Kerala
മയക്കുമരുന്ന് മാഫിയാ ബന്ധം; മലപ്പുറത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, വിപുലമായ അന്വേഷണമെന്ന് എസ് പി
ജില്ലയിലെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്തര്‍സംസ്ഥാന മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ വിപുലമായ അന്വേഷണം നടത്തും
മലപ്പുറം | മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ . ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും, വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു
ജില്ലയിലെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്തര്‍സംസ്ഥാന മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ വിപുലമായ അന്വേഷണം നടത്തും. നിലവില്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രാഥമിക നടപടി സ്വീകരിച്ചിട്ടുള്ളത്. സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി നേരിട്ടുള്ള സാമ്പത്തിക-ഫോണ്‍ ബന്ധങ്ങളുണ്ടെന്നും എസ് പി സ്ഥിരീകരിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള മേഖലയില്‍ നിന്ന് വന്‍തോതില്‍ മാരക ലഹരിമരുന്നായ എംഡിഎംഎപിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതിയുമായി സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായി
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള ഒരു വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 40.59 ഗ്രാം എംഡിഎംഎയുമായി 2026 ജനുവരി 22-നാണ് പ്രധാന പ്രതിയെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഈ കേസ് അട്ടിമറിക്കാനും പ്രതികളെ സഹായിക്കാനുമായി ഉദ്യോഗസ്ഥര്‍ തങ്ങളുടെ പദവി ദുരുപയോഗം ചെയ്തതായും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. ഈ കണ്ടെത്തലുകളെത്തുടര്‍ന്ന്, അന്ന് കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷറഫുദ്ദീന്‍, ഗോവിന്ദ് രാജ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.ഇവര്‍ക്ക് പുറമെ, നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ധനേഷിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.







