Connect with us

National

കോടതി വളപ്പിലേക്ക് മാര്‍ച്ചും പ്രതിഷേധവും; രാഹുല്‍ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്

കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കുന്നില്ലെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി|സുപ്രീംകോടതിയിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തുകയും ഹരജി നല്‍കാനായി കൂട്ടത്തോടെ രജിസ്ട്രിയില്‍ പ്രവേശിക്കുകയും ചെയ്ത സംഭവത്തില്‍ കെപിസിസിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ മറുപടി തേടിയത്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ഇത്തരം രാഷ്ട്രീയ പ്രകടനങ്ങളും മാര്‍ച്ചുകളും കര്‍ശനമായി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ദിഗന്ത് മിശ്ര, ദിവ്യാന്‍ഷ് ബിഷ്ത്, ആശിഷ് ഗോപാല്‍ ഗാര്‍ഗ്, ശ്വേത ഗാര്‍ഗ് എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഇടപെടല്‍.

സുപ്രീംകോടതി പരിസരത്തുണ്ടായ സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തില്‍ ജുഡീഷ്യറിയെ വിരട്ടാന്‍ ശ്രമിക്കുന്നത് അനുവദിക്കരുതെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് ഭാട്ടിയ വാദിച്ചു. എന്നാല്‍, ആര്‍ക്കും ജുഡീഷ്യറിയെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ‘ഞങ്ങള്‍ ദന്തഗോപുരങ്ങളില്‍ വസിക്കുന്നവരല്ല; അവര്‍ പുറത്ത് എന്താണ് പറയുന്നതെന്നും കോടതിയില്‍ എന്താണ് പറയുന്നതെന്നും ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഒക്ടോബര്‍ 12ന് പ്രതിപക്ഷ നേതാക്കള്‍ സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നാലെ, ചീഫ് ജസ്റ്റിസിനെ വ്യക്തിപരമായി അധിക്ഷേപിച്ച് കെപിസിസിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ വന്ന പോസ്റ്റിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി വേണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ഘട്ടത്തില്‍ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

Content Highlights: The Supreme Court issued notices to Rahul Gandhi, KPCC, and INDIA bloc leaders over a political march conducted toward court premises. A bench led by Chief Justice Surya Kant addressed a PIL seeking strict regulation of political demonstrations near courts. The court declined criminal contempt proceedings at this stage.

 

---- facebook comment plugin here -----

Latest