Business
മെഡിക്കല്‍ ബിരുദധാരികള്‍ക്ക് യൂറോപ്പില്‍ അവസരമൊരുക്കി തുമ്പെ ഗ്രൂപ്പ്
കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, റേഡിയോളജി ഉള്‍പ്പെടെ 49 വ്യത്യസ്ത വൈദഗ്ധ്യ ശാഖകളില്‍ റെസിഡന്‍സി പരിശീലനം നേടാന്‍ ഇതിലൂടെ വഴിതുറക്കും.
അജ്മാന്‍ | യു എ ഇയിലെയും സമീപ രാജ്യങ്ങളിലെയും മെഡിക്കല്‍ ബിരുദധാരികള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉന്നത സ്‌പെഷ്യലിസ്റ്റ് പരിശീലനവും ഉപരിപഠനവും സാധ്യമാക്കുന്ന ബൃഹത്തായ പദ്ധതിക്ക് തുടക്കമിട്ട് തുമ്പെ ഗ്രൂപ്പ്. റൊമാനിയയിലെ പ്രമുഖ ഗവ. മെഡിക്കല്‍ സ്ഥാപനമായ ജോര്‍ജ് എമില്‍ പലാഡെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍, ഫാര്‍മസി, സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി (UMFST) സഹകരിച്ചാണ് ‘തുമ്പെ – യു എം എഫ് എസ് ടി ഇന്റര്‍നാഷണല്‍ റെസിഡന്‍സി പാത്ത്വേ പ്രോഗ്രാം’ യാഥാര്‍ഥ്യമാക്കിയത്. കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, റേഡിയോളജി ഉള്‍പ്പെടെ 49 വ്യത്യസ്ത വൈദഗ്ധ്യ ശാഖകളില്‍ റെസിഡന്‍സി പരിശീലനം നേടാന്‍ ഇതിലൂടെ വഴിതുറക്കും.
ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ മികച്ച സംഭാവനകള്‍ മാനിച്ച് തുമ്പെ ഗ്രൂപ്പ് ഫൗണ്ടര്‍ പ്രസിഡന്റും ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപകനുമായ ഡോ. തുമ്പെ മൊയ്തീന് യു എം എഫ് എസ് ടിയുടെ പരമോന്നത ബഹുമതിയായ ‘മെഡല്‍ ഓഫ് ഓണര്‍’ സമ്മാനിച്ചു. അജ്മാന്‍ തുമ്പെ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാലാ റെക്ടര്‍ പ്രൊഫ. ഡോ. ലിയോനാര്‍ഡ് അസംഫിരിയാണ് പുരസ്‌കാരം നേരിട്ടെത്തി കൈമാറിയത്.
മെഡിക്കല്‍ വിഭാഗത്തില്‍ 28-ഉം, സര്‍ജിക്കല്‍ വിഭാഗത്തില്‍ 13-ഉം, പാരാക്ലിനിക്കല്‍ വിഭാഗത്തില്‍ 8-ഉം ഉള്‍പ്പെടെ 49 സ്‌പെഷ്യാലിറ്റികളില്‍ പ്രവേശനം നേടാന്‍ അവസരമുണ്ട്. തിരഞ്ഞെടുക്കുന്ന വിഷയം അനുസരിച്ച് നാല് മുതല്‍ ആറ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നതാണ് പരിശീലനം. റൊമാനിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത പാഠ്യപദ്ധതി പ്രകാരം തര്‍ഗു മുറേഷിലെ എമര്‍ജന്‍സി ക്ലിനിക്കല്‍ കൗണ്ടി ഹോസ്പിറ്റല്‍, മുറേഷ് ക്ലിനിക്കല്‍ കൗണ്ടി ഹോസ്പിറ്റല്‍, എമര്‍ജന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസസ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്നീ പ്രമുഖ ആശുപത്രികളിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ സ്‌പെഷ്യലിസ്റ്റ് പരീക്ഷക്ക് ശേഷം റൊമാനിയന്‍ ആരോഗ്യ മന്ത്രിയുടെ ഉത്തരവിലൂടെ ഔദ്യോഗിക യൂറോപ്യന്‍ സ്‌പെഷ്യലിസ്റ്റ് പദവി ലഭിക്കും. കൂടാതെ, റൊമാനിയന്‍ നിയമപ്രകാരം റെസിഡന്‍സിക്കൊപ്പം സര്‍വകലാശാലയുടെ ഡോക്ടറല്‍ സ്‌കൂളില്‍ പ്രവേശിച്ച് പി എച്ച് ഡിയും കരസ്ഥമാക്കാനാകും.
എം ഡി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രത്യേക ഇന്റേണ്‍ഷിപ്പ് കാലയളവ് ഇല്ലാതെ തന്നെ നേരിട്ട് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെയും തുമ്പെ ഇന്റര്‍നാഷണല്‍ മെഡിസിന്‍ പാത്ത്വേ പ്രോഗ്രാമിലെയും ബിരുദധാരികള്‍ക്ക് പ്രവേശനത്തില്‍ പ്രത്യേക മുന്‍ഗണന ലഭിക്കും. മറ്റ് അംഗീകൃത മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ആദ്യ ബാച്ചിലേക്കുള്ള പ്രവേശന നടപടികള്‍ 2026 ഒക്ടോബര്‍ 20-ഓടെ അവസാനിക്കും. പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്ന് റൊമാനിയന്‍ ഭാഷാ പഠന മോഡ്യൂള്‍ ആരംഭിക്കും. നിലവില്‍ പ്രത്യേക സീറ്റ് പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏത് സ്‌പെഷ്യാലിറ്റിയിലേക്കും അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് thumbaypathway.com/apply എന്ന വെബ്സൈറ്റിലൂടെയോ pathway@gmu.ac.ae എന്ന ഇമെയില്‍ വഴിയോ +971 6 7431333 / +971 50 1179552 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം. ആദ്യഘട്ട യോഗ്യതാ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും.
Content Highlights:
Thumbay Group has announced new healthcare career pathways and employment opportunities for medical graduates across Europe. The initiative aims to connect qualified medical professionals with expanding opportunities in the European healthcare sector. Eligible candidates can explore recruitment processes and application guidelines through official channels.




