Connect with us

hijab issue

തുല്യതയില്ലാത്ത ഏകത എന്തിന്?

വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന യൂനിഫോം സമ്പ്രദായത്തെ വിദ്യാഭ്യാസ മേഖലയിലെ തുല്യതയുടെ അടിസ്ഥാന പ്രതീകമായി കാണുന്നത് തെറ്റാണ്. നമ്മുടെ വിദ്യാഭ്യാസ പരിസരങ്ങളിൽ തുല്യത എന്ന പരികൽപ്പന തന്നെ ഇല്ലാതിരിക്കെ അതെങ്ങനെ പൊടുന്നനെ യൂനിഫോമിലൂടെ മാത്രം പൊട്ടിമുളക്കും?

Published

|

Last Updated

ഹിജാബിനെ ചൊല്ലി കർണാടകയിലെ ചില പ്രദേശങ്ങളിൽ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിക്കൊണ്ടിരിക്കുന്ന രോഷപ്രകടനങ്ങൾ അവസരവാദപരമാണ്. ഹിജാബ് ധരിച്ച് കോളജുകളിൽ എത്തിയ പെൺകുട്ടികളെ, ഏകതക്കും തുല്യതക്കും വിലങ്ങുതടിയായി നിൽക്കുന്നു എന്ന പേരിൽ നേരിട്ട് ആക്രമിക്കാൻ വരെ ഒരു കൂട്ടം വിദ്യാർഥികൾ മുതിർന്നു. നിരവധി പേർ അപലപിച്ചുവെങ്കിലും കർണാടകയിലെ ബി ജെ പി സർക്കാറും സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ചിലരും ഈ അതിക്രമങ്ങളെ ഇപ്പോഴും തന്ത്രപരമായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഹിജാബിനെ ചൊല്ലിയുള്ള ഈ വിദ്യാർഥികളുടെ ധാർമിക രോഷം അവസരവാദപരമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. പൊതുവേ കർണാടകയിലെ വിദ്യാർഥികൾ, പ്രത്യേകിച്ചും ഉഡുപ്പിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർഥികൾ, ജനകീയ മുന്നേറ്റങ്ങളോട് ഉദാസീനമായ ഒരു സമീപനമാണ് പുലർത്തിപ്പോരാറുള്ളത്. ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കവയും അച്ചടക്കത്തിന്റെ വളരെ കണിശമായ മാതൃകകളെയാണ് പിന്തുടരുന്നത്. വിമർശനാത്മകമായ ചിന്തകൾക്ക് ഈവക സ്ഥാപനങ്ങളിൽ ഇടമേ ഇല്ല. അങ്ങനെയുള്ള ഒരിടത്ത് വിദ്യാർഥികളെ ഔപചാരികമായോ, അനൗപചാരികമായോ സംഘടിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ കനത്ത അച്ചടക്കവ്യവസ്ഥയിൽ പഠനം നടക്കുന്ന ഒരിടത്ത് ഏകതയുടെയും ഏക രൂപമുള്ള വസ്ത്രധാരണാ രീതികൾ പിന്തുടരുന്നതിന്റെയും അർഥം എന്താണ്?

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോം നടപ്പാക്കാൻ പൊതുവേ പറഞ്ഞുവരുന്ന ഒരു ന്യായം, അത് വിദ്യാർഥികളുടെ സാമ്പത്തികവും സാമൂഹികവും ആയ വൈജാത്യങ്ങൾക്കപ്പുറം തുല്യത ഉറപ്പുവരുത്താനുള്ള ഒരു മെക്കാനിസമായി പ്രവർത്തിക്കുന്നു എന്നതാണ്. യഥാർഥത്തിൽ അതങ്ങനെയാണോ? വസ്ത്രം ഒരു പാട് ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന ഒരു പ്രതീകമാണ് എന്നത് ശരിയാണ്. അങ്ങനെയെങ്കിൽ, ഈ പ്രതീകം തുല്യതയെ ഉൾവഹിക്കുന്നത് എങ്ങനെയാണ്? യൂനിഫോമിനും തുല്യത എന്ന സങ്കൽപ്പത്തിനുമിടയിൽ നൈസർഗികമായ ഒരു ബന്ധവുമില്ല എന്ന് നമുക്കറിയാം. സാമൂഹികമായ ചില പെരുമാറ്റച്ചട്ടങ്ങളിലൂടെ നിർമിച്ചെടുത്തതാണ് ഇവക്കിടയിൽ ആരോപിക്കപ്പെടുന്ന ബന്ധം.

തുല്യതയെ പ്രോത്സാഹിപ്പിക്കാനും ഉറപ്പുവരുത്താനും അനുഭവിപ്പിക്കാനും ധാരാളം അവസരങ്ങൾ നൽകുന്ന ഇടങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഉദാഹരണത്തിന്, പാഠപുസ്തകങ്ങളും സാങ്കേതിക വിദ്യകളും അധ്യാപകരും പോഷകാഹാരവും തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുന്നതിലൂടെ വിദ്യാർഥികൾക്കിടയിൽ തുല്യത കൊണ്ടുവരാൻ കഴിയും. തുല്യതയിലേക്ക് വഴിയൊരുക്കുന്ന ഏകതകളാണ് എന്നുമാത്രമല്ല, തുല്യത ഉറപ്പുവരുത്താനുള്ള കാതലുള്ള ശ്രമങ്ങൾ ഇവയാണ് താനും. അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു എന്നതു കൊണ്ടുതന്നെ കേവലം പേരിനുവേണ്ടി മാത്രമുള്ള ഏകതകളെയല്ല ഇത് ലക്ഷ്യമിടുന്നതും.

ധാരാളം മേഖലകളിൽ ഇന്ന് യൂനിഫോംഉപയോഗിക്കുന്നുണ്ട്. പ്രതിരോധ മേഖല, നിയമ വ്യവസ്ഥ, ഫാക്ടറികൾ, മതസമൂഹങ്ങൾ, ജയിൽ എന്നിങ്ങനെ പലയിടത്തും. ഇവയോരോന്നിലും യൂനിഫോമിന്റെ കർത്തവ്യം വേറെവേറെയാണ്. അവയൊന്നും തന്നെ തുല്യതയുടെ അവതരണങ്ങളും അല്ല.

ഡ്രസ്സ് കോഡ് എന്ന നിലയിൽ യൂനിഫോം വസ്ത്രങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യതയുടെ പ്രതീകമായി പ്രവർത്തിക്കുന്നേയില്ല. മറിച്ച് ജയിൽ യൂനിഫോമുകകളുടേതിന് സമാനമായ ശാസന, അച്ചടക്കം, നിയന്ത്രണം എന്നിവയുടെ പ്രതീകമാണ്. വിദ്യാർഥികൾക്കും ഇക്കാര്യം അറിയാം. യൂനിഫോമിനെ അച്ചടക്കത്തിന്റെയും ശാസനയുടേയും ഭാഗമായാണ് അവരും കാണുന്നത്. തുല്യതയുമായി ബന്ധപ്പെട്ട എന്തെങ്കിലും സന്ദേശം ആ വസ്ത്രം ഉൾവഹിക്കുന്നുണ്ട് എന്നവർ കരുതുന്നേയില്ല. മാത്രമല്ല, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ യൂനിഫോം അടിച്ചേൽപ്പിക്കുന്നതിലെ വിജയം ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ അധികാരം പ്രയോഗിക്കാനുള്ള കഴിവുമായാണ് ഏറെ ബന്ധപ്പെട്ടുകിടക്കുന്നത്.

അധികാര ബദ്ധമായി മാത്രം പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള വ്യവസ്ഥകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും പഠന രീതികളെ തന്നെയും രൂപപ്പെടുത്തുന്നത്. സംവാദാത്മകമായ ഒരു അന്തരീക്ഷത്തിനോ ബദൽ കാഴ്ചപ്പാടുകൾക്കോ സർഗാത്മകമായ ആവിഷ്‌കാരങ്ങൾക്കോ ഇത്തരം വ്യവസ്ഥകളിൽ ഇടമേ ഉണ്ടാവാറില്ല. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രത്യേകിച്ചും ഇപ്പോൾ ഹിജാബിനെതിരെ സമരം നടന്നുകൊണ്ടിരിക്കുന്ന കോളജുകൾ വിദ്യാർഥി ജീവിതത്തിന്റെ സർവ മേഖലകളെയും കർക്കശമായി നിയന്ത്രിക്കുന്ന അധികാര കേന്ദ്രങ്ങൾ ആണ്. ഇത്തരം സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം യൂനിഫോം എന്നത്, ശിക്ഷണോപാധികളുടെ ഭാഗമാണ്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ തുല്യത എന്നൊന്നില്ലെന്ന തരത്തിൽ സംവിധാനിച്ചിരിക്കുന്ന ഈ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രാദയങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് നോക്കുമ്പോൾ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലൊന്നും അത്ഭുതം തോന്നേണ്ട കാര്യമില്ല. നമ്മുടെ വിദ്യാഭ്യാസ പരിസരങ്ങളിൽ തുല്യത എന്ന പരികൽപ്പന തന്നെ ഇല്ലാതിരിക്കെ, അതെങ്ങനെ യൂനിഫോമിലൂടെ മാത്രം പൊടുന്നനെ പൊട്ടിമുളക്കും? വിദ്യാഭ്യാസ മേഖലയിൽ സമീപകാലത്തായി നടന്നുകൊണ്ടിരിക്കുന്ന നയപരമായ മാറ്റങ്ങൾ സമത്വത്തിന്റെ എല്ലാ സാധ്യതകളെയും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അസമത്വങ്ങളെയാണ് ഈ പുതിയ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.

അധ്യാപനത്തിന്റെ ഗുണനിലവാരം, വിഭവങ്ങളുടെ ലഭ്യത, പശ്ചാത്തല സൗകര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ നിർവഹണം എന്നിവയിലെല്ലാം ഈ അസമത്വം പ്രകടമാണ്. ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള അസമത്വങ്ങളുടെ പുറത്താണ് ഇപ്പോഴത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ കെട്ടിപ്പടുത്തിരിക്കുന്നത്. ദേശീയ തലത്തിൽ നടക്കുന്ന മത്സര പരീക്ഷകളുടെ രീതികളിലും സൗകര്യങ്ങളുടെ കാര്യത്തിൽ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുന്ന അകലങ്ങളിലുമെല്ലാം ഈ അസമത്വം അള്ളിപ്പിടിച്ചു നിൽക്കുന്നുണ്ട്. ഗ്രാമീണ- അർധ നഗര പ്രദേശങ്ങളിലെ വിദ്യാർഥികളെയാണ് ഈ മാറ്റങ്ങൾ ഏറ്റവും മാരകമായി ബാധിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മൂല്യത്തെ ഇപ്പോൾ അളക്കുന്നത് സമത്വത്തിലൂടെയല്ല, അസമത്വങ്ങളിലൂടെയാണ് എന്ന് സാരം. മന്ത്രിമാരും രാഷ്ട്രീയക്കാരും ബിസിനസ്സ് സ്ഥാപനങ്ങളും മറ്റേതൊരു കച്ചവടവും പോലെയാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത്. നീതി, ന്യായം, വിഭവങ്ങളുടെ തുല്യ ലഭ്യത, സാർവത്രികമായ വിദ്യാഭ്യാസം തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ സവിശേഷമായ ലക്ഷ്യങ്ങളിൽ നിന്നും ഏറെ അകലെയാണ് ഇക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായം.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂനിഫോം ആവശ്യമുണ്ടോ? വേണ്ട എന്നതിന് രണ്ട് വാദങ്ങളാണ് ഞാൻ അവതരിപ്പിക്കുന്നത്. ഒന്ന്, തുല്യത ഉറപ്പുവരുത്തുന്ന അടിസ്ഥാന ഘടകങ്ങൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാകാത്തിടത്തോളം യൂനിഫോം ഡ്രസ്സ് കോഡ് നിർബന്ധമാക്കുന്നതിൽ ഒരർഥവുമില്ല. ഏകത, തുല്യത, പൗരത്വം തുടങ്ങിയവയെ കുറിച്ചുള്ള വിമർശനാത്മകമായ സംവാദങ്ങൾക്കുള്ള ഇടം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ ഇപ്പോൾ ലഭ്യമാണോ? മാനവിക- സാമൂഹിക ശാസ്ത്ര വിഷയങ്ങളെ അകറ്റിനിർത്തുന്ന പുതിയ നയനിലപാടുകൾ അത്തരം സാധ്യതകളെ പൂർണമായും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

രണ്ട്, സമൂഹത്തിന്റെ സൂക്ഷ്മ പ്രകാശനമാണ് ഓരോ ക്ലാസ്സ്റൂമുകളും. ക്ലാസ്സ്റൂമിൽ അനുഭവിക്കുന്നത് പോലെ ഈ രാജ്യത്തിന്റെ വൈവിധ്യത്തെ വിദ്യാർഥികൾക്ക് അനുഭവേദ്യമാക്കുന്ന മറ്റൊരു പൊതു ഇടവും ഇല്ല. വ്യത്യസ്ത രീതികളിലുള്ള സാമൂഹിക ബന്ധങ്ങളെയും നിർമിതികളെയും കുറിച്ചുള്ള പഠനം കൂടി ഉൾക്കൊള്ളുന്നതാണ് യഥാർഥ വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വൈവിധ്യത്തെ റിപബ്ലിക് ഡേ പരേഡിൽ പ്രദർശിപ്പിക്കുന്നതിനേക്കാളേറെ ക്ലാസ്സ്റൂമുകളിൽ ആണ് പ്രദർശിപ്പിക്കേണ്ടത്. വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടേത് പോലുള്ള ഒരു സമൂഹത്തിന്റെ മൗലികമായ സാമൂഹിക ഉത്തരവാദിത്വത്തിന് എതിരാണ് യൂനിഫോം ഡ്രസ്സ് കോഡ് എന്ന ആശയം.

വിവർത്തനം: എൻ ബഹ്ജ
(തത്വചിന്തകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിസിറ്റിംഗ് പ്രൊഫസറുമാണ് സുന്ദർ സരുക്കായി. ലേഖനത്തിന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയോട് കടപ്പാട്)

തത്വചിന്തകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിസിറ്റിംഗ് പ്രൊഫസറുമാണ് സുന്ദർ സരുക്കായി.