Connect with us

Heavy rain

കേരളത്തിൽ ഞായർ വരെ വ്യാപക മഴക്ക് സാധ്യത; മഞ്ഞ ജാഗ്രത

കേരള തീരത്ത് നിന്നും ഇന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിൽ ഇന്ന് മുതൽ ഞായർ വരെ വ്യാപക മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്നും ഇന്ന് മത്സ്യബന്ധനത്തിനു പോകാന് പാടില്ലെന്നും അറിയിപ്പുണ്ട്.

മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയുന്നത്. അടുത്ത 4- 5 ദിവസം തത്സ്ഥിതി തുടരാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടൽ ന്യൂന മർദം നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ – ഒഡീഷ തീരത്തിന് അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് ഞായർ വരെ കേരളത്തിൽ വ്യാപക മഴക്ക് സാധ്യതയുള്ളത്.

ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.

തെക്കന്‍ കേരള തീരത്ത് ഇന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാലാണ് മല്‍സ്യബന്ധനത്തിന് വിലക്കെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Latest