ആരോഗ്യം
എബോള; ജാഗ്രത പാലിക്കാം, പരിഭ്രാന്തി വേണ്ട
എബോള അതീവ ഗുരുതരവും ജീവന് ഭീഷണിയാകാൻ സാധ്യതയുള്ളതുമായ രോഗമാണെങ്കിലും ഇന്ത്യയിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗം (Ebola Virus Disease) വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ (Public Health Emergency of International Concern – PHEIC) പ്രഖ്യാപിച്ചിരിക്കുകയാണ്. എബോള അതീവ ഗുരുതരവും ജീവന് ഭീഷണിയാകാൻ സാധ്യതയുള്ളതുമായ രോഗമാണെങ്കിലും ഇന്ത്യയിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും കൃത്യമായ മുൻകരുതലുകളും ജാഗ്രതയും അനിവാര്യമാണ്.
എന്താണ് എബോള രോഗം?
എബോള വൈറസ് മൂലമുണ്ടാകുന്ന ഗുരുതരമായ ഒരു പകർച്ചവ്യാധിയാണ് എബോള വൈറസ് ബാധ (Ebola Virus Disease). 1976ൽ ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുള്ള (പഴയ സൈർ) എബോള നദിക്ക് സമീപമാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ഇതിനാലാണ് വൈറസിന് “എബോള’ എന്ന പേര് ലഭിച്ചത്. പഴം തിന്നുന്ന വവ്വാലുകളെയാണ് (Fruit bats) ഈ വൈറസിന്റെ സ്വാഭാവിക വാഹകരായി കണക്കാക്കുന്നത്. വൈറസ് ബാധിച്ച വന്യമൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് ഈ രോഗം ആദ്യമായി പകരുന്നത്.
രോഗം പകരുന്നത് എങ്ങനെ?
രോഗബാധിതനായ ഒരു വ്യക്തിയുടെ ശരീരസ്രവങ്ങളുമായി (Bodily fluids) നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
പ്രധാനമായും താഴെ പറയുന്നവയിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്:
രക്തം, ഛർദി, മലം എന്നിവയിലൂടെ പുറത്തുവരുന്ന ദ്രവങ്ങൾ. ഉമിനീർ, മൂത്രം, മറ്റ് ശരീരസ്രവങ്ങൾ.
രോഗബാധിതർ ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരികൾ, സൂചികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായുള്ള സമ്പർക്കം. വായിലെയോ മൂക്കിലെയോ മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിക്കാം.
കൊവിഡ് പോലെ വായുവിലൂടെ പകരുമോ?
ഇല്ല! കൊവിഡ്-19 പോലെ എബോള വായുവിലൂടെയുള്ള പകർച്ച (Aerosol transmission) വഴി എളുപ്പത്തിൽ പകരുന്ന രോഗമല്ല. രോഗലക്ഷണങ്ങളുള്ള വ്യക്തികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ ഈ രോഗം പകരുകയുള്ളൂ. അതിനാൽ കൊവിഡ് കാലത്തുണ്ടായതുപോലെ അതിവേഗത്തിലുള്ള സമൂഹവ്യാപനത്തിന് (Community transmission) സാധ്യത വളരെ കുറവാണ്.
പ്രധാന ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ എടുക്കുന്ന സമയം (Incubation period) രണ്ട് മുതൽ 21 ദിവസങ്ങൾ വരെയാണ്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെ രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരില്ല.
ആദ്യഘട്ട ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കടുത്ത ക്ഷീണവും തലവേദനയും, പേശിവേദന, തൊണ്ടവേദന.
രണ്ടാംഘട്ട ലക്ഷണങ്ങൾ
ഛർദിയും ശക്തമായ വയറിളക്കവും, വയറുവേദന, ത്വക്കിലുണ്ടാകുന്ന പാടുകൾ (Rash), ആന്തരികവും ബാഹ്യവുമായ രക്തസ്രാവം (Bleeding).
ഗുരുതരാവസ്ഥയിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ
രക്തസമ്മർദം (Blood pressure) അപകടകരമാംവിധം താഴുക, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനം തകരാറിലാകുക, വിവിധ അവയവങ്ങളുടെ പ്രവർത്തനം ഒരേസമയം തകരാറിലാകുന്നത് (Multi-organ failure).
ചികിത്സയും പ്രതിരോധവും
നിലവിൽ പടരുന്ന എബോളക്ക് കാരണമായിരിക്കുന്നത് ബുണ്ടിബുഗ്യോ വൈറസ് (Bundibugyo virus) എന്ന വകഭേദമാണ്. ഇതിനെതിരെ നിലവിൽ പ്രത്യേക വാക്സിനുകളോ പൂർണ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളോ ലഭ്യമല്ല. മുന്പ് വ്യാപിച്ച സൈർ എബോള വൈറസ് (Zaire Ebola virus) വകഭേദത്തിനെതിരെ ഉപയോഗിച്ചിരുന്ന ഇൻമാസെബ് (Inmazeb), എബാംഗ (Ebanga) തുടങ്ങിയ മോണോക്ലോണൽ ആന്റിബോഡി ചികിത്സകൾ (Monoclonal antibody treatments) ബുണ്ടിബുഗ്യോ വകഭേദത്തിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗിയെ രക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് സമയോചിതമായ ഐ സി യു പരിചരണവും മികച്ച പിന്തുണാ ചികിത്സയുമാണ്.
പ്രധാന ചികിത്സാരീതികൾ
സിരകളിലൂടെ നൽകുന്ന ദ്രാവകങ്ങൾ (Intravenous fluids / IV Fluids) വഴി ശരീരത്തിലെ ജലാംശം നിലനിർത്തുക, ലവണങ്ങളുടെ സന്തുലിതാവസ്ഥ (Electrolyte balance) നിലനിർത്തുക, രക്തസമ്മർദവും ഓക്സിജന്റെ അളവും നിയന്ത്രിക്കുക, മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ പിന്തുണ നൽകുക, രോഗം എത്രയും വേഗം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കും.
ഇന്ത്യയിലെ മുൻകരുതലുകൾ
നിലവിൽ ഇന്ത്യയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴുവാക്കാൻ കേന്ദ്ര സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കുന്നതിനും പനിയുള്ളവരെ പരിശോധിക്കുന്നതിനുമുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പരിഭ്രാന്തി വേണ്ട, ജാഗ്രത മതി
എബോള അതീവ ഗുരുതരമായ രോഗമാണെങ്കിലും സാധാരണ ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം നമ്മുടെ നാട്ടിലില്ല. വ്യാജവാർത്തകൾ വിശ്വസിക്കാതിരിക്കുകയും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കുകയുമാണ് വേണ്ടത്. ജാഗ്രതയോടെയുള്ള പ്രതിരോധമാണ് ഏറ്റവും വലിയ ആയുധം.
Content Highlights:
The World Health Organization has declared the recent resurgence of the Ebola virus in African nations as a Public Health Emergency of International Concern. Although the virus causes severe and life-threatening illness, health experts assure that there is currently no need for panic in India. The current outbreak is driven by the Bundibugyo virus strain, which lacks a specific vaccine, making timely intensive care and supportive treatment crucial for survival. The Indian Government has issued strict advisories, including screening at international airports and restricting non-essential travel to affected African regions.







