Connect with us

Kerala

വെള്ളവും തീറ്റയും തേടി കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളില്‍; പ്രതിരോധിക്കാന്‍ വനത്തിനുള്ളില്‍ വനം വകുപ്പ് കുളം നിര്‍മിക്കുന്നു

സതേണ്‍ സര്‍ക്കിളില്‍ 140 ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തും.

Published

|

Last Updated

ചിറ്റാര്‍ കൊടുമുടിയില്‍ വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അഞ്ചുമുക്ക് ഉള്‍വനത്തില്‍ കുളം കുഴിക്കുന്നു.

പത്തനംതിട്ട | വെള്ളവും തീറ്റയും തേടി കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നതിനെ പ്രതിരോധിക്കാന്‍ നടപടിയുമായി വനംവകുപ്പ്. കാട്ടിനുള്ളില്‍ തന്നെ വേനല്‍ക്കാലത്തും ജലലഭ്യത ഉറപ്പാക്കാനുള്ള ഊര്‍ജിതശ്രമങ്ങള്‍ വിവിധ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധികളില്‍ ആരംഭിച്ചു. വേനല്‍ക്കാലത്ത് വനത്തിലെ നീരുറവകളും ജലാശയങ്ങളും വറ്റിയതോടെ വെള്ളം തേടി കാട്ടാന ഉള്‍പ്പെടെ നാടിറങ്ങുന്നത് കൂടിവരുന്ന പശ്ചാത്തലത്തിലാണ് ജലലഭ്യതയ്ക്കായി കാട്ടിനുള്ളില്‍ കുളങ്ങള്‍ നിര്‍മിക്കാനും നിലവിലെ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്താനും വനംവകുപ്പ് തീരുമാനിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന വനംവകുപ്പിന്റെ സതേണ്‍ സര്‍ക്കിളില്‍ 140 ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. തടയണകള്‍, കുളങ്ങള്‍ എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്. കാട്ടില്‍ നിന്നു വെള്ളം തേടിയിറങ്ങുന്ന മൃഗങ്ങള്‍ക്ക് നാട്ടിലും വെള്ളം കിട്ടാത്ത സാഹചര്യമുണ്ട്. നാട്ടിലെ ജലസ്രോതസ്സുകള്‍ വറ്റിയിരിക്കുകയാണ്.

വറ്റിയ പുഴകളിലും കുഴികള്‍ നിര്‍മിച്ചു
ജലം തേടി കാട്ടുമൃഗങ്ങള്‍ എത്തുന്ന മേഖലകളിലാണ് സ്രോതസ്സുകള്‍ ശക്തിപ്പെടുത്തിയത്. വനമേഖലയിലൂടെ ഒഴുകുന്ന പുഴകള്‍ വറ്റിത്തുടങ്ങിയതിനാല്‍ ഇതില്‍ കുഴികള്‍ നിര്‍മിച്ച് ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇതിനൊപ്പം നിലവിലെ കുളങ്ങളും തടയണകളും വൃത്തിയാക്കിയെടുത്തു. വനം സംരക്ഷണ സമിതിയുടെ കൂടി സഹകരണത്തിലാണ് ജലസ്രോതസ്സുകളുടെ നിര്‍മാണം. പത്തനംതിട്ട ജില്ലയില്‍ റാന്നി, കോന്നി വനം ഡിവിഷനുകളുടെ പരിധിയില്‍ ജലസ്രോതസ്സുകളുടെ നിര്‍മാണം നടന്നുവരുന്നുണ്ട്.

റാന്നി മേഖലയില്‍ കൊടുമുടി, പടയണിപ്പാറ, മണ്‍പിലാവ്, അരീക്കക്കാവ്, കട്ടച്ചിറ, നാറാണംതോട്, ഇരതോട് ഭാഗങ്ങളില്‍ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തി. പുതുതായി കുളങ്ങള്‍ നിര്‍മിച്ചും നിലവിലെ തടയണകള്‍ ശക്തിപ്പെടുത്തിയുമാണ് പ്രവര്‍ത്തനങ്ങള്‍. തടയണകളും കുളങ്ങളും ഒരുവശം ചരിച്ച് നിര്‍മിക്കുന്നതിനാല്‍ മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഇതിനുള്ളില്‍ ഇറങ്ങി വെള്ളം കുടിക്കാനാകും. ആനത്താരകളോടു ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് പുതുതായി കുളങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.

കാടിറക്കം നിരീക്ഷിക്കും
കാട്ടിനുള്ളില്‍ വെള്ളം ഉറപ്പാക്കിയതിനു പിന്നാലെ വിവിധ സ്ഥലങ്ങളില്‍ കാട്ടാന, കാട്ടുപോത്ത് എന്നിവ വെള്ളം തേടി പുറത്തേക്ക് ഇറങ്ങുന്നത് നിരീക്ഷിക്കുന്നതിനും വനംവകുപ്പ് സംവിധാനമായി. കാട്ടാനകള്‍ കൂടുതലായി പുറത്തേക്ക് വന്നിരുന്ന കോന്നി, റാന്നി, അച്ചന്‍കോവില്‍ ഡിവിഷനുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. കോന്നിയിലും അച്ചന്‍കോവിലിലും അച്ചന്‍കോവില്‍, കല്ലാര്‍ നദീ തീരത്താണ് ആനകളുടെ താവളം കണ്ടിരുന്നത്. അച്ചന്‍കോവിലാറ്റില്‍ വെള്ളം നാമമാത്രമായിട്ടെങ്കിലും ഉണ്ട്. എന്നാല്‍ കല്ലാറ് പലയിടങ്ങളിലും വറ്റിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച തണ്ണിത്തോട് ഏഴാംതല ഭാഗത്ത് കല്ലാറിന്റെ തീരത്താണ് ഒരാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏഴാംതലയില്‍ ചില ഭാഗങ്ങളില്‍ വെള്ളം ഉള്ളതിനാലാണ് ആനക്കൂട്ടം പതിവായി ഇവിടേക്ക് ഇറങ്ങുന്നത്.

 

 

Latest