Connect with us

Health

പ്രമേഹവുംകണ്ണിന്റെആരോഗ്യവും

Published

|

Last Updated

ജീവിതശൈലീ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. പൊണ്ണത്തടിയും അമിതവണ്ണവും കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ പോലും ഇന്ന് സര്‍വസാധാരണമായത് പ്രമേഹം വ്യാപിക്കുന്നതിന്റെ ലക്ഷണമായെടുക്കാം. പാദം മുതലുള്ള ശരീരത്തിലെ വിവിധ അവയവങ്ങളെ പ്രമേഹം ബാധിക്കുന്നു. ഇതില്‍ ഹൃദയത്തിനും കണ്ണിനും പ്രമേഹരോഗികള്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു.
പ്രമേഹരോഗികളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നാണ് ഡയബെറ്റിക് റെറ്റിനോപ്പതി. ഇരുവിഭാഗം പ്രമേഹ രോഗികളിലും (ടൈപ്പ് 1, ടൈപ്പ് 2) ഡയബെറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത നിലനില്‍ക്കുന്നു. പ്രമേഹം കണ്ടെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെയോ ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളിലോ ഡയബെറ്റിക് റെറ്റിനോപ്പതി വരാം. എന്നാല്‍, പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തുന്ന ഒരാള്‍ക്ക് ഇതിനുള്ള സാധ്യത കുറവാണ്.

ഡയബെറ്റിക് റെറ്റിനോപ്പതി
നേത്രഗോളത്തിനുള്ളില്‍ പിന്‍ഭാഗത്ത് കാണുന്ന സുതാര്യ സ്തരമാണ് റെറ്റിന. ഒരു ക്യാമറയില്‍ ഫിലിം ചെയ്യുന്ന അതേ ജോലി തന്നെയാണ് കണ്ണില്‍ റെറ്റിന ചെയ്യുന്നതും. വളരെ ചെറിയ രക്തക്കുഴലുകളിലൂടെയാണ് റെറ്റിനയിലേക്ക് രക്തം എത്തുന്നത്. പ്രമേഹം കാരണം റെറ്റിനയിലേക്കുള്ള രക്തലോമികകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് ഡയബെറ്റിക് റെറ്റിനോപ്പതി.

വിവിധ ഘട്ടങ്ങള്‍
ഡയബെറ്റിക് റെറ്റിനോപ്പതിയുടെ ഗൗരവമനുസരിച്ച് ഇതിനെ നാലായി തിരിക്കാം.
1) ലഘുവായ നോണ്‍ പ്രോലിഫെറേറ്റീവ് റെറ്റിനോപ്പതി
റെറ്റിനോപ്പതിയുടെ ആദ്യഘട്ടമാണിത്. റെറ്റിനയിലെ രക്തലോമികകള്‍ ബലൂണ്‍ പോലെ ചെറിയ നീര്‍വീക്കമുണ്ടാക്കുന്ന ഇതിനെ മൈക്രോ അന്യൂറിസം എന്നാണ് പറയുന്നത്. ഈയവസരത്തില്‍ രോഗം കണ്ടെത്തുകയും പ്രമേഹം നിയന്ത്രിച്ച് ചികിത്സ നടത്തുകയും ചെയ്താല്‍ കാഴ്ചക്ക് കാര്യമായ തകരാറ് സംഭവിക്കാതെ നിലനിര്‍ത്താന്‍ സാധിക്കും.
2) ഗുരുതരമല്ലാത്ത നോണ്‍ പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി
ആദ്യഘട്ടത്തില്‍ റെറ്റിനോപ്പതി കണ്ടെത്താതെ ഗുരുതരമായി തുടരുകയാണെങ്കില്‍ അത് ചില രക്തക്കുഴലുകളെ ബാധിക്കുകയും അതുവഴി രക്തമൊഴുക്കിന് തടസ്സം നേരിടുകയും ചെയ്യും.
3) ഗുരുതരമായ നോണ്‍ പ്രോലിഫറേറ്റീവ്  റെറ്റിനോപ്പതി
രോഗം ചികിത്സിക്കാതെ മുന്നോട്ട് പോകുന്നതോടെ അത് കൂടുതല്‍ രക്തക്കുഴലുകളെ ബാധിക്കുകയും രക്തസംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കണ്ണില്‍ കൂടുതല്‍ രക്തക്കുഴലുകള്‍ പൊട്ടിമുളക്കാന്‍ ഇത് കാരണമാകുന്നു. റെറ്റിനക്ക് വേണ്ടത്ര രക്തം ലഭിക്കാതെ വരുന്നത് അതിന്റെ പ്രവര്‍ത്തനത്തെ ഈ ഘട്ടത്തില്‍ സാരമായി ബാധിച്ചു തുടങ്ങും.
4) പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി
റെറ്റിനയില്‍ ഉണ്ടാകുന്ന ദുര്‍ബലമായ പുതിയ രക്തക്കുഴലുകള്‍ പൊട്ടി രക്തം കണ്ണിനുള്ളിലേക്ക് ഇറങ്ങുന്ന അവസ്ഥയാണ് പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി. കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിനുള്ളിലേക്കാണ് രക്തം ഇറങ്ങുന്നത്. ഇത് കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. പ്രതിബിംബങ്ങള്‍ പതിച്ച് കൃത്യമായ കാഴ്ച നല്‍കുന്ന ഭാഗമായ മാക്യുലയില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മാക്യുലയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാഴ്ചയെ സാരമായി ബാധിക്കും. മാക്യുലക്കുണ്ടാകുന്ന ഈ രോഗാവസ്ഥക്കാണ് മാക്യുലാര്‍ എഡീമ എന്ന് പറയുന്നത്.

ലക്ഷണങ്ങള്‍
ഡയബെറ്റിക് റെറ്റിനോപ്പതിയുടെ ആദ്യഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങളൊന്നുംതന്നെ കണ്ടെന്നുവരില്ല. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കണ്ണ് പരിശോധന നടത്തുന്നതിലൂടെ രോഗം കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കും. നേത്ര പരിശോധനയിലൂടെ മാത്രമേ രോഗം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.

  • അവ്യക്തമായ കാഴ്ചയോ കാഴ്ചക്ക് മങ്ങലുള്ളതായോ തോന്നുക
  • രാത്രിയില്‍ കാഴ്ച മങ്ങുക
  • വെളിച്ചത്തില്‍ നിന്ന് മങ്ങിയ വെളിച്ചത്തിലേക്ക് കടക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുക
  • കണ്ണുകളിലുണ്ടാകുന്ന വേദന

ഇതെല്ലാം ഡയബെറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണമായെടുത്ത് വിദഗ്ധ ചികിത്സ തേടണം.

രോഗം കണ്ടെത്തുന്നതെങ്ങനെ?
സാധാരണ നേത്രപരിശോധന തികച്ചും ഫലപ്രദമായിക്കൊള്ളണമെന്നില്ല. രോഗം കൂടുതല്‍ ഗുരുതരമാകാത്ത അവസ്ഥയില്‍ സാധാരണ പരിശോധനയില്‍ ഇവ കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകാം. രോഗം ആദ്യഘട്ടത്തിലാണെങ്കില്‍ കാഴ്ച പരിശോധനയും ഫലം ചെയ്യില്ല. ആദ്യ പരിശോധനയിലെ സാധ്യതകള്‍ ഫഌറോസിന്‍ ആന്‍ജിയോഗ്രാഫി ചെയ്യുന്നതിലൂടെ സ്ഥിരീകരിക്കുന്നതിന് സാധിക്കും. കണ്ണിലെ ഞരമ്പുകള്‍ക്കും മറ്റുമുണ്ടാകുന്ന തകരാറുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന പരിശോധനയാണിത്.
സ്ലിറ്റ് ലാംബ് എക്‌സാമിനേഷന്‍ വഴിയും രോഗം കണ്ടെത്താം. നേത്രഗോളത്തിന്റെ പിന്‍ഭാഗങ്ങളിലുള്ള പ്രശ്‌നങ്ങള്‍ ആ പരിശോധന വഴി മനസ്സിലാക്കുന്നതിന് സാധിക്കും.
ചികിത്സയും പ്രതിവിധിയും
ആദ്യഘട്ടങ്ങളില്‍, മാക്യുലാര്‍ എഡീമ ബാധിച്ചിട്ടില്ലെങ്കില്‍, കാര്യമായ ചികിത്സകള്‍ വേണ്ടിവരില്ല. ലേസര്‍ ചികിത്സ വഴിയാണ് പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി തടയുന്നത്. നിരവധി ലേസര്‍ രശ്മികള്‍ രക്തപ്രവാഹമുണ്ടാകുന്ന ഭാഗങ്ങളിലേക്ക് കേന്ദ്രീകരിച്ച് ഉപയോഗിച്ച് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുന്നത് തടയുകയാണ് ചെയ്യുന്നത്. നിലവിലുള്ള കാഴ്ച നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന ചികിത്സയാണിത്.
വിട്രിയസ് ജെല്ലില്‍ രക്തം ഇറങ്ങി കാഴ്ചകള്‍ക്ക് തകരാറ് സംഭവിക്കുമ്പോള്‍ വിട്രെക്ടമി ശസ്ത്രക്രിയയിലൂടെയാണ് പ്രശ്‌നം പരിഹരിക്കുന്നത്. വിട്രിയസ് ജെല്‍ നീക്കം ചെയ്ത് പകരം സിലിക്കണ്‍ ഓയില്‍ നിറക്കുന്ന ശസ്ത്രക്രിയയാണിത്.
ഡയബെറ്റിക് റെറ്റിനോപ്പതി ബാധിക്കാതിരിക്കാനും അഥവാ രോഗബാധിതനായാല്‍ ഗുരുതരമാകാതെ സൂക്ഷിക്കുന്നതിനും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുക മാത്രമാണ് ഏക പോംവഴി. അതോടൊപ്പം തന്നെ രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണത്തില്‍ നിലനിര്‍ത്തുകയും വേണം.
(വിവരങ്ങള്‍ക്ക് കടപ്പാട്: നാഷനല്‍ ഐ ഇന്‍സ്റ്റിറ്റിയൂട്ട്. /www.nei.nih.gov)

Latest