Connect with us

National

രണ്ട് മാസത്തിനുള്ളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതാകും: പെപ്‌സികോ

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ എനര്‍ജി ഡ്രിങ്ക് എന്ന ലേബല്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നാണ് പെപ്‌സികോയുടെ ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ട് മാസത്തിനുള്ളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതാകുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ പെപ്സികോ. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ എനര്‍ജി ഡ്രിങ്ക് എന്ന ലേബല്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന പെപ്‌സികോയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. വിലക്ക് നീക്കാത്തതിനാല്‍ നിലവിലുള്ള സ്റ്റോക്ക് മാത്രമാണ് പെപ്‌സികോക്കും മോണ്‍സ്റ്ററിനും റിലയന്‍സ് കണ്‍സ്യൂമറിനും ഈ ലേബലോടെ വില്‍ക്കാന്‍ കഴിയുക.

വിലക്ക് തുടര്‍ന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകില്ലെന്നും എതിരാളികള്‍ക്ക് ഉല്‍പ്പാദനം തുടരാന്‍ കഴിയുന്ന സാഹചര്യത്തില്‍ പെപ്‌സികോക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിതരണ സംവിധാനത്തെ തകിടം മറിക്കുമെന്നും പെപ്‌സികോയുടെ അഭിഭാഷകന്‍ സന്ദീപ് സേത്തിയാണ് കോടതിയില്‍ അറിയിച്ചു. എതിരാളികളായ റെഡ് ബുള്ളിന് നിലവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയുണ്ട്. കമ്പനിയുടെ ക്യാനുകള്‍ ഇതിനകം വാങ്ങി പ്രിന്റ് ചെയ്തിട്ടുള്ളതിനാല്‍ പുതിയ ലേബലിലേക്ക് മാറുന്നത് സങ്കീര്‍ണമായ നടപടിയായിരിക്കുമെന്നും പെപ്‌സികോ കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസമാണ് റെഡ് ബുള്ളിന് നിയന്ത്രണത്തിനെതിരെ കോടതിയില്‍ നിന്ന് താല്‍ക്കാലിക ഇളവ് ലഭിച്ചത്.

എന്നാല്‍ പെപ്‌സികോ, മോണ്‍സ്റ്റര്‍, റിലയന്‍സ് കണ്‍സ്യൂമര്‍ എന്നിവയ്ക്ക് ഇതുവരെ ഇളവ് ലഭിച്ചിട്ടില്ല. ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങളില്‍ എനര്‍ജി ഡ്രിങ്ക് എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജൂണിലാണ് എഫ് എസ് എസ് എ ഐ നിര്‍ദേശിച്ചത്. ഇത്തരം പാനീയങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് നടപടിക്ക് കാരണം. കേസിലെ അടുത്ത വാദം ഒക്ടോബര്‍ 30ന് നടക്കും.

Content Highlights: PepsiCo told the Delhi High Court that its products could vanish from India within two months after a plea against FSSAI energy drink labeling rules was rejected. Existing stock can be sold, but changing labels is complex. The court will hear the case next on October 30.

Latest