Editors Pick
ഇറാനെതിരായ ആക്രമണം ട്രംപ് നിർത്തിവെച്ചത് എന്തുകൊണ്ട്? കാരണങ്ങൾ ഇതാണ്...
ട്രംപിന്റെ പിൻമാറ്റത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അമേരിക്കയുടെ പട്രിയോട്ട് മിസൈൽ ഇന്റർസെപ്റ്ററുകളുടെ കടുത്ത ക്ഷാമമാണെന്ന് വിലയിരുത്തപ്പെടുന്നു
വാഷിംഗ്ടൺ | രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത വിധം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ ഭീമൻ സൈനിക ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ഒടുവിൽ പിൻമാറിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump). മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ (Middle East Conflict) സമഗ്രമായ സമാധാന കരാറിന് (Peace Deal) ചട്ടക്കൂട് രൂപപ്പെട്ടതിനാലാണ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ അപ്രതീക്ഷിതമായ ഈ പിന്മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും ട്രംപ് സൂചിപ്പിക്കുന്ന പുതിയ കരാറിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചും അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ച സജീവമാണ്.
അമേരിക്കയുടെ ഭാഗത്തുനിന്ന് പുതിയ ആക്രമണമുണ്ടായാൽ മേഖലയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന ഇറാന്റെ ശക്തമായ മുന്നറിയിപ്പും യുഎസ് ആയുധ ശേഖരത്തിലുണ്ടായ കുറവുമാണ് ട്രംപിനെ പിന്നോട്ട് വലിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
യുഎസ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ
മറ്റ് മേഖലകളിലെ യുഎസ് സഖ്യരാജ്യങ്ങളുടെ കടുത്ത സമ്മർദ്ദമാണ് അമേരിക്കൻ തീരുമാനത്തെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തൽ. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോണിൽ സംസാരിക്കുകയും ഇറാനെതിരെയുള്ള വ്യോമാക്രമണം മേഖലയിലാകെ വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇറാനിലെ എണ്ണ, ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ തങ്ങളുടെ എണ്ണപ്പാടങ്ങൾക്ക് നേരെയും പ്രത്യാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗൾഫ് രാജ്യങ്ങൾ ഭയപ്പെടുന്നു.
മറ്റൊരു പ്രധാന കാരണം അമേരിക്കയുടെ പട്രിയോട്ട് മിസൈൽ ഇന്റർസെപ്റ്ററുകളുടെ (Patriot Interceptors) കടുത്ത ക്ഷാമമാണ്. യുഎസ് തന്ത്രപ്രധാന പഠന കേന്ദ്രമായ സി എസ് ഐ എസിന്റെ കണക്കനുസരിച്ച് യുഎസിന്റെ പട്രിയോട്ട് പ്രതിരോധ മിസൈൽ ശേഖരം 2,300 ൽ നിന്ന് 827 ആയി കുറഞ്ഞിട്ടുണ്ട്. ഇത്രയധികം ആയുധങ്ങൾ പ്രതിരോധത്തിനായി ഉപയോഗിച്ചു തീർത്തത് മറ്റ് ആഗോള സംഘർഷങ്ങൾ നേരിടാനുള്ള യുഎസിന്റെ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്താണ് ട്രംപ് പ്രഖ്യാപിച്ച പുതിയ കരാർ?
മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഇറാനുമായി സമാധാന ചർച്ചക്ക് ധാരണയായതായാണ് ട്രംപ് അവകാശപ്പെടുന്നത്. ഈ കരാറിന്റെ പ്രധാന നിബന്ധനകൾ ഇവയാണ്:
1. ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഉടനടി പൂർണ്ണമായും തുറന്നു നൽകുക.
2. ഇറാന്റെ ആണവ ഭീഷണി പൂർണ്ണമായി അവസാനിപ്പിക്കുക.
3. ഇസ്റാഈലും അമേരിക്കയോടൊപ്പം ഈ കരാറിന് പിന്തുണ നൽകും.
ഖത്തർ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ നടക്കുന്നത്. ജൂണിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തർക്കത്തെ തുടർന്ന് തകർന്നിരുന്നു. പുതിയ ധാരണകൾ പ്രകാരം പോയിന്റ് അടിസ്ഥാനമാക്കി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെങ്കിലും, കപ്പൽ പാത പൂർണ്ണമായും തുറക്കുന്നതിൽ ഇറാൻ ഇതുവരെ തങ്ങളുടെ ഉറച്ച നിലപാടുകളിൽ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
Also Readഇറാനെതിരായ ആക്രമണ നീക്കം ഉപേക്ഷിച്ച് ട്രംപ്; ഹോർമുസ് ജലപാത തുറക്കും ഇറാന്റെ നിലപാടും ഭാവി സാധ്യതകളും
ട്രംപിന്റെ അവകാശവാദങ്ങളോട് ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ശത്രുക്കളിൽ നിന്നുള്ള ഏത് ഭീഷണിയും യാഥാർത്ഥ്യമായി കണ്ട് സൈനിക സജ്ജത വർദ്ധിപ്പിക്കുമെന്ന് ഇറാന്റെ താത്കാലിക പ്രതിരോധ മന്ത്രി മജിദ് ഇബ്ൻ അൽ റസാ വ്യക്തമാക്കി. ഏതൊരു അധിനിവേശത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം യാതൊരു വ്യക്തതയുമില്ലാത്ത കരട് നിർദ്ദേശങ്ങളാണ് ട്രംപ് മുന്നോട്ടുവെക്കുന്നതെന്നും, വ്യക്തമായ കരാർ രൂപപ്പെട്ടില്ലെങ്കിൽ മേഖലയിലെ സംഘർഷം ഏതുസമയത്തും വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights:
US President Donald Trump paused military attacks on Iran claiming progress toward a peace deal. Regional pressure from Gulf partners and depleting US Patriot missile interceptors played a role. The proposed deal aims to reopen the Strait of Hormuz, though Iran has not confirmed the agreement.



