International
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പൗരനെ നഷ്ടപ്പെട്ടതില്‍ പത്താമത്തെ രാജ്യമായി ഇന്ത്യ
ആക്രമണങ്ങളെത്തുടര്‍ന്ന് പരുക്കേറ്റ ഏഴ് ഇന്ത്യക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
ന്യൂ ഡല്‍ഹി | റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസഫ് അലി മരിച്ചതോടെ പൗരനെ നഷ്ടപ്പെട്ട പത്താമത്തെ രാജ്യമായി ഇന്ത്യ
സഊദി അറേബ്യയിലെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ റിയാദിലെ വിമാനത്താവളത്തില്‍ ഹൂതി മിസൈല്‍ പതിച്ച് 12 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ മുഹമ്മദ് യൂസഫ് അലി കുടുംബത്തോടൊപ്പം ഉംറക്കായി യാത്ര ചെയ്യുകയായിരുന്നു. വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ മേല്‍ക്കൂര തകര്‍ന്നു വീണുണ്ടായ പരുക്കുകളെ തുടര്‍ന്നാണ് യൂസഫ് അലി മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ സ്ഥിരീകരിച്ചതായി ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റും ഹൈദറാബാദ് എം പിയുമായ അസദുദ്ദീന്‍ ഉവൈസി മാധ്യമങ്ങളോട് പറഞ്ഞു.
സഊദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ട മറ്റുള്ളവരില്‍ നാല് സഊദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും കൂടാതെ യു എസ്, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, പലസ്തീന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആക്രമണങ്ങളെത്തുടര്‍ന്ന് ഏഴ് ഇന്ത്യക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.






