Kerala
പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി വീണ്ടും പിടിയില്‍
സജിത്ത് കൊലപാതക കേസുകളില്‍ അടക്കം പ്രതി.
തിരുവല്ല | കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. നിരണം കിഴക്കുംഭാഗം ആശാന്‍ കുടി പുതുവേല്‍ സജിത്ത് (32) നെയാണ് ഒളിവിടത്തില്‍ നിന്നും പോലീസ് അതിസാഹസികമായി പിടികൂടിയത്. സെപ്തംബര്‍ രണ്ടാമത്തെ ആഴ്ചയിലാണ് ഇയാള്‍ നാല് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബീഡി കൊണ്ട് പൊള്ളിക്കുകയും, കമ്പുകൊണ്ട് പുറത്ത് അടിക്കുകയും മറ്റും ചെയ്തിരുന്നു. പേടി കാരണം കുട്ടി വിവരം ആദ്യം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍, കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ അന്വേഷിച്ചതോടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
ഈമാസം ഒമ്പതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും 10ന് പ്രതിയെ പിടികൂടുകയും ചെയ്തു. എന്നാല്‍, രാത്രി പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദേശപ്രകാരം തിരുവല്ല ഡി വൈ എസ് പി. പി ആര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ടി രൂപവത്കരിച്ചു. ഇരതോട് ആശാന്‍കുടി കോളനിക്ക് സമീപം പോലീസിനെ കണ്ട പ്രതി കണ്ടത്തിലെ ചെളിയില്‍ ആഴ്ന്നു കിടന്നു. ചെളിയില്‍ പ്രതിയുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന പോലീസ് സംഘം വെള്ളത്തില്‍ ഇറങ്ങി നീന്തി ചെന്നാണ് പ്രതിയെ പിടികൂടിയത്.
പുളിക്കീഴ് എസ് എച്ച് ഒ. കെ എസ് ധന്യ, എ എസ് ഐമാരായ അജികുമാര്‍, വിനോദ്, എസ് സി പി ഒമാരായ ജീവന്‍ദാസ്, മനോജ് കുമാര്‍, രെജു, ആരോമല്‍, സി പി ഒമാരായ അനില്‍കുമാര്‍, അരുണ്‍ ദാസ്, രഞ്ജു കൃഷ്ണന്‍, വിനീത്, രതീഷ്, ജസ്റ്റിന്‍, ജിഷ്ണു, ധീരജ്, അതുല്‍, നിതിന്‍ തോമസ്, രവി, ശ്രീജാ ഗോപിനാഥ്, ഗീതു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ നാളെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസ് ഉള്‍പ്പെടെ ആറോളം കേസുകളിലും റാന്നി പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും പ്രതിയാണ് സജിത്ത്. കൂടാതെ പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ്.
Content Highlights:
The accused in a POCSO case who managed to escape from police custody has been successfully recaptured by law enforcement. Authorities launched an intensive manhunt following the escape, leading to the swift apprehension of the suspect. Further legal proceedings and investigations into the security lapse are currently underway.




