Connect with us

Kerala

സി എ എക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ട്?; രാഹുലും കോണ്‍ഗ്രസ്സും മറുപടി പറയണമെന്ന് പിണറായി

സംഘ്പരിവാര്‍ മനസുള്ളവര്‍ക്ക് മാത്രമേ സി എ എക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ സാധിക്കൂ. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. രാഹുല്‍ ഗാന്ധി നിസ്സംഗതയോടെ ഇതിനൊപ്പം നില്‍ക്കുകയാണ്.

Published

|

Last Updated

പാലക്കാട് | പൗരത്വ നിയമ ഭേദഗതി (സി എ എ)ക്കെതിരെ കോണ്‍ഗ്രസ്സ് പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി എ എ സംബന്ധിച്ച് താന്‍ പറഞ്ഞപ്പോള്‍ അനാവശ്യ ആരോപണം ഉന്നയിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പരാതിപ്പെടുന്നത്. സംഘ്പരിവാര്‍ മനസുള്ളവര്‍ക്ക് മാത്രമേ സി എ എക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ സാധിക്കൂ. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു കോണ്‍ഗ്രസ്സ്. രാഹുല്‍ ഗാന്ധി നിസ്സംഗതയോടെ ഇതിനൊപ്പം നില്‍ക്കുകയാണെന്നും പിണറായി ആരോപിച്ചു.

ഇടതുപക്ഷം സമരത്തില്‍ സജീവ പങ്കാളിയായി. കേരളത്തില്‍ ഇടതുപക്ഷം വിവിധ സമരങ്ങള്‍ നടത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കി. എന്നാല്‍, വിഷയത്തില്‍ ഒന്നും പറയരുതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. അതെങ്ങനെ ശരിയാകും.

സി എ എക്കെതിരാ സമരങ്ങളില്‍ ആദ്യം പങ്കെടുത്ത കോണ്‍ഗ്രസ്സ് പിന്നീട് പിന്മാറുകയായിരുന്നു. ഇത് കേന്ദ്ര നേതൃത്വം പറഞ്ഞിട്ടായിരുന്നോ എന്നും പിണറായി ചോദിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി ബി ജെ പിയെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നും എല്ലായിപ്പോഴും തനിക്കെതിരെ വിമര്‍ശനമുന്നയിക്കുകയാണെന്നും ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന യു ഡി എഫ് മഹാറാലിയില്‍ പ്രസംഗിക്കവേ രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. തനിക്കെതിരായ വിമര്‍ശനത്തിന്റെ പകുതിയെങ്കിലും വിമര്‍ശനം ബി ജെ പിക്കെതിരെ പിണറായി നടത്തണം. തന്നെ ബി ജെ പി വേട്ടയാടുകയാണ്. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. ഇതര സംസ്ഥാനങ്ങളില്‍ പലവിധ വേട്ടയാടലുകളെയാണ് കോണ്‍ഗ്രസ്സ് നേരിടുന്നത്. എന്നാല്‍, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

 

Latest