Connect with us

Kerala

ഫെഡറലിസത്തിൻ്റെ അടിത്തറ ദുർബലമാക്കും; ഡെപ്യൂട്ടേഷൻ ഭേദഗതികൾ ഒഴിവാക്കണമെന്ന് പിണറായി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

Published

|

Last Updated

തിരുവനന്തപുരം | അഖിലേന്ത്യാ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതികൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ആശയത്തിനു കടകവിരുദ്ധമായ ഫലം സൃഷ്ടിക്കുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭേദഗതികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭേദഗതികൾ നടപ്പായാൽ സംസ്ഥാന സർക്കാറിൻ്റെ നയങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫീസർമാരിൽ ഭയപ്പാടും വിമുഖതയും നിസ്സംശയം ഉടലെടുക്കും. കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയ സംഘടനകൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറുകളെ ഇതു ദോഷകരമായി ബാധിക്കും. നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ തന്നെ കേന്ദ്ര സർക്കാരിനു വളരെയധികം മുൻതൂക്കം നൽകുന്ന ഒന്നാണ്. അതേ ദിശയിൽ ഇനിയും നീങ്ങുകയാണെങ്കിൽ ഫെഡറലിസത്തിൻ്റെ അടിത്തറ തീർത്തും ദുർബലമാകും.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിനു കീഴിൽ കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകൾക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാൽ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.

Latest