International
ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയെ വിമര്ശിക്കുന്ന പതിമുവ്വായിരം അക്കൗണ്ടുകള് നീക്കം ചെയ്ത് എക്സ്
അമേരിക്കന് രാഷ്ട്രീയത്തെ സ്വാധീനിക്കാന് സാധ്യതയുള്ള ഉള്ളടക്കങ്ങള് പോസ്റ്റ് ചെയ്യുന്ന ഇറാന് ബന്ധമുള്ള അക്കൗണ്ടുകള് നീക്കം ചെയ്തതെന്നാണ് എക്സിന്റെ വിശദീകരണം
വാഷിങ്ടണ് | അമേരിക്കയെ വിമര്ശിക്കുന്ന പതിമുവ്വായിരം അക്കൗണ്ടുകള് നീക്കം ചെയ്ത് എക്സ്. അമേരിക്കയില് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇറാനുമായും റഷ്യയുമായും ചൈനയുമായും ബന്ധമുള്ള അക്കൗണ്ടുകള് എക്സ് നീക്കം ചെയ്തത്. അമേരിക്കന് രാഷ്ട്രീയത്തെ സ്വാധീനിക്കാന് സാധ്യതയുള്ള ഉള്ളടക്കങ്ങള് പോസ്റ്റ് ചെയ്യുന്ന ഇറാന് ബന്ധമുള്ള അക്കൗണ്ടുകള് നീക്കം ചെയ്തതെന്നാണ് എക്സ് അറിയിച്ചിരിക്കുന്നത്.
സ്ഥാനാര്ത്ഥികളെ ഉള്പ്പെടെ ലക്ഷ്യം വെക്കുന്ന അക്കൗണ്ടുകള് വ്യാജമാണെന്നാണ് എക്സിന്റെ വിശദീകരണം. സ്പാം ശൃംഖലകളായാലും, സ്വാധീനം ചെലുത്താന് ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നവരായാലും, ഞങ്ങളുടെ പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യതയെ തകര്ക്കുന്ന തരത്തിലുള്ള സംഘടിതമായ വ്യാജ നീക്കങ്ങള് തടയുന്നതിനുമായി ഞങ്ങള് സജീവമായി പ്രവര്ത്തിക്കുന്നുവെന്ന് എക്സ് ഗ്ലോബല് ഗവണ്മെന്റ് അഫയേഴ്സ് ടീം പ്ലാറ്റ്ഫോമില് പങ്കുവെച്ച കുറിപ്പില് വ്യക്തമാക്കി.
2026ലെ യു എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ നടപടികള് വിശദീകരിക്കുന്നതിനിടയിലാണ് സജീവമായ പരിശോധനകളിലൂടെ ഈ അക്കൗണ്ടുകള് കണ്ടെത്തിയതെന്ന് കമ്പനി അറിയിച്ചു. ഇറാനില് നിന്ന് പ്രവര്ത്തിച്ചിരുന്ന 238 അക്കൗണ്ടുകള് തങ്ങള് സസ്പെന്ഡ് ചെയ്തതായി 2021ല് ട്വിറ്റര് അറിയിച്ചിരുന്നു.





