Kerala
'ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നത്.
തിരുവനന്തപുരം | സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണവിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിരിക്കുന്നു. സംഭവിച്ച പിഴവുകള്‍ പരിശോധിച്ച് ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സർക്കാർ സ്വീകരിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നത്. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കേണ്ടതാണ്.
സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 അന്തേവാസികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 8 പേര്‍ മരണപ്പെടുകയും 8 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട് എന്നത് വേദനാജനകമാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു അദേഹം പറഞ്ഞു.
ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണം. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Content Highlights:
Opposition Leader Pinarayi Vijayan criticized the Kerala government over poor coordination in flood relief camps. He urged authorities to fix food distribution failures, expedite search operations, and ensure proper aid, water, and shelter for affected citizens across the state immediately.



