Connect with us

National

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റും: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഏഴ് പുതിയ കമ്പനികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ കമ്പനികള്‍ ഇന്ത്യയുടെ സൈനിക ശേഷിയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് വലിയ മാറ്റം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് 41 ഓര്‍ഡിനന്‍സ് ഫാക്ടറികളുടെ നവീകരണം. വളര്‍ച്ചയാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും മോദി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ രംഗത്ത് സുതാര്യത കൊണ്ടുവന്നതായി പ്രധാന മന്ത്രി അവകാശപ്പെട്ടു. പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്താന്‍ സ്വകാര്യ മേഖലയും സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യകള്‍ നവീകരിക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ പുതിയ ഏഴ് കമ്പനികള്‍ ശക്തിപ്പെടുത്തും. വികസനത്തിലും ഗവേഷണത്തിലുമാണ് കമ്പനികള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ആഗോള കമ്പനികളോട് മത്സരിക്കുക മാത്രമല്ല അവരെ മറികടക്കുകയും വേണമെന്ന് കമ്പനികളെ മോദി ഓര്‍മിപ്പിച്ചു.

മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (Munitions India Limited (MIL)), ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ് (Armoured Vehicles Nigam Limited (AVANI)), അഡ്വാന്‍സ്ഡ് വെപണ്‍സ് ആന്‍ഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (Advanced Weapons and Equipment India Limited (AWE India)), ട്രൂപ് കംഫര്‍ട്‌സ് ലിമിറ്റഡ് (Troop Comforts Limited (TCL)), യന്ത്ര ഇന്ത്യ ലിമിറ്റഡ് (Yantra India Limited (YIL)), ഇന്ത്യ ഓപ്റ്റല്‍ ലിമിറ്റഡ് (India Optel Limited (IOL)), ഗ്ലൈഡേര്‍സ് ഇന്ത്യ ലിമിറ്റഡ് (Gliders India Limited (GIL)) എന്നിവയാണ് പ്രധാന മന്ത്രി പുതുതായി രാജ്യത്തിന് സമര്‍പ്പിച്ചത്. രാജ്യത്തെ കര-വ്യോമ-നാവികാ സേനാ വിഭാഗങ്ങളില്‍ നിന്നും അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നുമായുള്ള 65,000 കോടി രൂപയുടെ 66 പുതിയ കരാറുകളാണ് ഈ കമ്പനികള്‍ക്ക് ആദ്യം ലഭിക്കുക.

 

 

Latest