National
ഉത്തര്‍പ്രദേശില്‍ ബാങ്ക് വിളിച്ചയാള്‍ റിമാന്റില്‍; ലൗഡ് സ്പീക്കര്‍ പിടിച്ചെടുത്തു
നജീബാബാദിലെ മക്ബാര പ്രദേശത്തുള്ള പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുഹമ്മദ് ഫൈസാനെയാണ് അറസ്റ്റ് ചെയ്തത്
നജീബാബാദ് | അനുവദനീയമായതിനെക്കാള്‍ ഉയര്‍ന്ന ശബ്ദത്തില്‍ ബാങ്ക് വിളിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ പള്ളിയില്‍ നിന്ന് ലൗഡ് സ്പീക്കര്‍ പിടിച്ചെടുക്കുകയും ബാങ്ക് വിളിച്ചയാളെ അറസ്റ്റ് ചെയ്ത് പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. നജീബാബാദിലെ മക്ബാര പ്രദേശത്തുള്ള പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുഹമ്മദ് ഫൈസാനെയാണ് അറസ്റ്റ് ചെയ്തത്.
സമാധാന്‍ ദിവസ് എന്ന പരിപാടിയിലേക്ക് പോകുകയായിരുന്ന എസ് പി കൃഷന്‍ കുമാര്‍ ബിഷ്‌ണോയി ബാങ്ക് വിളി കേട്ടതിനെത്തുടര്‍ന്ന് പള്ളിയില്‍ പരിശോധന നടത്താന്‍ പ്രാദേശിക പോലീസിന് നിര്‍ദ്ദേശം നല്‍കുകയും പള്ളിയിലെത്തിയ പോലീസ് സ്പീക്കറിന്റെ ശബ്ദം അനുവദനീയമായതിനെക്കാള്‍ കൂടുതലാണെന്ന് ആരോപിച്ച് അത് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് എസ് ഐ സൗരഭ് സിംഗ് നല്‍കിയ പരാതിയില്‍ ഫൈസാനെ അറസ്റ്റ് ചെയ്യുകയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കുകയും കോടതി പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പള്ളിയില്‍ രേഖപ്പെടുത്തിയ ശബ്ദത്തിന്റെ അളവ് എത്രയാണെന്ന് പോലീസ് വ്യക്തമാക്കുകയൊ അറസ്റ്റ് ചെയ്യുന്നതിനും മുമ്പ് ഔദ്യോഗികമായി ശബ്ദപരിശോധന നടത്തുകയൊ ചെയ്തിട്ടില്ല. പള്ളികളിലെ ബാങ്ക് വിളിക്കുന്നവര്‍ മതപരമായ ദൗത്യം നിര്‍വഹിക്കുന്നവരാണന്നും തെറ്റ് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു പോലീസ് ചെയ്യേണ്ടിയിരുന്നതന്നും നജീബാബാദ് ഖാളി അഫനുല്‍ ഹഖ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ലൗഡ് സ്പീക്കര്‍ ഉപയോഗ നിയമങ്ങള്‍ സംബന്ധിച്ച് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ബീറ്റ് ഓഫീസര്‍ ലളിത് കുമാറിനെ എസ് പി ബിഷ്‌ണോയ് സസ്‌പെന്‍ഡ് ചെയ്തു.
ശബ്ദമലിനീകരണ നിയമവും സുപ്രീം കോടതിയുടെ 2005ലെ വിധിയും രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ ലൗഡ് സ്പീക്കറിലൂടെയുള്ള പൊതു പരിപാടികള്‍ നിരോധിച്ചിരുന്നു. താമസ സ്ഥലങ്ങളിലെ ശബ്ദപരിധി പകല്‍ സമയം 55 ഡെസിബെല്ലും രാത്രിയില്‍ 45 ഡെസിബെല്ലുമാണ്. സംസ്ഥാനത്തുടനീളമുള്ള മതസ്ഥാപനങ്ങളില്‍ നിന്നും അനധികൃതമായി സ്ഥാപിച്ചിരുന്ന 53,942 ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുകയും 60,200 എണ്ണത്തിന്റെ ശബ്ദതീവ്രത ക്രമീകരിച്ചതായും 2022ല്‍ ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചിരുന്നു.






