളി.
ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹിമാചല്‍പ്രദേശ് ദാമന്‍ ദയുവിനെയും 5.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കര്‍ണാടക ബീഹാറിനെയും നേരിടും.
കൊല്ലത്ത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ ജനം കൈയൊഴിഞ്ഞിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലെ ദൃശ്യമായ ശൂന്യമായ ഗ്യാലറി. ഒഴിവ് ദിനമായിട്ടും കാണികളൊഴിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയാണ് ഝാര്‍ഖണ്ഡിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.